Wednesday 17 April 2019 11:27 AM IST : By സ്വന്തം ലേഖകൻ

ഹസൻ, നിങ്ങളാണ് എന്റെ ഹീറോ; മനസു നിറഞ്ഞ് നിവിൻ പോളി; അതിരുകളില്ലാതെ ആശംസാ പ്രവാഹം

hassan-nivin

ഇക്കഴിഞ്ഞു പോയ രാവും പകലും കേരളക്കര നെഞ്ചിലേറ്റിയത് ഒരേ ഒരു പേര്, ഹസൻ! കുഞ്ഞു ജീവനും വാരിപ്പിടിച്ചുള്ള ഹസന്റെ ആംബുലൻസ് ഡ്രൈവ് കേരളക്കര ഹൃദയത്തിലേറ്റു വാങ്ങുകയായിരുന്നു. നാടും വീടും ഹസനെന്ന ആംബുലൻസ് ഡ്രൈവറുടെ നിസ്വാർത്ഥ പ്രവർത്തിയെ വാനോളം പുകഴ്‍ത്തുമ്പോൾ സിനിമാ മേഖലയിൽ നിന്നു കൂടി അഭിനന്ദനം എത്തുകയാണ്.

''ഹസൻ നീയാണ് എന്റെ ഹീറോ. നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എന്നും ഓർമ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്ല്യൂട്ട്''- വാക്കുകൾ കൊണ്ട് ഹസനെ വാനോളം പുകഴ്‍ത്തിയത് നിവിൻ പോളിയാണ്.

അഞ്ചരമണിക്കൂർകൊണ്ട് 400 കിലോമീറ്റർ ശരവേഗത്തിൽ താണ്ടിയാണ് ആംബുലന്‍സ് കൃത്യം നാലരയ്ക്ക് അമൃത ആശുപത്രിയിലെത്തിച്ചത്. ഒരുനാട് മുഴുവൻ സേവനസന്നദ്ധരായപ്പോൾ വഴിയോർത്തില്ലെന്ന് ആംബുലൻസ് ഡ്രൈവർ ഉദുമ സ്വദേശി ഹസൻ പറഞ്ഞു.

കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് മിഷന്‍  ഒരുക്കിയത്. 15 മണിക്കൂര്‍ വേണ്ട മംഗളൂരു –തിരുവനന്തപുരം യാത്ര പരമാവധി വേഗമാക്കി കുട്ടിയെ   ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നവമാധ്യമങ്ങളിൽ അടക്കം ജനങ്ങളുടെ സഹകരണം തേടി. പതിനൊന്ന് മണിയോടെ മംഗളൂരുവില്‍നിന്ന് പുറപ്പെട്ടു.

പന്ത്രണ്ട് നാല‍്‍പതോടെ കണ്ണൂര്‍,  1.58 ന് കോഴിക്കോട്. തിരുവനന്തപുരത്തേക്ക് അപ്പോഴേക്കും മണിക്കൂറുകളുടെ യാത്ര ബാക്കി. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ഥിച്ച് ഫെയ്സ് ബുക് പോസ്റ്റിട്ടു. രണ്ടുമണിയോടെ ആരോഗ്യമന്ത്രി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടതോടെ പിഞ്ചുകുഞ്ഞിന്റെ യാത്രയുടെ വഴിമാറി. അമൃത ലക്ഷ്യമാക്കി ആംബുലൻസ് പറന്നു.