Thursday 24 September 2020 01:41 PM IST

സ്‌റ്റേജ് ഷോ ആയിരുന്നു മെയിൻ, ലോക്ക് ഡൗൺ കാലത്ത് വരുമാനം നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്ത് ചിരി നിറച്ച് നോബിയും കൂട്ടരും

V.G. Nakul

Sub- Editor

noby-new-1

മലയാളത്തിൽ ഇപ്പോൾ വെബ് സീരിസുകളുടെ ചാകരക്കാലമാണ്. ചെറുതും വലുതുമായ, പല സ്വഭാവത്തിലുള്ള നൂറുകണക്കിന് യൂ ട്യൂബ് ചാനലുകളും വെബ് സീരിസുകളുമാണ് ഓരോ ദിവസവും പ്രേക്ഷകരെ തേടിയെത്തുന്നത്. അക്കൂട്ടത്തിൽ നിന്നു പ്രേക്ഷകർ ചിരിയോടെ ഏറ്റെടുത്ത ഒന്ന് ‘ദി പ്രീമിയർ പത്മിനി’യും അവരുടെ ‘അപാരതകളു’മാണ്. നാട്ടുമ്പുറവും അവിടുത്തെ സാധാരണ മനുഷ്യരും അവരുടെ രസകരമായ ജീവിതവുമാണ് ‘ദി പ്രീയമിയർ പത്മിനി’യെയും അവരുടെ ‘ലോക്ക് ഡൗൺ, അൺലോക്ക് അപാരത’കളെയും ഏറ്റവുമൊടുവിൽ ‘സുനിയുടെ മോനെ’യും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയത്. നോബി, അസീസ്, കുട്ടി അഖിൽ തുടങ്ങി സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന മികച്ച അഭിനേതാക്കളുടെ സംഘം കൂടിയായപ്പോൾ, പ്രവീൺ പി.ജെ നിർമിച്ച്, അനൂപ് ബാഹുലേയൻ സംവിധാനം ചെയ്യുന്ന ‘ദി പ്രീമിയർ പത്മിനി’ വളരെ വേഗം യൂ ട്യൂബിലെ ഹിറ്റ് ലിസ്റ്റിൽ എത്തി. ഇപ്പോഴിതാ, ‘ദി പ്രീമിയർ പത്മിനി’യുടെ പുതിയ സീരിസ് ‘പാലക്കാടൻ തമ്പി’ റീലിസിനൊരുങ്ങുമ്പോൾ നോബി മാർക്കോസ് തങ്ങളുടെ ‘ചെറിയ വലിയ’ സംരംഭത്തെക്കുറിച്ച് ‘വനിത ഓൺലൈനോ’ട് മനസ്സ് തുറക്കുന്നു.

‘‘ലോക്ക് ഡൗൺ അപാരതയോടെയാണ് ഞങ്ങളുെട സീരിസും ചാനലും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. അതിൽ ചക്കയുടെ ഒരു എപ്പിസോഡ് വളരെ വേഗം ഹിറ്റായി. ലോക്ക് ഡൗൺ കാലം ചക്കയുടെ സീസൺ ആയിരുന്നതിനാൽ ഞങ്ങൾ പോലും പ്രതീക്ഷിക്കാത്തത്ര സ്വീകാര്യതയാണ് അതിനു കിട്ടിയത്. പെട്ടെന്നു തോന്നിയ ആശയം വികസിപ്പിച്ചു ചെയ്ത എപ്പിസോഡാണ് അത്. ഇത്രയും വൈറലാകും എന്നു പ്രതീക്ഷിച്ചില്ല’’.

ഒന്നിൽ പിഴച്ചാൽ മൂന്ന്

ലോക്ക് ഡൗൺ അപാരതയ്ക്ക് മുമ്പ് ഞങ്ങൾ മൂന്നു വിഡിയോ ചെയ്തിരുന്നു. പക്ഷേ, ഹിറ്റായതും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതും ‘ലോക്ക് ഡൗൺ അപാരത’ വന്നതോടെയാണ്.

സംവിധായകൻ അനൂപ് ഞങ്ങളുടെ സുഹൃത്താണ്. അങ്ങനെയാണ് സുഹൃത്തുക്കളുടെ ചെറിയ സംരംഭം എന്ന രീതിയിൽ പ്രീമിയർ പത്മിനി തുടങ്ങിയത്. ലോക്ക് ഡൗൺ ആയപ്പോൾ തിരക്കുകളില്ലാത്തതിന്റെയും ഞങ്ങളെല്ലാം ഒരു നാട്ടുകാരായതിന്റെയും ഗുണം കിട്ടി. അങ്ങനെയാണ് കൂടുതൽ സജീവമാക്കിയത്. വെഞ്ഞാറമൂടാണ് പ്രധാന ലൊക്കേഷൻ.

പ്രതിഫലം പ്രതീക്ഷിക്കാതെയാണ് സ്ഥിരം ആർട്ടിസ്റ്റുകളായ ഞങ്ങളെല്ലാം ഇതിനോടൊപ്പം സഹകരിക്കുന്നത്. ഗസ്റ്റ് ആർട്ടിസ്റ്റുകൾക്കും പ്രൊഡക്ഷൻ സൈഡിൽ ജോലി ചെയ്യുന്നവർക്കുമൊക്കെ കൃത്യമായി പ്രതിഫലം കൊടുന്നുണ്ട്. ക്വാളിറ്റിയിൽ യാതൊരു പോരായ്മയും വരരുതെന്നു നിർബന്ധമുണ്ട്. ഇപ്പോള്‍ ഒരു സിനിമയുടെ സെറ്റപ്പില്‍, കൂടുതൽ പണം മുടക്കിയാണ് ഓരോ എപ്പിസോഡും ചെയ്യുന്നത്. ‘പാലക്കാടൻ തമ്പി’യിൽ ഷാജു ശ്രീധറാണ് പ്രധാന റോളിൽ. ‘സുനിയുടെ മോനെ’ക്കാൾ തമാശയുണ്ടാകും ‘പാലക്കാടൻ തമ്പി’യിൽ.

noby-new-2 ചിത്രം – സുഭാഷ് കുമാരപുരം

തിരക്കഥയില്ല... ഡയലോഗ് കൈയിൽ നിന്ന്

ഇപ്പോൾ സിനിമയിലുൾപ്പടെയുള്ള സുഹൃത്തുക്കളായ പല അഭിനേതാക്കളും വിളിച്ച് പ്രീമിയർ പത്മിനിയില്‍ വേഷം ചോദിക്കുന്നുണ്ട്. അപ്പോഴാണ് സീരിസിന്റെ പ്രശസ്തി ഞങ്ങൾക്ക് മനസ്സിലാകുന്നത്.

സത്യത്തിൽ തിരക്കഥയില്ല. ഒരു രൂപരേഖ മാത്രമാണ് ഉള്ളത്. അതും ‘സുനിയുടെ മോനും’ ‘പാലക്കാടൻ തമ്പി’ക്കും മാത്രം. ബാക്കിയൊക്കെ സംഭാഷണങ്ങൾ ഉൾപ്പടെ ഞങ്ങൾ മനോധർമം പോലെ ചെയ്യുകയാണ്. ഭാവിയിൽ ഒന്നു രണ്ടു ചെറിയ സിനിമകളും മനസ്സിലുണ്ട്. സിനിമയിലെ തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി ‘പ്രീമിയർ പത്മിനി’ തുടരും. ഇപ്പോഴും ചാനൽ പരിപാടിക്കിടെയാണ് ഷൂട്ട് തുടരുന്നത്.

noby-new-3 ചിത്രം – സുഭാഷ് കുമാരപുരം

ലോക്ക് ഡൗൺ പാഠങ്ങൾ

ലോക്ക് ഡൗൺ കാലത്ത് എല്ലാവരെയും പോലെ എനിക്കും സാമ്പത്തികമായ പ്രശ്നങ്ങളുണ്ടായി. ഞാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സ്റ്റേജ് പരിപാടികളെയാണ്. സ്വന്തമായി ട്രൂപ്പുണ്ട്. പ്രധാന വരുമാനവും അതിൽ നിന്നാണ്. ഓണം ചാകരായിരുന്നു. വിദേശ രാജ്യങ്ങളിലൊക്കെ ഈ സീസണിലാണ് കൂടുതൽ പരിപാടികൾ. എല്ലാം ക്യാൻസലായി. എങ്കിലും നേരിടാനാകാത്ത പ്രതിസന്ധികളുണ്ടായില്ല. അഡ്ജസ്റ്റ് ചെയ്ത് പോകും. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ, ലളിതമായി ജീവിക്കുന്ന ആളാണ് ഞാൻ.

മിമിക്രി ആർട്ടിസ്റ്റുകള്‍ ഇപ്പോൾ വലിയ പ്രശ്നത്തിലാണ്. പലരും പട്ടിണിയാണ്. മറ്റ് തൊഴിൽ തേടിയവരും ധാരാളം. പലരും വിളിച്ച് പ്രീമിയർ പത്മിനിയില്‍ സഹകരിപ്പിക്കാമോ എന്നു ചേദിക്കും.പക്ഷേ, ഞങ്ങൾ നിസഹായരാണ്. ഇവിടെ ഒരു കൂട്ടായ്മ പോലെയാണ് കാര്യങ്ങൾ. അവരെ വിളിച്ചു വരുത്തിയാൽ പ്രതിഫലം കൊടുക്കുക ബുദ്ധിമുട്ടാണ്. പലരുടെയും അവസ്ഥ അറിയുമ്പോൾ സങ്കടം തോന്നും.

noby-new-4

എനിക്ക് തൽക്കാലം സൈഡ് ബിസിനസ്സുകൾ ഇല്ല. പക്ഷേ, എന്തെങ്കിലുമൊക്കെ തുടങ്ങാൻ പ്ലാനുണ്ട്. ഇല്ലെങ്കിൽ മുന്നോട്ടു പോകുക പ്രയാസമാണെന്ന് മനസ്സിലായി. ഈ ലോക്ക് ഡൗൺ കാലം ഒരു വലിയ പാഠവും തിരിച്ചറിവുമാണ്. മറ്റെന്തെങ്കിലും ജോലി ഇല്ലാതെ ഇതുകൊണ്ടു മാത്രം ജീവിക്കാനാകില്ല എന്ന് പലരും തിരിച്ചറിഞ്ഞു.