Friday 15 March 2019 06:50 PM IST : By സ്വന്തം ലേഖകൻ

തള്ളി മറിച്ച് സലിം കുമാർ, കേട്ടു രസിച്ച് ദുൽഖറും സൗബിനും! ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ പുതിയ പോസ്റ്ററെത്തി

dq-2

രണ്ടു വർഷത്തെ ഉടവേള അവസാനിപ്പിച്ച്, ദുൽഖർ സൽമാൻ മലയാളത്തിലേക്കു മടങ്ങി വരുന്ന ചിത്രമാണ് നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രം കളർഫുൾ ഫാമിലി–കോമഡി എന്റർടെയ്നറാണ്. ഒരു പെയിന്റിങ് തൊഴിലാളിയുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്നു റിലീസായി. ഒരു ചായക്കടയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റർ. ദുൽഖറിനൊപ്പം സൗബിൻ ഷാഹിർ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരും പോസ്റ്ററിലുണ്ട്. കളർഫുൾ ഡിസൈനിലാണ് പോസ്റ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആഴ്ചകൾക്കു മുമ്പു റിലീസായ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ വൈറലായിരുന്നു. ലല്ലു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്.

മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത് തെലുങ്ക്, ഹിന്ദി, തമിഴ് ചിത്രങ്ങളിൽ സജീവമാണിപ്പോൾ ദുൽഖർ. തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയും ഹിന്ദിയിൽ സോയ ഫാക്ടറുമാണ് ദുൽഖറിന്റെ പുതിയ പ്രൊജക്ടുകൾ. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രവും ദുൽഖറിന്റെതായുണ്ട്.

‘ഒരു യമണ്ടൻ പ്രേമകഥ’ ഏപ്രിലിൽ തിയേറ്ററിലെത്തും.