തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടി. ജീവിതയാഥാർഥ്യങ്ങളേയും സാമൂഹ്യ വ്യവസ്ഥിതികളേയും നർമത്തിൽ ചാലിച്ച് മിനിസ്ക്രീനിലൂടെ കയ്യടി നേടിയ മറിമായം ടീമിന്റെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ വിജയഫോർമുല. കുടുങ്ങാശ്ശേരി പഞ്ചായത്തിന്റേയും അവിടുത്തെ മനുഷ്യരേയും ചുറ്റിപ്പറ്റി നടക്കുന്ന കഥ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
പ്രേക്ഷകർക്ക് സുപരിചതരായ താരങ്ങൾ, ഹൃദ്യവും ലളിതമായ ആഖ്യാനം, പരിചിതമായ പ്രമേയം! തുടങ്ങി പ്രേക്ഷകരെ തീയറ്ററിലെത്തിക്കാനുള്ള നിരവധി ഘടകങ്ങൾ ചിത്രത്തിലുണ്ട്.
മറിമായം ടീമിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്നാണ് സിനിമയുടെ രചനയും സംവിധാനവും. കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന കുടുങ്ങാശ്ശേരി പഞ്ചായത്തിലാണ് കഥ നടക്കുന്നത്. പഞ്ചായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഭരണപക്ഷവും അതു അട്ടിമറിക്കാൻ നടക്കുന്ന പ്രതിപക്ഷവും. ഇവർ തമ്മിലുള്ള ചെറുതും വലുതുമായ സംഘർഷങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹത്തിൻ്റെ നേർചിത്രങ്ങളാണ്. റിയലിസ്റ്റിക്കും ഒപ്പം നർമ്മത്തിൻ്റെ അകമ്പടിയോടെയും കഥാതമന്തുവിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രത്തിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി ,സ് ഹോ ശ്രീകുമാർ , ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഗോവിന്ദ് ഫിലിംസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ക്രിഷ് കൈമളാണ് ക്യാമറ. ശ്യാം ശശിധരനാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജിന്റെ സംഗീതം സിനിമയ്ക്കു ജീവനേകുന്നു.