Thursday 08 February 2024 11:09 AM IST : By സ്വന്തം ലേഖകൻ

‘പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ അംബാസഡറാക്കില്ല’; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം

poonam-pande456

നടി പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം. 

ഈ മാസാദ്യമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയ പൂനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ഉയര്‍ന്നത്. പൂനവും ടീമും നടത്തിയത് ക്രിറ്റിക്കല്‍ ബോധവല്‍ക്കരണമായിപ്പോയെന്നും കമന്റുകള്‍ നിറഞ്ഞു. ഫെബ്രുവരി 3നാണ് പൂനം  ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താന്‍ മരിച്ചിട്ടില്ലെന്നും എന്നാല്‍ രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ പലരുടെയും ജീവനെടുക്കുന്നതായും പറയുന്നത്. അതോടെയാണ് പൂനത്തിന്റെയും ടീമിന്റെയും ഉദ്ദേശ്യമെന്തായിരുന്നെന്ന് വ്യക്തമായത്.

ഇത്തവണത്തെ കേന്ദ്രബജറ്റിലും ഒമ്പത് മുതല്‍ പതിനാലു വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്സിനേഷന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൂനത്തിന്റെ മരണവാര്‍ത്തയെ സോഷ്യല്‍മീഡിയ വ്യാഖ്യാനിച്ചിരുന്നു. ഈയടുത്ത കാലത്തായി വന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ വര്‍ഷവും 80,000 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നും 35,000ത്തോളം മരണനിരക്കുണ്ടെന്നും വ്യക്തമാകുന്നു. 

Tags:
  • Movies