Monday 18 March 2019 02:18 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്’! മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വച്ച് പൃഥ്വി

prithviraj-new

ലൂസിഫറിന്റെ വരവിന് ഇനി ദിവസങ്ങൾ മാത്രം. പ്രേക്ഷകരും ആവേശത്തിന്റെ തുഞ്ചത്താണ്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ഓരോ വാർത്തകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തില്‍ ഏറ്റവും പുതിയതാണ് സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ സ്റ്റിൽ.

ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങുന്ന ദിവസം, ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന തന്റെ ചിത്രം ‘ഷൂട്ടിങിന്റെ ആദ്യ ദിവസം, ലൂസിഫറില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്’ എന്ന കുറിപ്പോടെയാണ് പൃഥ്വി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പൃഥ്വിയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ഈ മാസം 21, 22 തിയതികളിലായി ദുബായിൽ വച്ചാണ് സിനിമയുടെ ട്രെയിലർ ലോഞ്ച്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാരിയരാണ് നായിക.

ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ തോമസ്, ഫാസില്‍, മംമ്ത മോഹൻദാസ്, ജോണ്‍ വിജയ് എന്നിവരും താരനിരയിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.