Tuesday 12 March 2019 11:53 AM IST : By സ്വന്തം ലേഖകൻ

വിജയ്‌ സേതുപതി ചിത്രത്തില്‍ ‘മല്ലു അൺകട്ട്’ പോണ്‍ താരമായി രമ്യാ കൃഷ്ണന്‍!

vijay-sethu-ramya

മക്കൾ സെൽവൻ വിജയ് സേതുപതി ട്രാൻസ് വുമണായെത്തുന്ന ‘സൂപ്പർ ഡീലക്സി’ൽ നടി രമ്യാ കൃഷ്‌ണൻ പോൺ താരമായി വേഷമിടുന്നതായി റിപ്പോർട്ടുകൾ. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം എന്നാണ് രമ്യാ കൃഷ്ണൻ ഈ കഥാപാത്രത്തെ വിശേഷിപ്പിച്ചത്. ലീല എന്നാണ് രമ്യാ കൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രമ്യാ കൃഷ്ണൻ പറഞ്ഞതിങ്ങനെ; 

“നടീനടന്മാരെക്കാൾ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. എന്റെ കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രവും. ഈ സിനിമയ്ക്ക് വേണ്ടി ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകളും കഠിനാധ്വാനവും ഒന്നും എനിക്ക് പ്രശ്നമില്ല. ചില സിനിമകൾ ഞാൻ പണത്തിനു വേണ്ടി ചെയ്യുന്നതാണ്. ചിലത് പേരിനും പ്രശസ്തിയ്ക്കും വേണ്ടി. ചിലത് പാഷനു വേണ്ടി. ഇത് പാഷനു വേണ്ടി ചെയ്തൊരു ചിത്രമാണ്.”

ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുത്തു എന്ന് സംവിധായകൻ ത്യാഗരാജൻ കുമാരരാജ ഒരു​ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് അകത്ത് വരുന്ന ‘മല്ലു അൺകട്ട്’ എന്ന സിനിമയിലെ പോൺ താരമായാണ് രമ്യാ കൃഷ്ണൻ എത്തുന്നത്. 

“ആദ്യം ഈ കഥാപാത്രത്തിനു വേണ്ടി നാദിയയെ ആയിരുന്നു ഞങ്ങൾ സമീപിച്ചിരുന്നത്. പിന്നീട് അന്വേഷണം രമ്യയിലേയ്ക്കെത്തുകയായിരുന്നു. രമ്യ വളരെ കൂളാണ്. തന്റെ കംഫർട്ട് സോണിൽ നിന്നും പുറത്തുവന്ന് ഒരു കഥാപാത്രമാവുകയായിരുന്നു അവർ.”- ത്യാഗരാജൻ കുമാരരാജ പറയുന്നു. 

വളരെ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ സാമന്ത അക്കിനേനിയും സംവിധായകന്‍ മിഷ്‌കിനും പ്രധാന വേഷങ്ങളിലെത്തുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മാര്‍ച്ച് 29 നാണ് ചിത്രം തിയറ്ററുകളിലെത്തുക.