Tuesday 15 January 2019 10:02 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ രൺബീറും പെട്ടു! താരത്തിന്റെ സ്ത്രീവിരുദ്ധത ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയ

ranbeer-new

സ്ത്രീ വിരുദ്ധപരാമർശത്തിൽ കുടുങ്ങി രൺബീർ കപൂറും. ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും ബോളിവുഡ് താരം രൺവീർ സിങ്ങിനും പിന്നാലെയാണ് ‘പണ്ടു പറഞ്ഞതിന്റെ’ പേരിൽ രൺബീറും പുലിവാല് പിടിച്ചിരിക്കുന്നത്.

‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിൽ പത്ത് വർഷങ്ങൾക്കു മുമ്പു പറഞ്ഞതാണ് രൺവീർ സിങ്ങിന് കുടുക്കായതെങ്കിൽ, ഒമ്പത് വർഷങ്ങൾക്കു മുമ്പ് പറഞ്ഞതാണ് രൺബീറിനെതിരെ സോഷ്യൽ മീഡിയ ആയുധമാക്കുന്നത്.

രൺബീർ കപൂറും കത്രീന കെയ്ഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘രാജനീതി’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വസ്ത്രത്തില്‍ മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കത്രീനയോട് താൻ സഹായിക്കണോ എന്ന് ചോദിക്കുന്നത് വിഡിയോയിൽ കാണാം.

രണ്‍ബീറിന്റെ ചോദ്യം കേട്ട കത്രീന ദേഷ്യത്തോടെ താങ്കൾ ഇങ്ങനെ ചെയ്യരുതെന്നു പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്‍ബീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയില്‍ വിവാദം കൊഴുക്കുകയാണ്.