Wednesday 13 March 2019 04:16 PM IST

മറിമായത്തിലെ മന്മഥന്റെ യഥാർത്ഥ പേരെന്ത്? സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘പഴയ’ ട്രൂപ്പ് ഉടമയുടെ ആരും അറിയാത്ത കഥ

V.G. Nakul

Sub- Editor

r1

റിയാസ് നർമ്മകലയെ അറിയുമോ ? ചിന്തിച്ച് തല പുണ്ണാക്കും മുമ്പ് ഒരു ക്ലൂ തരാം , ‘മറിമായ’ ത്തിലെ മൻ... പറഞ്ഞു പൂർത്തിയാക്കും മുൻപേ, പലരും ഒരേ ആവേശത്തോടെ ഉത്തരം തരും, ‘‘നമ്മടെ മൻമഥൻ...അറിയാമോന്നോ...ആള് പുലിയാണ് കേട്ടാ...’’ അതേ, മലയാളിക്കിപ്പോൾ റിയാസെന്നാൽ ‘മറിമായ’ത്തിലെ മൻമഥനാണ്.

വയറു നിറയേ ചിരിപ്പിക്കുന്ന, സ്വാഭാവികമായ അഭിനയ ശൈലിയുടെ മിഴിവുമായി പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ തനി ‘തിര്വോന്തരംകാരൻ’. പക്ഷേ, മലയാള സിനിമയുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ഉൾപ്പടെ പലർക്കും റിയാസ് ‘ബിഗ് ബി’യാണ്. ഗുരുവെന്നോ, ജ്യേഷ്ഠസഹോദരനെന്നോ വിളിക്കാവുന്ന ഒരാൾ. റിയാസിന്റെ ‘നർമ്മകല’യിലൂടെ ഹാസ്യത്തിന്റെ മർമ്മകല പഠിച്ചെടുത്തവരാണ് തിരുവന്തപുരത്തെ പല മിമിക്രിക്കാരും. സജീവമായ കലാജീവിതത്തിന്റെ 25 – ാം വർഷം പൂർത്തിയാക്കുമ്പോഴും റിയാസ് എന്ന പേരും കലാകാരനും അംഗീകരിക്കപ്പെടാന്‍ ‘മറിമായ’ത്തിലെ മൻമഥൻ വേണ്ടി വന്നു. പക്ഷേ, അതിലോന്നും റിയാസിന് പരിഭവമില്ല. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ, നിറഞ്ഞ തൃപ്തിയോടെ റിയാസ് പറയുന്നു, ‘‘ഞാൻ ഹാപ്പിയാണ്’’.

r2

വഴി കാട്ടിയ വീട്

തിരുവനന്തപുരത്ത് നെടുമങ്ങാടാണ് എന്റെ നാട്. വാപ്പച്ചി ബദറുദ്ദീനും മമ്മി ഷെറീൻ ബീഗവും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങൾ മൂന്നു മക്കളാണ്. എനിക്ക് മൂത്തത് ഒരു ചേച്ചിയും ചേട്ടനും. മക്കളെ സർക്കാർ ജോലിക്കാരാക്കണമെന്ന നിർബന്ധമൊന്നും വാപ്പച്ചിക്കും മമ്മിക്കും ഉണ്ടായിരുന്നില്ല. കലാരംഗത്ത് എന്നെ ഏറ്റവുമധികം പ്രേത്സാഹിപ്പിച്ചതും അവരായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ മിമിക്രിയിലും മോണോ ആക്ടിലുമൊക്കെ സജീവമായി. മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെ, ഡിഗ്രി കഴിഞ്ഞപ്പോൾ സ്വന്തമായി ‘നർമ്മകല’ എന്ന ട്രൂപ്പ് തുടങ്ങി.

r5

സുരാജ് അന്നേ താരം

‘നർമ്മകല’യുടെ ഓഫീസും ക്യാമ്പുമെല്ലാം നെട്ടച്ചിറയിലെ എന്റെ വീട്ടിലായിരുന്നു. 20 പേരുണ്ടായിരുന്നു ട്രൂപ്പിൽ. അവർക്കുള്ള ഭക്ഷണമൊക്കെ വീട്ടിൽ തന്നെ തയാറാക്കുമായിരുന്നു. അതിലൊക്കെ വാപ്പച്ചിക്കും മമ്മിക്കും വലിയ സന്തോഷമായിരുന്നു. ട്രൂപ്പിൽ സ്ഥിരം ആർട്ടിസ്റ്റുകളായിരുന്നു എല്ലാം. സുരാജ് വെഞ്ഞാറമൂടും കിഷോറുമൊക്കെ എന്റെ ട്രൂപ്പിലായിരുന്നു. ‘സരിഗ’യിൽ നിന്നാണ് സുരാജ് ‘നർമ്മ’കലയിൽ വന്നത്. ടെലിവിഷനിലും സിനിമയിലുമൊന്നും സജീവമായിട്ടില്ലെങ്കിലും സ്റ്റേജ് ആർട്ടിസ്റ്റ് എന്ന നിലയിൽ അന്നേ സുരാജിന് വലിയ ആരാധക പിന്തുണയുണ്ടായിരിരുന്നു. സുരാജ് ഉണ്ടോ എന്നു ചോദിച്ചായിരുന്നു പലരും പരിപാടി ബുക്ക് ചെയ്തിരുന്നത്.

മടുത്തപ്പോൾ നിർത്തി

95 ലാണ് ട്രൂപ്പ് തുടങ്ങിയത്. 15 വർഷം നടത്തി. ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. ഒരേ മനസ്സോടെയാണ് ട്രൂപ്പിന്റെ കാര്യങ്ങളിൽ ഇടപെട്ടിരുന്നത്. ഞാനും ഒരു ആർട്ടിസ്റ്റിനെപ്പോലെ തന്നെയായിരുന്നു. ഒരിക്കലും അതൊരു ബിസിനസ്സായി കണ്ടിരുന്നില്ല. സീസണിൽ 100 മുതൽ 150 പരിപാടികൾ വരെ ചെയ്തിരുന്നു. പലരും പല വഴി പിരിഞ്ഞപ്പോൾ പഴയ സംഘബലം നഷ്ടപ്പെട്ടു. പുതുതായി വന്നവരിൽ ആ ടീം സ്പിരിറ്റ് ഉണ്ടായിരുന്നില്ല. പലരും ടെലിവിഷനിൽ അവസരം കിട്ടിയാൽ ട്രൂപ്പിന്റെ പരിപാടികള്‍ക്ക് വരാതായി. അതോടെ എനിക്കു മടുത്തു. ട്രൂപ്പ് മറ്റൊരു സംഘത്തിനു കൊടുത്തു. ആ സമയത്ത് ഞാൻ ടെലിവിഷൻ രംഗത്ത് സജീവമായിത്തുടങ്ങിയിരുന്നു. ഇപ്പോൾ ബോബിച്ചേട്ടനും ഞാനും ചേർന്ന് പരിപാടികൾ ചെയ്യുന്നുണ്ട്.

r4

ജീവിതം മാറ്റിമറിച്ച മറിമായം

ദൂരദർശനിൽ ‘ടേക്ക് ഫോർ ഓക്കെ’ എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് ‘ജഗപോഗ’യിലെ മധുസാറിന്റെ ഡ്യൂപ്പായാണ്. പിന്നീട് പ്രോഗ്രാം പ്രൊഡ്യൂസറായി. ‘ദേ മാവേലി കൊമ്പത്തി’ലെ പാട്ടുകളൊക്കെ അക്കാലത്ത് ചാനലിനു വേണ്ടി വിഡിയോ ചെയ്തു. ഇതു വരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചു. പക്ഷേ ബ്രേക്കായത് ‘മറിമായ’മാണ്. ‘തട്ടീം മുട്ടീം’ വഴിയാണ് ‘മറിമായ’ത്തിൽ അവസരം കിട്ടിയത്. അന്ന് രണ്ടിന്റെയും സംവിധായകൻ ഒരാളായിരുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള പ്രോഗ്രാമായിരുന്നു ‘മറിമായം’. എന്നെങ്കിലും അതിലൊരു അവസരം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. ഇപ്പോൾ 7 വർഷമായി ‘മറിമായ’ത്തിന്റെ ഭാഗമാണ്. മണികണ്ഠൻ പട്ടാമ്പിയും ഞാനും ചേർന്നാണ് ‘അളിയൻ വേഴ്സസ് അളിയ’ന്റെ ആശയമുണ്ടാക്കിയത്. അതിലെ അഭിനയത്തിനാണ് 2017 ലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് എനിക്കു കിട്ടിയത്.

സുരാജ് എന്ന കൂടെപ്പിറപ്പ്

സുരാജ് എനിക്ക് കൂടെപ്പിറപ്പിനെപ്പോലെയാണ്. ഇപ്പോഴും നല്ല ബന്ധമാണ്. കഴിഞ്ഞ ഓണത്തിന് സുരാജിന്റെ വീട്ടിൽ നിന്നാണ് ഞങ്ങൾ ഊണ് കഴിച്ചത്. അന്ന്, ‘‘അടുത്ത ഓണത്തിന് ഞാൻ ഉണ്ടാകുമോയെന്ന് അറിയില്ല’’ എന്ന് സുരാജിന്റെ അച്ഛൻ പറഞ്ഞിരുന്നു. ‘അതൊന്നും നമ്മുടെ കൈയിലല്ലല്ലോ’യെന്ന് ഞാനും പറഞ്ഞു. അതിനു ശേഷം മൂന്നു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം പോയി. ഇപ്പോഴും സുരാജ് അത് പറയും.

r3

സിനിമയെ മോഹിച്ച്

പത്തോളം സിനിമകൾ ചെയ്തു. ‘ഉമ്മ’ എന്ന സമാന്തര സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അതിനു മുമ്പ് ‘തിരക്കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചെങ്കിലും എഡിറ്റിങ് ടേബിളിൽ ഞാൻ ഔട്ടായി. ‘മാർച്ച് രണ്ടാം വ്യാഴ’മാണ് പുതിയ ചിത്രം. സിനിമയിൽ നല്ല അവസരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

അതു കാണാൻ മമ്മി നിന്നില്ല

നേരത്തേ പറഞ്ഞില്ലേ, വാപ്പച്ചിയും മമ്മിയും നല്ല സപ്പോർട്ടായിരുന്നു. മമ്മിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങുകൾക്കൊക്കെ ഞാൻ പോയി പരിപാടി അവതരിപ്പിക്കും. അത് മമ്മിക്കു വലിയ സന്തോഷമായിരുന്നു. ഇന്ന ആളുടെ മകനാണെന്നൊക്കെ മറ്റുള്ളവർ പറയുമ്പോൾ വലിയ അഭിമാനമായിരുന്നു മമ്മിക്ക്. പക്ഷേ എനിക്ക് സംസ്ഥാന അവാർഡ് കിട്ടുന്നതു കാണാൻ മമ്മി നിന്നില്ല. അവാർഡ് പ്രഖ്യാപിക്കുന്നതിനു മാസങ്ങൾക്കു മുമ്പ്, 2017 ജനുവരി പതിനഞ്ചിന് മമ്മി പോയി. അതിനും വർഷങ്ങൾക്കു മുമ്പേ വാപ്പച്ചിയും ഞങ്ങളെ വിട്ടു പിരിഞ്ഞു...

കുടുംബം

ഭാര്യ നൈന. മക്കൾ മൂന്നു പേർ. മൂത്തയാൾ റിസ്‌വാൻ 10 – ാം ക്ലാസിലും രണ്ടാമത്തവൻ റിയാൻ 7 – ാം ക്ലാസിലും ഇളയവൻ റിഹാൻ ഒന്നിലുമാണ്.