Tuesday 06 October 2020 11:50 AM IST

ഒമ്പതാം ശസ്ത്രക്രിയയ്ക്കു ശേഷം തളർന്നു കിടപ്പായി, ഫിസിയോ തെറപ്പിയിൽ മടങ്ങിവരവ്, വീടിന്റെ പാലുകാച്ചൽ ഈ മാസം! ശരണ്യ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങുന്നു

V.G. Nakul

Sub- Editor

s1

ശരണ്യയ്ക്കു വേണ്ടി മലയാളികൾ ഹൃദയം തൊട്ടു പ്രാർത്ഥിച്ചു. ദുരിതക്കയത്തിൽ അവൾക്കു കൈത്താങ്ങാകാൻ, നല്ല ചികിത്സ ലഭിക്കാൻ, സ്വന്തമായി ഒരു വീടൊരുക്കാൻ തങ്ങളെക്കൊണ്ടാകും വിധം സഹായങ്ങൾ നൽകി. ആ കരുതലും കരുണയും ശരണ്യയെ വീണ്ടും ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നു എന്നതിന്റെ ശുഭസൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന സിനിമ-സീരിയൽ താരം ശരണ്യ ശശിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കിടപ്പിലായിരുന്ന താരം തനിയെ നടക്കാന്‍ തുടങ്ങിയതായും വ്യക്തമാക്കുന്ന ചില വിഡിയോകളും ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്ന സൂചന നൽകിയ ഈ വിഡിയോകളും ചിത്രങ്ങളും ശരണ്യയ്ക്കു വേണ്ടി പ്രാർഥിച്ചവരെയും പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിക്കുന്നതാണ്.

ഇപ്പോഴിതാ, ദുരിതഘട്ടത്തിൽ ശരണ്യയെ തന്റെ ഹൃദയത്തോടു ചേർത്തു പിടിച്ച്, കരുതലിന്റെ തണലൊരുക്കുന്ന നടി സീമ ജി നായർ ശരണ്യയുടെ ആരോഗ്യസ്ഥിതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ ‘വനിത ഓൺലൈനി’ലൂടെ പങ്കുവയ്ക്കുന്നു.

‘‘കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ശരണ്യ ബ്രെയിൻ ട്യൂമറിന്റെ ഒമ്പതാമത്തെ സർജറിക്ക് വിധേയയായി. ആ സർ‌ജറി കഴിഞ്ഞപ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു. ശരണ്യയുടെ വെയിറ്റ് കൂടി 90–95 കിലോയിൽ എത്തി. വലതു ഭാഗം പൂർണമായും തളർന്നു പോയി. എട്ടാമത്തെ സർജറിയിൽ വലതു ഭാഗത്തിന് ശേഷിക്കുറവ് സംഭവിച്ചിരുന്നെങ്കിലും പെട്ടെന്ന് അതിൽ നിന്നു റിക്കവർ ആയി വന്നിരുന്നു. പക്ഷേ, ഈ സർജറിയുടെ കാര്യത്തിൽ അതത്ര എളുപ്പമായിരുന്നില്ല. വീട്ടില്‍ തുടർച്ചയായി ഫിസിയോ തെറപ്പി ചെയ്തു നോക്കി. ഗുണമുണ്ടായില്ല. ഒരടി നടക്കാൻ പറ്റാതെ അവൾ കിടന്ന കിടപ്പിലായിപ്പോയി. പ്രാഥമിക കർമങ്ങൾ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥ.

അങ്ങനെ, കുറച്ചു ദിവസം അവിടെ നിന്നു മാറി നിന്നാൽ ഒരു മാറ്റം ഉണ്ടാകും എന്നു കരുതി, ജൂലൈയിൽ തിരുവന്തപുരത്തു നിന്നു അവളെ ഞാൻ എന്റെ കൊച്ചിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.

s3

അതിനിടെയാണ് ഞാൻ കോതമംഗലം പീസ് വാലി ഫൗണ്ടഷനെക്കുറിച്ച് ഓർക്കുന്നത്. ആശ്രയമില്ലാത്തവർക്ക്, മികച്ച ചികിത്സയും കരുതലും ലഭ്യമാക്കാൻ വേണ്ടി തുടങ്ങിയ സ്ഥാപനമാണ് പീസ് വാലി ഹോസ്പിറ്റൽ. സാബിത്ത്, അബൂബക്കർ എന്നിവരൊക്കെയാണ് അതിന്റെ നേതൃത്വത്തിൽ. തണൽ എന്ന സംഘടനയിൽ ഞാനും സാബിത്തും ഒന്നിച്ച് പ്രവർത്തിച്ച്, അടുത്ത പരിചയമുണ്ട്. അവിടെ കൊണ്ടു പോയി ശരണ്യയ്ക്ക് കാര്യമായ ഫിസിയോ തെറപ്പി നൽകാം എന്ന് കരുതി. അവിടെ കാൻസർ, ഓട്ടിസം, മാനസികാരോഗ്യം, ഫിസിയോ തെറപ്പി തുടങ്ങി പല വിഭാഗങ്ങളിലായി ഒരുപാടു പേരെ ചികിത്സിക്കുന്നുണ്ട്. എപ്പോഴും 200–300 പേർ വെയിറ്റിങ് ലിസ്റ്റിലുണ്ടാകും.

അങ്ങനെ ജൂലൈ 25 ന് ശരണ്യയെ അവിടെയെത്തിച്ചു. അവിടേക്കു കൊണ്ടു പോകാൻ 8 ആളുകൾ ചേർന്ന് എടുത്താണ് അവളെ വണ്ടിയിൽ കയറ്റിയത്.

s2

അവിടുത്തെ രണ്ടര മാസത്തെ ചികിത്സ അവളെ ആകെ മാറ്റി. ആ ആശുപത്രിയുടെയും അവിടുത്തെ ആരോഗ്യ പ്രവർത്തകരുടെയും സാബിത്തിന്റെയും അബൂബക്കറിന്റെയുമൊക്കെ കരുണയും കരുതലും അവളെ കിടപ്പിന്റെ തടവിൽ നിന്നു പതിയെപ്പതിയെ മോചിപ്പിച്ചു. ദൈവത്തിന്റെ കരങ്ങൾ എന്നും പറയാം. ദിവസം തുടർച്ചയായ 6 മണിക്കൂർ വരെയാണ് ശരണ്യയ്ക്ക് ഫിസിയോ തെറപ്പി ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഫലമായി ഇപ്പോള്‍ കാണും പോലെ പതിയെപ്പതിയെയെങ്കിലും തനിയെ നടക്കുന്ന സ്ഥിതിയിലേക്കെത്തി. ആരോഗ്യത്തിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അവളെ ഡിസ്ചാർജ് ചെയ്ത് എന്റെ വീട്ടിൽ കൊണ്ടു വന്ന് ഇപ്പോൾ തിരുവനന്തപുരത്തേക്ക് വിട്ടു.

s4

ബ്രെയിൻ ട്യൂമറിന്റെ കാര്യത്തിൽ 9–ാം സർജറി കഴിഞ്ഞ് ആറാം മാസമാണ് ഇത്. ഇതു വരെ വേറെ വലിയ കുഴപ്പങ്ങളില്ല. ഇനി അത് വരരുതെന്നാണ് ആഗ്രഹവും പ്രാർത്ഥനയും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ.

ഈ മാസം ശരണ്യയുടെ വീടിന്റെ പാലു കാച്ചൽ ആണ്. 23 ന് നടത്താം എന്നാണ് നിലവിലെ തീരുമാനം. ലോകത്താകമാനമുള്ള അവരെ സ്നേഹിക്കുന്ന മനുഷ്യരുടെ സഹായം കൊണ്ടാണ് തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ വീടൊരുങ്ങുന്നത്. പണി പൂർത്തിയായി വരുന്നു. അവളെ സ്വന്തം വീട്ടിൽ, നല്ല വീട്ടിൽ താമസിപ്പിക്കണമെന്ന ആഗ്രഹമാണ് ഇതോടെ പൂവണിയുന്നത്’’. –സീമ പറയുന്നു.