Thursday 19 April 2018 03:48 PM IST : By സ്വന്തം ലേഖകൻ

ഫഹദ് നായകനാകുന്ന സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ചിത്രം 'മലയാളി'യല്ല; പേരുമാറ്റത്തിന് പിന്നിലെ കാരണമിതാണ്

fahadh_sathyan

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ വിഷു ദിനത്തില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കായി പ്രിയസംവിധായകന്‍ സത്യന്‍ അന്തിക്കാട് പങ്കുവച്ചത്. 16 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന വാര്‍ത്തയ്ക്കൊപ്പം ഇത്തവണ നായകന്‍ ഫഹദ് ഫാസില്‍ ആയിരിക്കും എന്നതും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. 'മലയാളി' എന്നാണ് സിനിമയുടെ പേര് എന്നായിരുന്നു പ്രഖ്യാപനം. സാധാരണ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമോ ചിത്രീകരണ വേളയിലോ ഒക്കെ ചിത്രത്തിന് പേരിടാറുള്ള പതിവ് തെറ്റിക്കുന്നു എന്നായിരുന്നു പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്.

എന്നാലിതാ ചില കാരണങ്ങളാല്‍ ആ പേര് ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകന്‍. മാത്രമല്ല സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ പേരിന്റെ കഥയും സംവിധായകന്‍ പറയുകാണ്.  

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

കുറേ വർഷങ്ങൾക്ക് മുൻപ് തട്ടാൻ ഭാസ്കരന്റേയും സ്നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തിൽ ആ 'തട്ടാൻ' ഈശ്വരനാണ്. 'പൊന്മുട്ട' പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലർ എതിർപ്പുമായി വന്നപ്പോൾ വിവാദത്തിനൊന്നും നിൽക്കാതെ ഞങ്ങൾ 'തട്ടാനെ' 'താറാവാക്കി' മാറ്റി.

ഇപ്പോൾ, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോൾ ശ്രീനിവാസൻ ഒരു കഥ പറഞ്ഞു. പി. ആർ. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുൻനിർത്തിയുള്ള കഥയായതുകൊണ്ട് 'മലയാളി' എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവർക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് "വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു" എന്ന മുഖവുരയോടെ പേര് അനൗൺസ് ചെയ്യുന്നത്.

"ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവി പരിപാടികൾ പറഞ്ഞാൽ മതി" എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. 'മലയാളി' എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു.

ആ സിനിമയുടെ നിർമ്മാതാവടക്കം പലരും പറഞ്ഞു - "സാരമില്ല, ഒരു സിനിമയുടെ പേരിൽ തന്നെ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ".

എങ്കിലും ഞങ്ങൾ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം.

അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.