Wednesday 25 March 2020 12:08 PM IST

കളക്കാത്ത സന്ദന മെരം വെഗ് വേഗാ പൂത്ത് രിക്കും! അട്ടപ്പാടിയലെ ഹിറ്റ് ഗായിക ഇതാ

Tency Jacob

Sub Editor

07 ഫോട്ടോ: രതീഷ് ചന്ദ്ര

കാനനഛായയിലാടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ...
45 വർഷം മുൻപ് നഞ്ചപ്പനോട് ഇങ്ങനെ പാടി ചോദിച്ചിട്ടുണ്ടോ നഞ്ചിയമ്മ?
‘‘ഇല്ലൈ. എനക്ക് ആ പാട്ട് തെരിയില്ലമ്മ. എനക്ക് എമ്ത് പാട്ട് തേ തെരിയൂ.’’


അതെ, നഞ്ചിയമ്മക്ക് കാടിന്റെ പാട്ടാണ് പഴക്കവും വഴക്കവും. പുഴയുടെയും കാറ്റിന്റെയും സംഗീതമാണ് നഞ്ചിയമ്മയുടെ സംഗീതം. അതു കാട്ടു ചെമ്പകം പൂവിട്ട പോലെ ഉള്ളു നിറയെ പൂത്തു കിടക്കുന്നു. അട്ടപ്പാടിക്കാർക്ക് പാട്ടുകാരി നഞ്ചിയമ്മയെ കാലങ്ങളായി അറിയാം. എന്നാൽ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ പാട്ടിലൂടെ കേരളം മുഴുവൻ നഞ്ചിയമ്മയെ ഇപ്പോൾ കേൾക്കുന്നു.


അട്ടപ്പാടിയിലെ നക്കുപ്പതി ഊരിലാണ് നഞ്ചിയമ്മയുടെ താമസം. അവിടെ ചെന്നപ്പോൾ നഞ്ചിയമ്മ ആടു മേയ്ക്കാൻ പോയിരിക്കുകയാണ്. പുഴക്കരെ ആടുകൾ മേഞ്ഞു നടക്കുന്നുണ്ട്. ‘നഞ്ചിയമ്മാ’ന്നു ഉറക്കെ വിളിച്ചപ്പോൾ പുല്ലു തിന്ന് അലസം നടന്നു കൊണ്ടിരുന്ന ആടുകൾ തലപൊക്കി നോക്കി. പുഴയിലൊന്നു കാൽ നനച്ച് മുഖമൊന്നു കഴുകി വന്നിരുന്ന് നഞ്ചിയമ്മ ജീവിതം പറയാൻ തുടങ്ങി. നഞ്ചിയമ്മയുടെ മാത്രമല്ല നഞ്ചിയമ്മയുടെ പാട്ടുകളുടെയും ജീവിതം.


കളക്കാത്ത സന്ദന മെരം വെഗ് വേഗാ പൂത്ത് രിക്കും
പൂ പറിക്കാ പോകിലാമോ
വിമെനത്തെ പാക്കിലമോ...


(കിഴക്കു ഭാഗത്തെ ചന്ദനമരം ഭംഗിയായി പൂത്തിട്ടുണ്ട്. നമുക്ക് പൂ പറിക്കാൻ പോകാം. പോകുമ്പോൾ ആകാശത്തെ വിമാനം കാണിച്ചു തരാം.)


‘‘പണ്ട് പണ്ട് അട്ടപ്പാടിയോട് ചേർന്നൊരു പുഴയുണ്ടായിരുന്നു. കൊടങ്ങരപ്പള്ളം എന്നായിരുന്നു അതിന്റെ പേര്. പുഴ എന്നാൽ ഞങ്ങൾക്ക് പള്ളമാണ്. അതിന്റെ അക്കരെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള തെക്കല്ലൂര് ആനക്കട്ടിയിലായിരുന്നു എന്റെ ഊര്. ഇരുള ആദിവാസി വിഭാഗത്തിൽപെട്ടവരാണ് ഞങ്ങൾ. അച്ഛനെ ഞങ്ങൾ വിളിക്കുന്നത് ‘അമ്മ’എന്നാണ്. അമ്മയെ‘ അഗ്ഗെ’ എന്നും.  അമ്മയും അഗ്ഗെയും കാലത്തെഴുന്നേറ്റ് പണിക്കു പോകുന്നതു കൊണ്ട് പാട്ടിയാണ് എന്നെ നോക്കിയിരുന്നത്. പാട്ടിക്കു ധാരാളം പാട്ടറിയാം.
ഊട്ടുമ്പോഴും ഉറക്കുമ്പോഴും പാട്ട് പാടിത്തരും. ദിശകളും മരങ്ങളുെമല്ലാം  പാട്ടിൽ മാറി മാറി വരും. അന്ന് ഞങ്ങളുടെ ആൾക്കാര് നാട്ടിലിറങ്ങാത്തോണ്ട് വാഹനങ്ങളൊന്നും കണ്ടിട്ടില്ല. ആകെ കാണണത് ആകാശത്തൂടെ പോണ വിമാനം മാത്രല്ലേ. പാട്ടിയുടെ പാട്ടുകളിലൂടെ കണ്ട കാഴ്ചകളുടെയത്രയൊന്നും നേരിൽ കണ്ടിട്ടില്ല. അത്രയ്ക്ക് രസമുള്ള ലോകമായിരുന്നു അത്. പാട്ടിയുടെ പാട്ട് കേട്ടാകണം പാട്ട് ഉള്ളിൽ കയറിയത്.


ചെറുപ്പം മുതലേ പാട്ടിനും ആട്ടത്തിനും എനിക്ക് ഭയങ്കര പിരിയാണ്. അന്ന് ഊരിലൊക്കെ മരണം വന്നാലും കല്യാണം വന്നാലും അമ്പലത്തിലും നേരം  പോകാനുമെല്ലാം പാട്ടും ആട്ടവുമുണ്ടാകും.


എനിക്ക് ആടുന്നതിനേക്കാൾ പാടാനായിരുന്നു ഇഷ്ടം. പാട്ടുകാരുടെ കൂടെ എപ്പോഴും പോയിരിക്കുന്ന കണ്ടിട്ട് അമ്മയുടെ കയ്യിൽ നിന്ന് തല്ല് ഒരുപാട് കിട്ടിയിട്ടുണ്ട്. പിന്നെ പാട്ടു പാടാതായി. എന്നാലും പാടാനുള്ള ഇഷ്ടം ഉള്ളിൽ കിടന്നു.

08 ഫോട്ടോ: രതീഷ് ചന്ദ്ര


എനക്ക് തുണെ നീയിര്ന്താ
നിനക്ക് തുണെ നാനിരിപ്പെ...
കെളയ എടാളെ കൊക്ന്തീ...


(ഭാര്യയും ഭർത്താവും ചേർന്ന് കൃഷിക്കായി നിലമൊരുക്കുകയാണ്. പരസ്പരം തുണയായിടാമെന്ന് ഒത്തു പാടിക്കൊണ്ട് അവരുടെ പാട്ടും താളവും ഒന്നായിത്തീരുന്നു.)


 കൊടങ്ങരപ്പള്ളത്തിന് ഇക്കരെയാണ് നഞ്ചപ്പന്റെ ഊര്. അവർക്ക് ഞങ്ങളുടെ ഊരിൽ ബന്ധുക്കളുണ്ടായിരുന്നു. അവിടെ വന്ന് എന്നെ കണ്ടപ്പോൾ ഇഷ്ടം തോന്നി. എന്നെ മാത്രേകല്യാണം കഴിക്കുള്ളൂ എന്ന് പിടിവാശി പിടിച്ച് രണ്ടുകൊല്ലം കാത്തിരുന്നു.   


എന്റെ പതിനഞ്ചാം വയസ്സിലാണ് നഞ്ചപ്പൻ കല്യാണം കഴിച്ച് ഇവിടേക്കു കൂട്ടിക്കൊണ്ടു വരുന്നത്. അന്നൊക്കെ കൂട്ടു കുടുംബമായിരുന്നു. നഞ്ചപ്പനും സഹോദരങ്ങൾക്കും ആടുകളെ മേയ്ക്കലാണ് പണി. കാട്ടിൽത്തന്നെയാണ് ഇവയുടെ കൂടൊക്കെ. വെയിലാറുമ്പോൾ ഇവയെ കൂട്ടിൽക്കേറ്റി തിരിച്ചു പോരും.


നല്ല കൃഷിക്കാരനുമാണ് നഞ്ചപ്പൻ. റാഗി, ചോളം, ചാമ തുടങ്ങിയതൊക്കെ വിതയ്ക്കും. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ കുടുംബവീട്ടിൽ നിന്ന് ഞങ്ങൾക്കുള്ള സ്വത്ത് വീതം തന്നു.  45 ആടും 12 മാടും. ഇവയെ മേയ്ക്കാൻ പോകുന്ന നഞ്ചപ്പനെ സഹായിക്കാൻ ഞാനും പോയിത്തുടങ്ങി. ആടു മേയ്ക്കലിനിടയിൽ കുന്നിൻചെരുവിൽ കാറ്റു കൊള്ളാനിരിക്കും. ആ സമയത്ത് നഞ്ചപ്പൻ കേൾക്കാനായി ഞാൻ വീണ്ടും പാടിത്തുടങ്ങി.


ഒരു നാണക്കാരനായിരുന്നു നഞ്ചപ്പൻ. ആളുകളുമായി ഇടപെടാൻ മടിയാണ്. പെറെയും ദവില് എന്ന ഗോത്ര വാദ്യോപകരണം നന്നായി വായിക്കും. കാട്ടിലായിരിക്കുന്ന സമയത്ത് നഞ്ചപ്പൻ കൊട്ടുകയും ഞാൻ പാടുകയും ചെയ്യുന്നത് പതിവായി. അതായിരുന്നു ഞങ്ങളുടെ സന്തോഷം. പന്ത്രണ്ടു വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നത്. ആ സങ്കടമൊക്കെ പാടി തീർത്തു.പുതിയ പുതിയ പാട്ടുകൾ ഉണ്ടാക്കാനും തുടങ്ങി.


 ഊരിലെ ബാലവാടിയിലെ ഒരു പരിപാടിയിൽ എന്നോട് പാടാൻ പറഞ്ഞു. എന്റെ അമ്മയുടെ അനിയത്തിയെ ഈ ഊരിലേക്കാണ് കല്യാണം കഴിച്ചു കൊണ്ടു വന്നിരിക്കുന്നത്.
മാമനും മാമിക്കും പേടിയായിരുന്നു ഞാൻ പാടുന്ന കേട്ട് ഊരിലുള്ളവർ കോപിക്കുമോ എന്ന്. പക്ഷേ, എന്റെ പാട്ടു കേട്ട് നഞ്ചപ്പന്റെ അമ്മയ്ക്ക് സന്തോഷായി. ‘എന്റെ മരുമോള് നന്നായി പാടുന്നുണ്ടല്ലോ’ എന്ന് എല്ലാരോടും അഭിമാനത്തോടെ പറഞ്ഞു. അപ്പോഴാണ് എനിക്കും സമാധാനമായത്. പിന്നെപ്പിന്നെ ഞാൻ എപ്പോഴും പാടിത്തുടങ്ങി. അങ്ങനെയാണ് പഴനിസാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാസംഘത്തിലെ പാട്ടുകാരിയായി എത്തുന്നത്.’’


ലേലേ ലേലേ കരടി അലാം പാമുക്ക് വന്ത് കരടി
ലേലേ ലേലേ കരടി അത്തിപ്പാമ്ക്ക് വന്താ കരടി


(കാട്ടിലെ ആലിൻപഴവും അത്തിപ്പഴവും കഴിക്കാൻ വന്ന കരടിയെ കുറിച്ചാണ് ഈ പാട്ട്)


പഴനിസാമി എന്ന ആദിവാസി ചെറുപ്പക്കാരനും  കുറച്ചുപേരും ചേർന്ന് തുടങ്ങിയതാണ് ആസാദ് കലാസംഘം. ഇ പ്പോൾ വനം വകുപ്പിന്റെ  എലഫന്റ് സ്ക്വാഡിലാണ് പഴനി സാമി ജോലിചെയ്യുന്നത്. പതിനഞ്ചോളം വരുന്ന ആട്ടക്കാരും പാട്ടുകാരും കൊട്ടുകാരുമുണ്ട് കലാസംഘത്തിൽ.


പരമ്പരാഗതമായ ചുവടും ശൈലിയും വേഷവുമെല്ലാം തന്നെയായിരുന്നു ഈ സംഘം പിന്തുടർന്നിരുന്നത്. കലോത്സവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. കിർത്താഡ്സ് ഫോക്‌ലോർ അക്കാദമിയിലെ സെക്രട്ടറിമാരുടെ പ്രോത്സാഹനം കലാസംഘത്തിന് നന്നായി കിട്ടിയിട്ടുണ്ട്. ഫോക്‌ലോർ അക്കാദമിയുടെ ഗോത്ര ഗായികയ്ക്കുള്ള ആദ്യത്തെ അവാർഡ് നഞ്ചിയമ്മയ്ക്കായിരുന്നു.


‘‘2012ൽ തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി ഡൽഹിയിലെ നാഷനൽ ട്രൈബൽ ഫെസ്റ്റിൽ പങ്കെടുക്കാൻ വിളിച്ചു. അന്നാണ് കേരളത്തിനു പുറത്തെ കാഴ്ചകൾ ആദ്യമായി കാണുന്നത്. കേരളോത്സവങ്ങളിലും ടൂറിസ്റ്റ് ഡിപാർട്ട്മെന്റിന്റെ ഗദ്ദിക പ്രോഗ്രാമുകളിലുമെല്ലാമായി ധാരാളം അവസരങ്ങൾ കിട്ടി.’’


കാക്കേഡാഗേ പങ്കിത്ത ആളാനേ
കാരരെമടെ നാട്നെ വാങ്കിത്ത ആളാനേ
(അട്ടപ്പാടിയിൽ 135 തരം ഇലകളുണ്ടായിരുന്നു. ഭാര്യക്കിഷ്ടമുള്ള ഇലകൾ വിളയുന്ന നാട് വാങ്ങിത്തരാം എന്നു ഭർത്താവ് ഗർഭിണിയായ ഭാര്യയ്ക്ക് ആശ കൊടുക്കുകയാണ്.)


‘ഈ പാട്ടോർമയുണ്ടോ അമ്മാ?’ നഞ്ചിയമ്മ സിന്ധുവിനോടു ചോദിച്ചു
‘‘പിന്നെ! ഇത് മറക്കാൻ പറ്റുമോ. നഞ്ചിയമ്മ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി പാടി അഭിനയിച്ച ഗാനമല്ലേ.’’
(പാലക്കാട് ജില്ലാ പഞ്ചായത്തും അഗളി ഹൈസ്കൂളും ചേർന്ന് നിർമിച്ച സിനിമയാണ് ‘‘അഗ്ഗേദ് നായാഗ’’. 2015ലെ കേരള ചലച്ചിത്ര അക്കാദമി ടെലിവിഷൻ അവാർഡ് ഈ ചിത്രത്തിനായിരുന്നു.)


ഈ ഗോത്രപാട്ട് പാടി ഊരിനു മുന്നിലുള്ള പാടിയിൽ കുഞ്ഞുങ്ങൾക്ക് ഞങ്ങളുടെ പരമ്പരാഗത ഭക്ഷണമായ ‘റായിപ്പുട്ട്’ വിളമ്പുന്ന ഒരു രംഗമാണ് അഭിനയിച്ചത്. ‘‘എനക്ക് എന്തൊരു പേടിയെന്നോ അന്ന്. ആദ്യമായി സ്റ്റുഡിയോയിൽ പാടുന്നതും  ഈ ചിത്രത്തിനു വേണ്ടിയാണ്. പേടിയുണ്ടായിരുന്നെങ്കിലും എങ്കളെ പാട്ട് ആയതുകൊണ്ട് നന്നായി പാടി.


എത്തനികാല വാഴ്ന്തളെ ദൈവമകാളേ
നി പ്ട്ത്ത കൊക്കിത്തടി ദൈവമക്കാളെ
റോറ്റ്തി കടക്തെ ദൈവമകാളെ
തങ്കമന മക്കൾക്ക് ദൈവമക്കാളെ

09 ഫോട്ടോ: രതീഷ് ചന്ദ്ര


ഞങ്ങളുടെ ഊരിനെ കുറിച്ചാണ് ഈ പാട്ട്. കല്യാണം കഴിഞ്ഞു പോയ മകൾ പ്രസവത്തോടു കൂടി മരിച്ചു പോകുകയാണ്. അവളുടെ കുഞ്ഞിനെ എങ്ങനെയാണ് വളർത്തേണ്ടത് എന്നറിയില്ല. ആ സമയത്ത് മകളുടെ കുട്ടിക്കാലം ആലോചിക്കുകയാണ്. മകളേ, നിന്റെ കുറുമ്പുകൾക്കൊന്നും ഞങ്ങളൊരിക്കലും വഴക്കു പറഞ്ഞിട്ടില്ല. നിന്റെ ഓർമകളെല്ലാം അവശേഷിപ്പിച്ചിട്ട് നീ മാത്രം പൊയ്ക്കളഞ്ഞു. ഇതാണ് വരികളുടെ അർഥം. എനിക്കുമുണ്ട് രണ്ടു മക്കൾ. ശാലിനിയും സാം കുമാറും. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. എഴുതുന്ന സമയത്ത് അവരെ എനിക്കോർമ വന്നു. ഏഴു വർഷം മുൻപ് എന്നെ വിട്ടുപോയ നഞ്ചപ്പനെയും ഓർമ വന്നു.


പഴനിസാമി വഴിയാണ് എനിക്ക് ഈ പാട്ടു പാടാൻ കഴിഞ്ഞത്. അവരോടാണ് അട്ടപ്പാടിയുടെ സ്വന്തമായൊരു ഒരു പാട്ടുണ്ടോ എന്ന് ഡയറക്ടർ സച്ചി സാർ ചോദിക്കുന്നത്. ഞാൻ കുറേ പാട്ടുകൾ പാടി കൊടുത്തെങ്കിലും ഈ പാട്ടാണ് അവർക്ക് ഇഷ്ടപ്പെട്ടത്. ഇത് റിക്കോർഡു ചെയ്യാൻ പാടുമ്പോളും ഞാൻ കരച്ചിലായിരുന്നു. ഇപ്പോ പാടുമ്പോളും  ഞാൻ കരയും. ‘അയ്യപ്പനും കോശിയും’ സിനിമയിൽ ബിജു മേനോൻ എന്റെ മരുമകനാണ്. മകൾ കണ്ണമ്മയെ പൊലീസുകാർ പിടിച്ചു കൊണ്ടു പോകുന്ന സമയത്ത് ഞാൻ അവരുടെ കയ്യിൽ പിടിച്ച് കരയുന്നുണ്ട്. ആ സമയത്തും  എനിക്ക് കരച്ചിൽ വന്നു. പെട്ടെന്ന് ചിരിക്കുന്ന പോലെ തന്നെ പെട്ടെന്ന് കരയുന്ന ഒരാളാണ് ഞാൻ. സിനിമയൊക്കെ മുൻപു കണ്ടിട്ടുണ്ടെങ്കിലും അഭിനയിക്കുന്നവരെയൊന്നും അറിയില്ല. പിന്നീട് പൃഥിരാജിനെയും ബിജുമേനോനെയും സുരേഷ് ഗോപിയെയുമൊക്കെ കണ്ടപ്പോൾ മനസ്സിലായി.


ഒരു സമയവും വായ വെറുതെയിരിക്കില്ല. പണ്ട് കേട്ട പാട്ടുകൾ മറന്നു പോകാതിരിക്കാൻ ഉറക്കെ ഉറക്കെ പാടും. എഴുതി വയ്ക്കലോ പുസ്തകങ്ങളോ ഒന്നുമില്ലല്ലോ. ഒരു പരിപാടിക്കു പോയപ്പോൾ പാട്ടു പാടാനായി ഏതു ശ്രുതിയാണ് വയ്ക്കേണ്ടതെന്ന് ചോദിച്ചു. അതെനിക്കറിയില്ല. പുഴയുടെ താളം, കാടിന്റെ ഇൗണം, കാറ്റത്തെ ഇലയിരമ്പം  അതൊക്കെയാണ് എന്റെ ശ്രുതിയും താളവുമെല്ലാം.’’


വീണ്ടും നഞ്ചിയമ്മ പാടിത്തുടങ്ങി. കൂടണയാന്‍ പോയ  ആട്ടിൻകുട്ടികൾ ഓടി വന്ന് മടിയിലിരുന്നു.അതുകണ്ട് നഞ്ചിയമ്മ പൊട്ടിചിരിച്ചു. നഞ്ചിയമ്മയുടെ വാക്കിൽ പറഞ്ഞാൽ തന്തോയത്തിന്റെ ചിരി. ‘ലോക മൊത്തൊ കേക്കാക്ക് എമ്ക്ക് പാടൊണം. എത്ത് പാട്ട് ലോക മൊത്തം തെരുകട്ട്.’


അതെ, ഈ കാടു മാത്രമല്ല, ലോകം മുഴുവൻ നഞ്ചിയമ്മയുടെ പാട്ടു കേട്ട് താളം പിടിക്കട്ടെ.