Wednesday 23 January 2019 10:49 AM IST : By സ്വന്തം ലേഖകൻ

സണ്ണിയോടൊപ്പം ആടിപ്പാടാൻ മമ്മൂക്കയും ജയ്‌യും! ‘മധുരരാജ’യിലെ ഐറ്റം ഡാൻസിന്റെ ചിത്രീകരണം തുടങ്ങി: വിഡിയോ

sunny-new

ഇന്നലെ, ആരാധകരുടെ ആരവങ്ങൾക്ക് നടുവിലേക്കാണ് സണ്ണി ലിയോൺ പറന്നിറങ്ങിയത്. തന്റെ ആദ്യ മോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ബോളിവുഡ് ഗ്ലാമർ താരം കൊച്ചിയിലെത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘മധുരരാജ’യിൽ ഒരു ഐറ്റം ഡാൻസിലാകും സണ്ണിയുടെ സാന്നിധ്യം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വൻ വിജയമായ ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമാണ്.

ചിത്രത്തിനായി സണ്ണിക്ക് മൂന്ന് ദിവസം ഷൂട്ടുണ്ട്. ഇരുമ്പയിലാണ് ചിത്രീകരണം. മുംബൈയിൽ നിന്ന് വിമാന മാർഗമാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണിയെ കാണാനും ഒപ്പം നിന്നു സെൽഫിയെടുക്കാനും ആരാധകർ തിരക്കു കൂട്ടി.

‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്നതും മധുരരാജയുടെ ഹൈലൈറ്റാണ്. ചിത്രത്തിൽ തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും.

സണ്ണിയോടൊപ്പം മമ്മൂട്ടിയും ജയും ഈ നൃത്ത രംഗത്തിലുണ്ടാകും. കനത്ത സുരക്ഷയിലാണ് ചിത്രീകരണം.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.