Thursday 19 July 2018 05:11 PM IST : By സ്വന്തം ലേഖകൻ

‘ഓർമ്മയുണ്ടോ പൃഥ്വി?’; സുപ്രിയയുടെ ചോദ്യത്തിനു പിന്നിൽ ഒളിഞ്ഞിരുന്ന രഹസ്യമിതാണ്

prithvi-cover

ന്യൂജെന്‍ ചുള്ളൻ പൃഥ്വിയുടെ ഫൊട്ടോ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പിന്നാലെ പായുന്ന ആരാധകർ ഒരു നിമിഷം ആ ചിത്രം കണ്ട് ഞെട്ടി! പൃഥ്വിയുടെ നല്ലപാതി സുപ്രിയയുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കീറപ്പേജിലെ ‘ആ മസിൽ മാൻ’ ആരാണ്?

പൃഥ്വിയുടെ ‘പുതിയമുഖം’ മനസിൽ പതിപ്പിച്ച പിള്ളേർ ഒന്നു കൂടി തറപ്പിച്ചു നോക്കി. ആളു മാറിയിട്ടില്ല നമ്മുടെ സ്വന്തം പൃഥ്വി തന്നെ. പക്ഷേ ഫൊട്ടോ കുറച്ച് പഴയതാണെന്ന് മാത്രം. കൃത്യമായി പറഞ്ഞാൽ 2006ലെ ആ പഴയ ‘കട്ടി മീശക്കാരൻ’ പൃഥ്വി.

പൃഥ്വിരാജെന്ന താരോദയം മലയാള സിനിമയിൽ ഉദിച്ചുയരുന്ന കാലത്തുള്ളതാണ് ഫൊട്ടോ. ക്ലാസ്മേറ്റ്സ് നൽകിയ വിജയമധുരത്തിനു പിന്നാലെ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്നുമാണ് ആ പഴയ ഫൊട്ടോതലപൊക്കി വന്നത്. ഇന്നത്തെ മുൻനിര സംവിധായകരിലൊരാളും വനിതയിലെ പഴയ ഫൊട്ടോഗ്രാഫറുമായ മാർട്ടിൻ പ്രക്കാട്ടാണ് അന്ന് ആ ചിത്രങ്ങൾ പകർത്തിയത്.

prthvi

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നിലപാടുകളുടെയും പേരില്‍ പൃഥ്വിയെ അഹങ്കാരിയെന്ന് മുദ്രകുത്തിയിരുന്ന ആ കാലം. അന്ന് തന്റെ നിലപാടുകളും സിനിമാ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം വനിതയോട് പങ്കുവച്ചു ഇന്നത്തെ മലയാള സിനിമയുടെ യംഗ് സൂപ്പർസ്റ്റാർ. ‘അഹങ്കാരിയല്ല, ആൺകുട്ടി’ എന്ന തലക്കെട്ടോടെയാണ് വനിത അന്ന് ആ അഭിമുഖം പ്രസിദ്ധീകരിച്ചത്. സിനിമയിൽ തനിക്കുണ്ടായ ശത്രുക്കളെക്കുറിച്ചും അതിനെയെല്ലാം താൻ അതിജീവിക്കുന്നതിനെക്കുറിച്ചുമെല്ലാം പൃഥ്വി അന്ന് വാചാലനായി.

‘ഓർമ്മയുണ്ടോ ഈ ചിത്രം’ എന്ന അടിക്കുറിപ്പോടെ സുപ്രിയ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം കണ്ടപ്പോൾ ആരാധകർ സ്വാഭാവികമായും സംശയിച്ചു. ‘ഇതൊരു കുത്തിപ്പൊക്കൽ ശ്രമമല്ലേ..’  എന്നാൽ പൃഥ്വിയുടെയും–സുപ്രിയയുടെയും സൗഹൃദവും പ്രണയവും നിറഞ്ഞ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നടത്തം കൂടിയായിരുന്നു ആ ചിത്രം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പൃഥ്വിയും സുപ്രിയയും കണ്ടുമുട്ടുന്നതിന് വഴിയൊരുക്കിയ ഒന്നായിരുന്നു വനിത അവതരിപ്പിച്ച ‘ആ മസിൽ മാൻ പൃഥ്വി.’

prithvi1

ഷാരൂഖ് ചിത്രം ഡോൺ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് തുടങ്ങിയ സൗഹൃദവും. സുപ്രിയയോടൊപ്പം മുംബൈ നഗരം കാണാനിറങ്ങിയതുമെല്ലാം സുപ്രിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഷാരൂഖ് ചിത്രം ഡോൺ ഇറങ്ങിയതും 2006ൽ തന്നെയാണ്.

prithvi-3

എന്തായാലും പൃഥ്വി–സുപ്രിയ സ്നേഹ സൗഹൃദങ്ങൾക്ക് തുടക്കമിട്ട വനിതയിലെ ആ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചുറ്റിത്തിരിയുകയാണ്. ‘ചിത്രം ഓർമ്മയുണ്ടോ’? എന്ന സുപ്രിയയുടെ ആ ചോദ്യത്തിന് പൃഥ്വി സ്നേഹപൂർവ്വം അതേ എന്ന് മറുപടി നൽകുക കൂടി ചെയ്തതോടെ സോഷ്യൽ മീഡിയ സംഭവം വേറെ ലെവലിലേക്കെത്തി. കഴിഞ്ഞു. തന്റെ പുസ്ത്കങ്ങൾക്കിടയിൽ ചിതലരിക്കാതെയിരുന്ന ചിത്രമായിരുന്നു അതെന്ന് സുപ്രിയ ഓർമ്മിപ്പിക്കുമ്പോൾ  സംഭവം കുറച്ചൂ കൂടി റൊമാന്റിക്കായി.

mid

എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പൃഥ്വി–സുപ്രിയ സ്നേഹം പോലെ...