Monday 27 June 2022 09:23 AM IST : By സ്വന്തം ലേഖകൻ

‘ഇത് അവിസ്മരണീയമായ ഒരു ജന്മദിനമാണ്...’: പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത്, നിറചിരിയോടെ സുരേഷ് ഗോപി

suresh-gopi-2

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ പിറന്നാൾ. 64 ആം പിറന്നാൾ ആഘോഷിച്ച താരത്തിന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് എത്തിയത്.

പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റും ഇതിനോടകം ശ്രദ്ധേയമാണ്. ഭാര്യ രാധികയെ നെഞ്ചോട് ചേർത്ത് പിടിച്ച്, നിറചിരിയോടെ നിൽക്കുന്ന താരത്തിന്റെ ചിത്രവും ഒപ്പമുണ്ട്.

‘ഈ പ്രത്യേക ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ ഓരോരുത്തരിൽ നിന്നും വളരെയധികം സ്നേഹവും വാത്സല്യവും കൊണ്ട് ചുറ്റപ്പെട്ടതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ഇത് ശരിക്കും അവിസ്മരണീയമായ ഒരു ജന്മദിനമാണ്.
വാക്കുകൾക്കതീതമായി സ്പർശിച്ചു.
നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ!’.– ചിത്രത്തിനൊപ്പം താരം കുറിച്ചതിങ്ങനെ.

താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ചു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. സുരേഷ് ഗോപിക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വിഡിയോകളിൽ കാണാനാകും. ഏറെക്കാലത്തിനു ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ വാർഷിക യോഗത്തില്‍ പങ്കാളിയായത്. അത് താരത്തിന്റെ പിറന്നാൾ ദിനത്തിലായതിന്റെ സന്തോഷത്തിലായിരുന്നു സഹപ്രവർത്തകരും ആരാധകരും.

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പാപ്പന്‍’ആണ് സുരേഷ് ഗോപിയുടെതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.