Saturday 22 September 2018 10:32 AM IST : By സ്വന്തം ലേഖകൻ

കൺമുന്നിൽ സ്വപ്നം; ദിനേശിനെ ഹൃദയത്തോട് ചേർത്തി നിർത്തി സൂര്യ–വിഡിയോ

surya

തമിഴകത്തിന്റെ താരസൂര്യൻ സൂര്യയെ മറ്റ് നടൻമാരിൽ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. താരജാഡ ലവലേശം തൊട്ടു തീണ്ടിയിട്ടില്ല എന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനം. ആരാധകരെ ഹൃദയത്തോട് ചേർത്തു നിർത്തുമ്പോൾ നമുക്ക് കാണാനാകുന്നത് സൂര്യയെന്ന സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യനെ.

തന്റെ പ്രിയപ്പെട്ട ആരാധകർക്കായി എല്ലാം മറന്ന് സമയം മാറ്റിവയ്ക്കുന്ന സൂര്യയെ നാം എത്രയോ തവണം കണ്ടിരിക്കുന്നു. ആ നിരയിലേക്ക് താരസൂര്യന്റെ സഹാനുഭൂതിയുടെ മറ്റൊരു കഥ കൂടി.

അപൂർവ്വ രോഗം നൽകിയ ശരീര വൈകല്യവും പേറി ജീവിതം നയിക്കുന്ന ദിനേശ് എന്ന കുഞ്ഞിന്റെ ജന്മസാഫല്യമായിരുന്നു സൂര്യയെന്ന തന്റെ ‘ഇഷ്ട ഹീറോയെ’ നേരിട്ടു കാണണമെന്നത്. ശരീര വൈകല്യം സമ്മാനിച്ച പ്രതിസന്ധികൾക്കിടയിലും ഉള്ളിന്റെ ഉള്ളിൽ ആ നിമിഷത്തിനായുള്ള നാളുകളുമെണ്ണി അവൻ കാത്തിരുന്നു. ദിനേശിന്റെ അടങ്ങാത്ത ആരാധനയും ആഗ്രഹവും വെറുതെയായില്ല, കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ടതാരം ഇതാ കണ്മുന്നിൽ.

surya-2

ദിനേശിന്റെ ഇഷ്ടമറിഞ്ഞ സൂര്യ ആരാധകരാണ് ആ അസുലഭ മുഹൂർത്തത്തിന് കളമൊരുക്കിയത്. സൂര്യ മാത്രമല്ല അച്ഛൻ ശിവകുമാറും സഹോദരൻ കാര്‍ത്തിയും ദിനേശുമായുള്ള സൂര്യയുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി.

കാത്തിരിപ്പിനൊടുവിൽ തന്നെ കാണാനെത്തിയ കുട്ടി ആരാധകന് ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു ഉപദേശവും സൂര്യ നൽകി. ‘ആത്മാര്‍ഥമായി എന്ത് ചിന്തിക്കുന്നുവോ, സ്വപ്നം കാണുന്നുവോ അത് നടക്കും വലിയ വലിയ സ്വപ്‍നങ്ങള്‍ കണ്ട് പഠിച്ച് മുന്നേറുക’– സൂര്യയുടെ വാക്കുകൾ

തേനി സ്വദേശിയാണ് ദിനേശ്. ശരീര വൈകല്യം തളര്‍ത്താത്ത ദിനേശിന് ലോകം അറിയുന്ന ഒരു പെയിന്ററാകണമെന്ന് ആണ് ആഗ്രഹം. സൂര്യയെ നേരിട്ടു കാണുകയെന്നതായിരുന്നു മറ്റൊരു സ്വപ്നം.