ADVERTISEMENT

അഭിനയ ജീവിതത്തില്‍ സ്വാസിക ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. 50–ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം സ്വാസികയെ തേടി എത്തിയിരിക്കുന്നു. ‘വാസന്തി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നിങ്ങനെ പ്രധാന 3 പുരസ്കാരങ്ങൾ ‘വാസന്തി’ നേടിയതിന്റെ സന്തോഷത്തിലാണ് സ്വാസിക.

‘‘അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഇത്ര കാലമായല്ലോ അഭിനയരംഗത്ത്. ഒരു അംഗീകാരം കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു. പക്ഷേ, അവാർഡ് ലഭിച്ച വിവരം അറിഞ്ഞപ്പോൾ ഞാനിവിടെ തലകറങ്ങി വീണെന്നു പറയാം... ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു അംഗീകാരം’’. – ‘വനിത ഓൺലൈനോ’ട് സന്തോഷം പങ്കുവയ്ക്കുമ്പോൾ സ്വാസികയുടെ ശബ്ദത്തില്‍ ആഹ്ലാദം.

ADVERTISEMENT

‘‘വാസന്തി എന്ന ടൈറ്റിൽ ക്യാരക്ടറാണ് ചിത്രത്തിൽ എന്റെത്. സിജു വിൽസണും ശബരീഷ് വർമയുമാണ് നായകൻമാർ. ചിത്രത്തിന്റെ നിർമാതാവും സിജുവാണ്. ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്ന് റഹ്മാൻ ബ്രദേഴ്സ് എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വാസന്തിയുടെ 20 വയസ്സുമുതൽ 32 വയസ്സു വരയെുള്ള യാത്രയാണ് ചിത്രം. അതിനിടെ അവളുടെ ജീവിതത്തിലേക്കു കടന്നു വരുന്ന പുരുഷൻമാരുടെ സ്വഭാവവും അതെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ. ഒടുവിൽ വാസന്തി വേശ്യാവൃത്തിയിലേക്ക് എത്തിച്ചേരുന്നു.

ADVERTISEMENT

എന്നെ സംബന്ധിച്ച് ഒരു പെർഫോമൻസ് സാധ്യതയുള്ള കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ലല്ലോ. അതുകൊണ്ടു തന്നെ വാസന്തിയെക്കുറിച്ച് കേട്ടപ്പോൾ താൽപര്യമായി. മറ്റൊന്ന്, എല്ലാവരും സുഹൃത്തുക്കളാണ്. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത്’’.– സ്വാസിക പറയുന്നു.



ADVERTISEMENT
ADVERTISEMENT