Wednesday 26 September 2018 10:07 AM IST : By സ്വന്തം ലേഖകൻ

‘‘അത് തുറന്നു പറഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു’’; വിവാദത്തിന് തിരി കൊളുത്തി തനുശ്രീ ദത്ത

td

10 വർഷം മുൻപ് സിനിമയിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നതായി ഒരു കാലത്ത് ബോളിവുഡിലെ ഗ്ലാമർ നായികയായിരുന്ന തനുശ്രീ ദത്ത.

സിനിമയില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ താരങ്ങള്‍ തുറന്നു പറയുന്ന മീറ്റു ക്യാംപെയ്ന്‍ വരുന്നതിന് മുന്‍പാണ് തനുശ്രീ ഇത് വെളിപ്പെടുത്തിയത്.

2008ല്‍ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം. ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ എത്തിയ തനിക്ക് ഒരു നടനില്‍ നിന്ന് മോശം അനുഭവമുണ്ടായതായി താരം മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു.

‘‘ആ ചിത്രത്തിനായി ഒപ്പിട്ട കരാറില്‍ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. സത്യത്തില്‍ അന്നത്തെ ആ ഗാനരംഗത്തില്‍ അയാള്‍ ഉണ്ടായിരുന്നില്ല. എന്നെ അവര്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു ആ രംഗത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ അയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ അടക്കം തുടങ്ങിയിരുന്നു’’– തനുശ്രീ പറയുന്നു. തനിക്ക് 2008ല്‍ ഉണ്ടായ അനുഭവം അംഗീകരിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ എന്ത് മീറ്റൂ ക്യാംപെയിന്‍ ഉണ്ടായിട്ടും കാര്യമില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.