Monday 10 September 2018 11:50 AM IST : By സ്വന്തം ലേഖകൻ

‘വിത്ത് ഡയറക്ടര്‍ സര്‍’; പൃഥ്വിരാജിനൊപ്പം ടൊവിനൊയുടെ ‘ലൂസിഫർ’സെൽഫി

to

സിനിമയ്ക്കകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ടൊവിനൊ തോമസും പൃഥ്വിരാജും. ഇരുവരും ഒന്നിച്ച സിനിമകൾ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചവയാണ്. സെവന്‍ത് ഡേ മുതൽ എസ്ര വരെയുള്ള സിനിമകൾ ഉദാഹരണം. ഇപ്പോൾ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലും ടൊവിനോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ദിനം പ്രതി വാർത്തകളിൽ നിറയുകയാണ്.

ഏറ്റവും ഒടുവിലായി ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണ് വൈറൽ. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് ഒരു ചാരുകസേരയില്‍ കിടന്ന് തന്റെ മൊബൈല്‍ നോക്കുന്നതു കാണം. ‘വിത്ത് ഡയറക്ടര്‍ സര്‍’ എന്ന തലക്കെട്ടോടെയാണ് ടൊവിനോ ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. പുതിയൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ടൊവിനോ.

ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരുന്നു. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്, ബോളിവുഡ് താരം വിവേക് ഒബ്റോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്.