Saturday 21 April 2018 04:52 PM IST : By സ്വന്തം ലേഖകൻ

ഇത് തൃശ്ശൂർ ഗഡികളുടെ `ഹൃദയരാഗം’; ജോർജേട്ടൻസ് രാഗം റിട്ടേൺസ്

ragam

തൃശ്ശൂരിലെ ഗഡികൾ രാഗം തീയറ്ററിനു വേണ്ടി കാത്തിരുന്നതു പോലെ ആരും ഒന്നിനു വേണ്ടിയും കാത്തിരുന്നിട്ടില്ല. സിനിമയിലെ ഡയലോഗല്ലിത്, തൃശ്ശിവപേരൂർ പട്ടണത്തിന്റെ സിനിമ സ്വപ്നങ്ങളുടെ കൂടി പ്രതീകമായ രാഗം തീയേറ്ററിന്റെ രണ്ടാം വരവിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

രാഗം സിനിമാപ്രേമികളുടെ സ്വപ്നങ്ങളിലേക്ക് വീണ്ടും ചിറകു വിരിക്കുമ്പോൾ നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾക്കും പെരുത്ത് സന്തോഷം. പുതിയകാലത്ത് പുത്തൻ സാങ്കേതികവിദ്യകളുമായി തിയറ്റർ വീണ്ടും ഒരുങ്ങുമ്പോൾ പുതിയ ‘രാഗ’ത്തെ വരവേൽക്കാൻ തൃശൂരുകാരും അടിമുടി ഒരുങ്ങിയിട്ടുണ്ട്. ആ സന്തോഷം അവർ പങ്കുവയ്ക്കുന്നതാകട്ടെ, ’മ്മ്ടെ രാഗം’ എന്ന ഹ്രസ്വചിത്രത്തിലൂടെയും.

സ്വരാജ് റൗണ്ടിലെ തിയറ്ററിനോടുള്ള ഇഷ്ടം പറയുന്നത് ഒരുകൂട്ടം ചെറുപ്പക്കാരാണ്. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമാകുന്നു.

കേവലം ഹ്രസ്വചിത്രം മാത്രമല്ല, തൃശ്ശൂകാരുടെ ഇന്നലെകളിലെ സിനിമാ ആവേശത്തിലേക്കുള്ള ഒരു സഞ്ചാരം കൂടിയാണ്. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈ പുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത്.

തൃശ്ശൂരിന്റെ സാംസ്കാരിക അടയാളം കൂടിയായ "രാഗം' അഥവാ "ജോർജേട്ടൻസ് രാഗം' 40 വർഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2015ലാണ് പ്രദർശനം നിർത്തുന്നത്. 1974 ആഗസ്ത് 24 നാണ് "രാഗ'ത്തില്‍ ആദ്യ സിനിമ പ്രദർശനം നടന്നത്. രാമു കാര്യാട്ടിന്റെ "നെല്ല്'. 50 ദിവസം തുടർന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീർ, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖർ തിയറ്ററിലെത്തി. തുടങ്ങുമ്പോൾ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം.  അന്നത്തെ കാലത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ച തിയറ്റർ ആണ് രാഗം‍. 

മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം രാഗം ആ മാറ്റത്തിന് സാക്ഷിയായിട്ടുണ്ട് എന്നത് ചരിത്രം. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം "തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം "പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ "മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചു.

"ഷോലെ', "ബെൻഹർ, "ടൈറ്റാനിക്' തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യവിസ്മയങ്ങളിലേക്ക് രാഗം തൃശ്ശൂരുകാരെ കൈപിടിച്ചു നടത്തി. "ടൈറ്റാനിക്' 140 ദിവസമാണ് ഇവിടെ പ്രദർശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദർശന ഷെയർ ലഭിച്ചത് "ദൃശ്യം' പ്രദർശിപ്പിച്ചപ്പോഴാണ്.