Wednesday 15 January 2020 02:38 PM IST

നിതേഷിന് അറിയില്ലായിരുന്നു, ഞാൻ സിനിമാ നടിയാണെന്ന്! അറേഞ്ച്ഡ് മാര്യേജ് സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല; വിവാഹ സ്വപ്നങ്ങൾ പങ്കുവച്ച് ഉത്തര ഉണ്ണി

V.G. Nakul

Sub- Editor

u1

സിൻഡ്രല്ലയുടെ കഥയിലെ ഷൂവിനെക്കുറിച്ച് ഉത്തര എപ്പോഴും പറയും. ആ കഥയും കഥാപാത്രവും അത്രയേറെ ആഴത്തിൽ അവളുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. പ്രിയപ്പെട്ടവളുടെ ഇഷ്ടങ്ങളെ മറ്റാരെക്കാളുമധികം മനസ്സിലാകുമായിരുന്നതിനാലാണ്, ഇഷ്ടം തുറന്നു പറഞ്ഞ നിമിഷം ഉത്തരയുടെ കാലില്‍ നിതേഷ് ചിലങ്ക കെട്ടിക്കൊടുത്തത്, എന്നിട്ട് ചെവിയിൽ മന്ത്രിച്ചു, ‘ഈ സിൻഡ്രല്ലയ്ക്ക് ഷൂസല്ലല്ലോ, ചിലങ്കയാണല്ലോ പ്രധാനം...’

പ്രണയികൾ അവരുടെ ലോകത്തേക്ക് ചുരുങ്ങി മനസ്സ് തുറന്നു പറയുന്ന ക്ലീഷേയും നിതേഷ് പൊളിച്ചടുക്കി. പ്രണയം കരകവിഞ്ഞൊഴുകിയ നിമിഷത്തിൽ അവർക്കു കൂട്ടായി രണ്ടു കുടുംബങ്ങളും ഒപ്പം ചേർന്നത് ആ മുഹൂർത്തത്തിന് ചന്തം കൂട്ടി.

‘‘രണ്ടു പേരുടെയും അച്ഛനമ്മമാരെ സാക്ഷിയാക്കി പ്രപ്പോസ് ചെയ്യണമെന്നത് നിതേഷിന്റെ ആഗ്രഹമായിരുന്നു. ആദ്യം വീട്ടിൽ വച്ച് ചെയ്യാം എന്നാണ് കരുതിയതെങ്കിലും പിന്നീട് നിശ്ചയത്തിനൊപ്പം നടത്തുകയായിരുന്നു. ഞാൻ എപ്പോഴും സിൻഡ്രല്ലയുടെ കഥയിലെ ഷൂവിനെക്കുറിച്ച് പറയും. അതാണ് നിതേഷിന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെ നിശ്ചയവും പ്രപ്പോസലും ഒന്നിച്ചായി. ‘ഇനി നീ ഈ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യുന്നത് എന്നെ ഓർത്തു കൊണ്ടാകുമല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞത്. നൃത്തവും കുടുംബ ജീവിതവും ഒരേ പോലെ എന്നാണ് കക്ഷിയുടെ അഭിപ്രായം’’. – ആ നിമിഷത്തെക്കുറിച്ച് പറയുമ്പോൾ ഉത്തരയുടെ കണ്ണുകളിൽ പ്രണയം തുളുമ്പി.

ഏപ്രിൽ 5ന്, മലയാളത്തിന്റെ യുവനായികയും പ്രിയതാരം ഊർമിള ഉണ്ണിയുടെയും രാമൻ ഉണ്ണിയുടെയും മകളുമായ ഉത്തര ഉണ്ണിയെ സുരേന്ദ്രൻ നായർ–ഷമാല നായർ ദമ്പതികളുടെ മകൻ നിതേഷ് നായർ താലികെട്ടി ജീവിതപ്പാതിയാക്കി ഒപ്പം കൂട്ടും. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

u3

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ഇടവപ്പാതി’ എന്ന ചിത്രത്തിൽ ഉത്തരയുടെ നായിക വേഷം അഭിനന്ദനങ്ങൾ സ്വന്തമാക്കിയിരുന്നു.

വിവാഹ വിശേഷങ്ങൾ ‘വനിത ഓൺലൈനു’മായി പങ്കുവച്ച് തുടങ്ങിയപ്പോൾ ഉത്തര ആദ്യം പറഞ്ഞതും വിധി ഒരുക്കിയ ജീവിതത്തെക്കുറിച്ച് തന്നെയാണ്. ‘അറേഞ്ച്ഡ് ആയാലും ലവ് മാര്യേജ് ആയാലും വിവാഹം നമ്മുടെ തലയില്‍ വരച്ച പോലെ സംഭവിക്കും. ശരിയായ സമയമാകുമ്പോൾ ഒരാൾ വരും. എന്റെ കാര്യത്തിൽ ശരിയായ സമയത്ത് ശരിയായ ആൾ തന്നെയാണ് വന്നത്...’

u2

വന്നു കണ്ടു കീഴടക്കി

ബെംഗളുരുവിൽ utiz എന്ന ഫെസിലിറ്റി മാനേജ്മെന്റ ് കമ്പനി നടത്തുകയാണ് നിതേഷ്. കുടുംബവും ബെംഗളുരുവിലാണ്. കുടുംബം മംഗലാപുരത്തും. കൊച്ചിയിലും ഓഫീസുണ്ട്. വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. ഞാൻ ഒരു അറേഞ്ച്ഡ് മാര്യേജിന് സമ്മതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. സാധാരണ മാട്രിമോണി സൈറ്റകുൾ വഴി വരുന്ന പ്രപ്പോസൽസിൽ കൂടുതലും ടിപ്പിക്കൽ ഫാമിലികളിൽ നിന്നുള്ളതാകും. മോഡേൺ ഔട്ട് ലുക്ക് ഉള്ളവർ കുറവാണ്. ഇതും അതു പോലെ ആയിരിക്കും എന്നു തോന്നി. അമ്മ പറഞ്ഞപ്പോൾ, എന്തെങ്കിലും ആകട്ടെ, അമ്മയ്ക്ക് വേണ്ടി വെറുതെ പോയി കാണാം എന്നു കരുതി. ഒരു മെസേജ് പോലും അയയ്ക്കാതെ നേരിട്ട് മീറ്റ് ചെയ്യുകയായിരുന്നു. അന്ന് നിതേഷ് കൊച്ചിയിലുണ്ടായിരുന്നു. കണ്ട് സംസാരിച്ചപ്പോൾ ഇഷ്ടമായി. വീണ്ടും കുറച്ച് തവണ കൂടി നേരിൽ കണ്ടു. അത് കഴിഞ്ഞ് ഒരു ദിവസം നിതേഷ് കുടുംബത്തോടൊപ്പം വീട്ടിൽ വന്നു. അച്ഛനും അമ്മയ്ക്കും നിതേഷിനെ ഇഷ്ടമായതോടെ, ഇതാണ് ശരിയായ ആൾ എന്ന് എനിക്കും തോന്നി. അതിനു മുമ്പ്, ഓക്കെയാണോ, അതോ എനിക്കു മാത്രം തോന്നിയതാണോ എന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ, കുടുംബാംഗങ്ങൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ സൂപ്പർ ഫാസ്റ്റ് വേഗത്തിൽ സംഗതി ഉറപ്പിച്ചു. കണ്ട് ഒരു മാസത്തിനുള്ളിൽ മോതിരം മാറ്റം നടന്നു എന്നു പറഞ്ഞാൽ മതിയല്ലോ?

നടിയാണെന്ന് അറിഞ്ഞില്ല

എന്റെ നൃത്തം കണ്ടാണ് കൂടുതല്‍ ഇഷ്ടമായത് എന്നാണ് ആദ്യം കണ്ടപ്പോൾ നിതേഷ് പറഞ്ഞത്. നൃത്തം തുടരണം എന്നാണ് അദ്ദേഹത്തിന് ആഗ്രഹം. ആദ്യം നിതേഷിന് എന്നെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. പിന്നീടാണ് ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, വലിയ ഡാൻസ് പെർഫോമൻസുകൾ ചെയ്യുന്നുണ്ട് എന്നൊക്കെ അറിഞ്ഞത്. അമ്മ അഭിനേത്രിയാണ് എന്നറിയാമായിരുന്നുവെങ്കിലും ഞാൻ നടിയാണ് എന്ന് നിതേഷിന് അറിയില്ലായിരുന്നു.

u4

ആഗ്രഹിച്ച ആൾ

നിതേഷ് വളരെ പക്വതയുള്ള ആളാണ്. ഞാൻ അതാണ് ആഗ്രഹിച്ചതും. ജീവിത പങ്കാളിയായി വരുന്ന ആൾ ജീവിതത്തെ ഗൗരവമായി കാണണം, അച്ഛനോടൊപ്പം ഇരുന്ന് സംസാരിക്കാൻ പറ്റുന്ന ആളായിരിക്കണം, അറിവുള്ള ആളായിരിക്കണം, എന്നെക്കാൾ വിവരമുള്ള, കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റുന്ന ആളായിരിക്കണം എന്നൊക്കെയുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെ തന്നെയാണ് കിട്ടിയതും.

ശരിയായ സമയം

ബിജു ചേട്ടനും സംയുക്ത ചേച്ചിക്കുമൊക്കെയായിരുന്നു കൂടുതൽ തിടുക്കം. ‘മതി, ഇനി ഇവളെ കല്യാണ് കഴിപ്പിക്കാം’ എന്ന് അമ്മയോട് എപ്പോഴും പറയുമായിരുന്നു. ആളെ കിട്ടിയപ്പോൾ വേഗം നടത്താം എന്നായി. എന്റെ കൂട്ടുകാരുടെയൊക്കെ കല്യാണം നേരത്തേ കഴിഞ്ഞു. വരുന്ന ആലോചനകളൊന്നും എനിക്കിഷ്ടമായിരുന്നില്ല. എന്തായാലും ഇപ്പോള്‍ എല്ലാം ഒത്തു വന്നു. വിവാഹം കഴിഞ്ഞ് കൊച്ചിയിലും ബാംഗ്ലൂരിലുമായി നിൽക്കാനാണ് തീരുമാനം.