Tuesday 19 February 2019 11:42 AM IST : By സ്വന്തം ലേഖകൻ

‘വെള്ളം’ സങ്കൽപ കഥയല്ല! ചിത്രീകരണം മേയിൽ

prajesh-new

ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ നായകനായ വി.പി സത്യന്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റൻ’ മലയാളി ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രമാണ്. ക്യാപ്റ്റൻ തിയേറ്ററിലെത്തി ഒരു വർഷം പിന്നിടുമ്പോൾ സംവിധായകൻ പ്രജേഷ് സെന്നും നായകൻ ജയസൂര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കേട്ടത്. ‘വെള്ളം: ദി എസെൻഷ്യൽ ഡ്രിങ്ക്’ എന്നാണ് ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകളനുസരിച്ച്, ‘ക്യാപ്റ്റൻ’ പോലെ വെള്ളവും ഒരു യഥാർത്ഥ സംഭവത്തിന്റെ സിനിമാവിഷ്ക്കാരമാണ്.

കണ്ണൂർ സ്വദേശിയായ ഒരാളുടെ ജീവിതത്തിൽ നിന്നാണ് വെള്ളത്തിന്റെ പിറവിയെന്ന് പ്രജേഷ് സെൻ പറയുന്നു. ക്യാപ്റ്റനു ശേഷം മറ്റൊരു തിരക്കഥയുടെ വർക്കുമായി നീങ്ങവേയാണ് പ്രജേഷിനെ തേടി വെള്ളത്തിന്റെ കഥയെത്തിയത്.

ഷംസുദ്ദീൻ കുട്ടോത്തും വിജേഷുമാണ് വെള്ളത്തിന്റെ തിരക്കഥയെഴുത്തിൽ പ്രജേഷിനെ സഹായിക്കുക.

കാസ്റ്റിങ് പുരോഗമിക്കുന്ന ചിത്രം മേയ് അവസാനം ചിത്രീകരണമാരംഭിക്കും. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലാവും ലൊക്കേഷൻ.

നമ്പി നാരായണന്റെ ജീവിത കഥ പശ്ചാത്തലമാക്കി ആർ.മാധവൻ സംവിധാനം ചെയ്ത്, നായകനായി അഭിനയിക്കുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിക്കുകയാണിപ്പോൾ പ്രജേഷ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. മാധവൻ ശാരീരികമായ തയാറെടുപ്പുകൾക്കായി വിദേശത്തായതിനാൽ ചിത്രീകരണത്തിന് രണ്ടു മാസത്തെ ഇടവേള നൽകിയിരിക്കുകയാണ്.

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘ഓർമകളുടെ ഭ്രമണപഥം’ എന്ന പുസ്തകം പ്രജേഷാണ് തയാറാക്കിയത്. ഈ പുസ്തകം പശ്ചാത്തലമാക്കി ഒരു ഡോക്യുമെന്ററിയും പ്രജേഷ് ഒരുക്കിയിരുന്നു.