Friday 18 October 2019 01:12 PM IST

‘എന്റെ മുന്നിൽ വച്ച് മകൾ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു’! യദുകൃഷ്ണന്റെ മകൾ അച്ഛനെ തോൽപ്പിച്ചത് ഇങ്ങനെ

V.G. Nakul

Sub- Editor

y1

‘എന്റെ മുന്നില്‍ വച്ച് മോൾ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു...’ യദുകൃഷ്ണൻ ഇതു പറഞ്ഞത് പൊട്ടിച്ചിരിച്ചു കൊണ്ടാണ്. ആരും തെറ്റിദ്ധരിക്കേണ്ട, മകളും അച്ഛനും ഒരുമിച്ചുള്ള അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോൾ നർമ്മം കൈവിടാതെ യദു പറഞ്ഞ മറുപടിയാണിത്. 12 വയസിൽ നടനായ അച്ഛനെ പത്തു വയസിൽ ക്യാമറയ്ക്കു മുന്നിലെത്തി മകൾ തോൽപ്പിച്ച കഥ പറഞ്ഞു തുടങ്ങുമ്പോൾ യദുകൃഷ്ണന്റെ വാക്കുകളിൽ അഭിമാനം.

y6

മലയാളി പ്രേക്ഷകർക്ക് മുഖവുര ആവശ്യമില്ലാത്ത സാന്നിധ്യമാണ് യദുകൃഷ്ണൻ. ബാലനടനായി വന്ന് സിനിമയിലും സീരിയലിലും താരമായി വളർന്ന യദു പന്ത്രണ്ടാം വയസ്സിലാണ് തന്റെ ആദ്യ സിനിമയായ ‘വിവാഹിതരേ ഇതിലേ ഇതിലേ’യിൽ അഭിനയിച്ചത്. യദുവിന്റെ അനിയൻ വിധു കൃഷ്ണനും അതേ സിനിമയിലൂടെ ബാലതാരമായി അരങ്ങേറി എന്നത് മറ്റൊരു കൗതുകം. ഇപ്പോഴിതാ, യദു കൃഷ്ണന്റെ മകൾ മൂന്നാം ക്ലാസുകാരി ആരാധ്യയും അച്ഛന്റെയും കൊച്ചച്ഛന്റെയും വഴിയേ അഭിനയരംഗത്തേക്കെത്തിയിരിക്കുന്നു. കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ‘തോന്യാക്ഷരങ്ങൾ’ എന്ന സീരിയലിൽ, യദുവിനൊപ്പം ആമി എന്ന കഥാപാത്രമായി ആരാധ്യയുടെ പ്രകടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

y4

‘‘അഭിനയ മോഹമുണ്ടെന്ന് മോൾ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കെ.കെ രാജീവ് സാർ മോളെ അഭിനയിപ്പിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ, ഞാന്‍ മോളോട് തന്നെ ചോദിച്ചു. പക്ഷേ അവളുടെ മറുപടിയായിരുന്നു രസം. ‘എനിക്ക് അഭിനയിക്കണം അച്ഛാ, എനിക്ക് അച്ഛനെ തോൽപ്പിക്കണം’ എന്നായിരുന്നു അവളുടെ മറുപടി. കാരണം ചോദിച്ചപ്പോൾ അതിലും വലിയ രസം. ഞങ്ങള്‍ ഒന്നിച്ച് അടുത്തിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുമ്പോ കുറച്ചു പേർ വന്ന് എന്റെയൊപ്പം നിന്നു ഫോട്ടോ എടുത്തു. അതിൽ അവൾക്ക് അസൂയ തോന്നി അത്രേ. അവളുടെ കൂടെ നിന്നു ഫോട്ടോ എടുക്കാനും ആരെങ്കിലും ഒക്കെ വരണം. അതാണ് അഭിനയ മോഹത്തിന്റെ പ്രധാന കാരണം....’’.– യദു കൃഷ്ണൻ ചിരിയോടെ പറയുന്നു.

മകളുടെ വിവാഹത്തിന് പോയില്ല! കാരണം വ്യക്തമാക്കി സായ്‍കുമാർ

‘‘മോൾ പാടും നൃത്തം ചെയ്യും. കുഴപ്പമില്ലാതെ അഭിനയിക്കുന്നുമുണ്ട്. കെ.കെ രാജീവ് എന്ന സംവിധായകനൊപ്പം തുടങ്ങാനായത് അവളുടെ ഭാഗ്യം’’.– യദുവിന്റെ ശബ്ദത്തിൽ അച്ഛന്റെ അഭിമാനം.

തിരക്കേറിയ ബാലതാരം

y5

അച്ഛൻ കൃഷ്ണൻ നായരും അമ്മ വിജയലക്ഷ്മിയും കലാ ആസ്വാദകരായിരുന്നു. കൊല്ലത്താണ് നാടെങ്കിലും ബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ട് അച്ഛന്‍ കുടുംബത്തെയും കൂട്ടി തിരുവനന്തപുരത്തേക്കു വരുകയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കഥകളിക്കും മോഹിനിയാട്ടത്തിനുമൊക്കെ എനിക്കു ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഒരിക്കൽ റോട്ടറി ക്ലബ് നടത്തിയ മത്സരത്തിൽ സമ്മാനം തരാൻ വന്നത് ബാലചന്ദ്ര മേനോൻ സാറാണ്. അവിടെ വച്ച് സാറിനെ പരിചയപ്പെട്ടപ്പോൾ പുതിയ സിനിമയിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്നും ചിത്രാഞ്ജലിയിൽ ചെന്നു കാണാനും പറഞ്ഞു. അങ്ങനെയാണ് ‘വിവാഹിതരേ ഇതിലേ ഇതിലേ’യില്‍ അഭിനയിച്ചത്. കാണാൻ പോയപ്പോൾ, അനിയനും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നറിഞ്ഞ് അദ്ദേഹം അവനും ചിത്രത്തിൽ അവസരം കൊടുത്തു. പിന്നീട് ഞാൻ കുറേ സിനിമകളിൽ ബാലതാരമായി. ‘സൻമനസ്സുള്ളവർക്ക് സമാധാനം’, ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’, ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘ഉണ്ണികളെ ഒരു കഥ പറയാം’, ‘കിരീടം’ തുടങ്ങിയ വലിയ സിനിമകളുടെ ഭാഗമായി. കുട്ടിക്കാലത്തു തന്നെ സത്യൻ അന്തിക്കാട്, കമൽ, ബാലചന്ദ്ര മേനോൻ, സിബി മലയിൽ തുടങ്ങി വലിയ സംവിധായകർക്കും മമ്മൂട്ടി, മോഹൻലാൽ തുടങ്ങി വലിയ അഭിനേതാക്കൾക്കും ഒപ്പം പ്രവർത്തിക്കാനായത് ഭാഗ്യം.

സീരിയലിൽ താരം

y2

‘ചെങ്കോലി’ലൂടെയാണ് ബാലതാരത്തിൽ നിന്നു പ്രമോഷൻ കിട്ടിയത്. ഞാൻ അപ്പോൾ പ്രീ–ഡിഗ്രിക്കു പഠിക്കുന്നു. മാർ ഇവാനിയോസിൽ ഡിഗ്രി ഇക്കണോമിക്സിനു പഠിക്കുമ്പോഴാണ് ‘വേനൽ കിനാവുകളി’ൽ അഭിനയിച്ചത്. അപ്പോഴേക്കും സീരിയലുകളിലേക്കും അവസരങ്ങൾ കിട്ടി, പഠനം നിർത്തി സജീവ അഭിനയ ജീവിതത്തിലേക്കു കടന്നു. 1994–95 കാലത്താണ് ആദ്യ സീരിയൽ ‘എ.ഡി 2000’ ല്‍ അഭിനയിച്ചത്. അതിൽ രണ്ടു നായകൻമാരിൽ ഒരാളായിരുന്നു. പിന്നീട് സീരിയലില്‍ തിരക്കായി. ‘താലി’, ‘മാനസപുത്രി’, ‘സ്വരരാഗം’, ‘വീണ്ടും ജ്വാലയായി’, ‘വലയം’, ‘ചന്ദ്രോദയം’ തുടങ്ങി ശ്രദ്ധേയമായ അമ്പതിലധികം സീരിയലുകളിൽ ഇതിനോടകം അഭിനയിച്ചു. ശ്രീകുമാരന്‍ തമ്പി സാറിന്റെ 5 സീരിയലുകളിൽ അഭിനിക്കാൻ സാധിച്ചത് ഭാഗ്യം. പണ്ട് ഞാൻ ഏത് പ്രൊജക്ട് വന്നാലും ഓക്കെ പറയും. എന്നാൽ 2008 ന് ശേഷം സെലക്ടീവായി. ഇപ്പോൾ ‘തോന്യാക്ഷരങ്ങൾ’ക്കൊപ്പം ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്.

സിനിമ ചരിത്രമാണ്

സിനിമയിൽ അവസരം കുറഞ്ഞു, എന്തുകൊണ്ടു കുറഞ്ഞു എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എല്ലാക്കാലവും ഞാൻ സീരിയലിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോഴും എല്ലാവരും പറയുന്നത് ഞാൻ അഭിനയിച്ച സിനിമകളെക്കുറിച്ചാണ്. കാരണം അത് ചരിത്രമാണ്. എക്കാലവും ഓർക്കപ്പെടും. എന്തായാലും ഏതായാലും അഭിനയം ആയിരുന്നു എനിക്കു പ്രധാനം. പിന്നീട് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’, ‘സ്പീഡ് ട്രാക്ക്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കിട്ടി. ഇനിയും സിനിമയിൽ നല്ല വേഷങ്ങൾ കിട്ടണം എന്നുണ്ട്. സമയം കഴിഞ്ഞു പോയിട്ടില്ലല്ലോ. വരും എന്നു തന്നെയാണ് വിശ്വാസം. അതിനുള്ള തയാറെടുപ്പിലാണ് ഞാൻ.

കോളേജിൽ പഠിക്കുമ്പോൾ നൃത്തം വിട്ടു. കഥകളി 12 വർഷം പഠിച്ചു. മറ്റുള്ളവ മത്സരങ്ങൾക്കു വേണ്ടി മാത്രം പഠിച്ചവയാണ്. ആകാശവാണിയിൽ കുട്ടികള്‍ മാത്രമായി ദുര്യോധന വധം കളിച്ചത് മനോഹരമായ ഓർമയാണ്.

അവൻ എന്നെക്കാൾ നല്ല നടൻ

y3

അനിയൻ പിന്നീട് അഭിനയം വിട്ട് ബിസിനസ്സ് തുടങ്ങി. എന്നെക്കാൾ നല്ല നടൻ അവനാണ്. നാച്ചുറലായി അഭിനയിക്കുന്ന ആളാണ്. ‘ശുഭയാത്ര’, ‘മറുപുറം’, ‘പ്രാദേശിക വാർത്തകൾ’, ‘മയിൽപ്പീലിക്കാവ്’ തുടങ്ങി കുറേ സിനിമകളിൽ അവൻ അഭിനയിച്ചിട്ടുണ്ട്. എം.ബി.എ കഴിഞ്ഞ് ജോലിയായപ്പോൾ അഭിനയം വിട്ടു. പിന്നീട് ബിസിനസ്സിലേക്ക് തിരിഞ്ഞു. ഇപ്പോഴും അവന്റെ മനസ്സിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടെന്നു ഞാൻ കരുതുന്നു.

കുടുംബം

വീട്ടിൽ അച്ഛൻ, അമ്മ, ഭാര്യ, മകൾ എന്നിവരാണ് ഉള്ളത്. ഭാര്യ ലക്ഷ്മിയുടെ പിന്തുണ വലുതാണ്. അവൾ നന്നായി പാടും. സിനിമയിൽ ഒരു മികച്ച വേഷം തേടി വരും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഞാൻ.

ഷക്കീല തരംഗത്തിൽ വഞ്ചിക്കപ്പെട്ടു, പിന്നെ 14 വർഷം ഞാൻ അഭിനയത്തോടു പിണങ്ങി നിന്നു! മധു മേനോൻ വീണ്ടും തിരക്കിലേക്ക്