Tuesday 26 September 2023 12:08 PM IST : By Ramkumar P

യാത്രയുടെ അന്ത്യം; കെ. ജി. ജോർജ് അവസാനം സംവിധാനം ചെയ്ത ടെലിഫിലിം

yatrayude-anthyam-telefilm-kggeorge-cover യാത്രയുടെ അന്ത്യം ലൊക്കേഷൻ മുരളിയും മറ്റ് അഭിനേതാക്കൾക്കൊപ്പം കെ.ജി.ജോർജ്, കെ. ജി. ജോർജ്

ചൂണ്ടു പലകകൾ മിക്കപ്പോഴും ആദ്യം കടന്നു പോകുന്നവരാണ് നാട്ടുന്നത്. പലപ്പോഴും ആദ്യം കടന്നു പോകുന്നത് കൂട്ടമായിരിക്കില്ല. വ്യക്തിയായിരിക്കും.' തിരുവല്ലക്കാരൻ കുളക്കാട്ടിൽ ഗീവർഗീസ് ജോർജെന്ന കെ. ജി. ജോർജിന്റെ ചലചിത്ര ജീവിതത്തിൽ യാദൃശ്ചികതകൾ കുറവാണ്. എല്ലാം അങ്ങനെ സംഭവിക്കുകയായിരുന്നു. ഒന്നൊഴികെ. കാൽ നൂറ്റാണ്ട് കാലത്തെ തന്റെ ചലചിത്ര ജീവിതത്തിൽ അവസാനം സംവിധാനം ചെയ്ത ഫിലിമിന്റെ പേര് ‘യാത്രയുടെ അന്ത്യം’ എന്നായിരുന്നു. നിർഭാഗ്യവശാൽ അത് അദ്ദേഹത്തിന്റെ സംവിധാന ജീവിതത്തിന്റെ അന്ത്യമായി. കെ. ജി. ജോർജ് എന്ന സംവിധായകന്റെ അവസാന ചിത്രമായി അത്. ഒരു ചലചിത്ര യാത്രയുടെ അന്ത്യം.

ആദ്യത്തെയും അവസാനത്തേയും ടെലിഫിലിം

1976 ലെ സ്വപ്നാടനം മുതൽ ഇലവങ്കോട് ദേശം (1998) യുള്ള 18 സിനിമകൾ കഴിഞ്ഞാണ് ആദ്യത്തെയും അവസാനത്തെയും ടെലിഫിലിം കെ. ജി.ജോർജ് ദൂരദർശന് വേണ്ടി സംവിധാനം ചെയ്യുന്നത്. ഇന്ത്യയിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞ സ്വകാര്യ കേബിൾ വിപ്ലവത്തിനെ നേരിടാൻ ദേശീയ ചാനലായ ദൂരദർശൻ ഫീച്ചർ ചലചിത്രങ്ങൾ നിർമിക്കാൻ പ്രദേശിക ചാനലുകൾക്ക് ധനസഹായം നൽകാൻ ദന്തഗോപുരം വിട്ടിറങ്ങിയതിന്റെ ഫലമായാണ് ഇത്തരം ചിത്രങ്ങളുടെ പിറവി. അരവിന്ദന്റെ മാറാട്ടം (1989) ഇങ്ങനെ പുറത്തുവന്ന ടെലിസിനിമയാണ്. ഈ സിനിമകൾക്ക് തിയറ്റർ പ്രദർശനം ഇല്ലായിരുന്നു, നേരിട്ട് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. ഇന്നത്തെ OTT റിലീസുകളുടെ ആദി രൂപമായി വേണമെങ്കിൽ ഇതിനെ കണക്കാക്കാം. ഈ പദ്ധതിയിൽ വന്ന ആദ്യ ചിത്രങ്ങളിലൊന്നായിരുന്നു കെ. ജി. ജോർജിന്റെ 1991 ലെ ടെലിഫിലിം, 'യാത്രയുടെ അന്ത്യം '

yatrayude-anthyam-telefilm-kggeorge-creditline യാത്രയുടെ അന്ത്യം : കെ. ജി. ജോർജിന്റെ ക്രെഡിറ്റ് ലൈൻ

സമാന്തര സിനിമയുടെ വക്താക്കളായി അറിയപ്പെട്ടവരും കെ. ജി. ജോർജിന്റെ സമകാലീനരുമായ ഭരതൻ, പത്മരാജൻ, മോഹൻ തുടങ്ങിയവരൊന്നും കാൽവയ്ക്കാത്ത ടെലിഫിലിം മേഖലയിൽ അദ്ദേഹം എത്തി ചേർന്നത് മുഖ്യധാര ചലചിത്ര രംഗത്ത് അദ്ദേഹത്തിന്റെ കാലമവസാനിച്ചതിനാലാണെന്ന അടക്കം പറച്ചിലുകളൊക്കെ അന്നു കേട്ടിരുന്നു പക്ഷേ, അതു ശരിയായിരുന്നില്ല. നേരത്തെ പറഞ്ഞ സമകാലീനരൊക്കെ അന്നു സിനിമയിൽ സജീവമായിരുന്നു. പക്ഷേ, കെ.ജി.ജോർജ് അവരിൽ നിന്ന് വത്യസ്തനായത് മറ്റു ചില കാര്യങ്ങളിലായിരുന്നു. എല്ലാം വലിയ രീതിയിൽ ചിന്തിക്കുന്ന ഷോമാൻ രാമു കാര്യാട്ടിന്റെ പ്രിയ ശിഷ്യനായിട്ടും വൻ മുതൽ മുടക്കുള്ള വമ്പൻ ചിത്രങ്ങളിലേക്ക് കടക്കാൻ ഭരതനേപ്പോലെ അദ്ദേഹം ഒരു കാലത്തും തുനിഞ്ഞില്ല.

കെ. ജി.ജോർജിന്റെ 6 സിനിമകളിൽ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. ബാക്കിയിലൊക്കെ ഗോപിയും നെടുമുടിയും തിലകനുമൊക്കെയാണ് പ്രധാനതാരങ്ങൾ. മോഹൻലാൽ എന്ന താരത്തെ കെ.ജി. ജോർജ് തന്റെ ചലച്ചിത്രങ്ങളിൽ ഒരിക്കലും പരിഗണിച്ചില്ല. താരബാഹുല്യം ഒരു കാലത്തും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉണ്ടായിട്ടില്ല.

യവനികയൊഴിച്ചാൽ മറ്റ് പടങ്ങളൊന്നും വാണിജ്യപരമായി വലിയ വിജയമായിരുന്നുമില്ല. അങ്ങനെ നോക്കുമ്പോൾ ഒരു ടെലിഫിലിം സംവിധായകനാകുന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു സാധാരണ കാര്യമാണ്. തന്റെ സമകാലീരായ ത്രിമൂർത്തികളിൽ നിന്ന് കെ. ജി. ജോർജ് വേറിട്ട് നിൽക്കുന്നതും അങ്ങനെയാണ്.

പാറപ്പുറത്തിന്റെ ‘കോട്ടയം മാനന്തവാടി’

yatrayude-anthyam-telefilm-kggeorge-murali-still

പാറപ്പുറത്തിന്റെ 'കോട്ടയം മാനന്തവാടി' എന്ന ചെറുകഥയാണ് ടെലി ഫിലിമിനാധാരം. മാധ്യമത്തിന്റെ പുതുമയും അത് നൽകിയ സ്വാതന്ത്ര്യവുമാണ് പാറപ്പുറത്തിന്റെ ചെറുകഥ തിരഞ്ഞെടുക്കാൻ കെ. ജി. ജോർജിനെ പ്രേരിപ്പിച്ചത്. തിയറ്റർ റിലീസില്ലാത്തതിനാൽ ജയപരാജയങ്ങളില്ല എന്നതും ഒരു കാരണമാണ്. ദൂരദർശനിലെ ജോൺ സാമുവലും കെ. ജി. ജോർജും തിരക്കഥ. വേണുവും സണ്ണി ജോസഫും ചായാഗ്രഹണം. എം.ജി.രാധാകൃഷ്ണൻ സംഗീതം.

മുരളി, സോമൻ, കരമന, ആശാ ജയറാം, അലിയാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും അത്ര അറിയപ്പെടാത്തവരോ ആദ്യമായി അഭിനയിക്കുന്നവരോ ആയിരുന്നു. ജോർജിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സോമൻ. മുരളി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ വേള.

കഥാനായകനായ സാഹിത്യകാരൻ വികെവിയുടെ (മുരളി) യാത്രയിൽ നിന്നാണ് പടം ആരംഭിക്കുന്നത്. ഈ വികെവി പാറപ്പുറം തന്നെയാണെന്നു സംഭാഷണങ്ങളിലൂടെ അറിയാം. അദ്ദേഹത്തിന്റെ മികച്ച കൃതിയായ അര നാഴിക നേരത്തെ കുറിച്ച് സിനിമയിൽ പരാമർശങ്ങളുണ്ട്.

ആശയവിനിമയ രീതി കത്തുകളിലൂടെ നടക്കുന്ന കാലത്ത്, ടെലിഗ്രാമുകൾ നല്ലതോ ചീത്തയോ ആയ വാർത്തകളുമായി നമ്മെ തേടിവരുമായിരുന്നു. തന്റെ മാനസഗുരുവും രക്ഷിതാവുമായ എബ്രഹാം സാറിന്റെ ഒരു ടെലിഗ്രാം കിട്ടിയ വികെവി ശുഭമോ അശുഭമോ എന്നറിയാതെ അദ്ദേഹം ത്തിന്റെ നാടായ മന്തരത്തോപ്പിലേക്കുള്ള നടത്തുന്ന കെഎസ്ആർടിസി ബസ് യാത്രയാണ് സിനിമയുടെ കഥാരൂപം.

yatrayude-anthyam-telefilm-kggeorge-ksrtc-still

ഫ്ലാഷ്ബാക്കിലൂടെ വികെവിയും അവന്റെ ഉപദേഷ്ടാവും തമ്മിലുള്ള ബൗദ്ധിക വിനിമയങ്ങൾ പോലും സ്വാഭാവികമായി അനുഭവപ്പെടുന്നു, കഥയോട് ചേർന്നു പോകുന്ന ഫ്ലാഷബാക്ക്. സംഭവങ്ങൾ കാഴ്ചക്കാരെ ഒരിക്കലും ആശയക്കുഴപ്പത്തിലാക്കുന്നില്ല. ടെലിഫിലിമിലും കെ. ജി. ജോർജിന്റെ ലളിതമായ ശൈലി തന്നെ.

ബസ് യാത്രയ്ക്കിടെ വികെവി കണ്ടുമുട്ടുന്ന കാഴ്ചകളും ആളുകളും സിനിമയെ സജീവ മാക്കുന്നു. അറുപതുകളുടെ അവസാനം കേരളത്തെ പിടികൂടിയ ഗൾഫ് ബൂം നന്നായി അനുഭവിച്ചവരാണ് മാവേലിക്കരനായ പാറപ്പുറത്തും തിരുവല്ലക്കാരൻ കെ. ജി. ജോർജും. പാശ്ചാത്യനാടുകളിൽ ജീവിക്കുന്ന, പ്രവാസി മലയാളി, അവന്റെ നാട്ടിലെ ജീവിതനിലവാരത്തെ പുച്ഛിച്ചു തള്ളുന്നതിന്റെ അമർഷം അടയാളപ്പെടുത്താനാകാം ബസിൽ രണ്ട് കഥാപാത്രങ്ങളെ ഇരുത്തിയത്.

തന്റെ കഥകൾ തന്നിലും ഭാര്യയിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ആകർഷകമായ ആഡംബരമില്ലാത്ത ഭാഷയിൽ പറയുന്ന ബസ് കണ്ടക്ടർ മാത്രമാണ് വികെവിയെന്ന എഴുത്തുകാരനെ ബസ്സിൽ വെച്ച് തിരിച്ചറിയുന്നത്.

കേരളത്തിലെ ഒരു സർക്കാർ വാഹനത്തിൽ യാത്ര ചെയ്യുന്നതിലുള്ള അതൃപ്തി സഹയാത്രികനോട് പല തവണ അറിയിക്കുന്ന പൊങ്ങച്ചക്കാരനായ എൻആർഐക്കാരനായ മറ്റൊരു യാത്രക്കാരൻ, പ്രശസ്തനാണെന്നറിയുമ്പോൾ എഴുത്തുകാരനോട് ഹസ്തദാനം ചെയ്യാൻ തയ്യാറായി. അദ്ദേഹം എഴുതിയതൊന്നും വായിച്ചിട്ടില്ല. “ഇന്ത്യയിൽ എഴുത്ത് വളരെ കുറഞ്ഞ ശമ്പളമുള്ള ഒരു തൊഴിലാണ്. അത് പാശ്ചാത്യരിൽ നിന്നു പഠിക്കണം..” അദ്ദേഹം വികെവിക്ക് ഉപദേശവും നൽകുന്നുണ്ട്. സാഹിത്യകാരനോടുള്ള സമൂഹത്തിന്റെ സമീപനം ഓർമിപ്പിക്കുന്ന രംഗമായി കാണാം.

വികെവിയുടെ ഓർമശകലങ്ങളിൽ നിന്നുമാണ് എബ്രഹാംസാറിനെ അറിയുന്നത്. അവർ നരവംശശാസ്ത്രം, ചരിത്രം, സാഹിത്യം എന്നിവയെക്കുറിച്ച് ആവേശത്തോടെ ചർച്ച ചെയ്യുന്നു. എബ്രഹാമിന്റെ ലോകവീക്ഷണം, അയാളുടെ വായനാശീലങ്ങളാൽ രൂപപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്..

കെ. ജി. ജോർജിന്റെ സിനിമകൾ സൂക്ഷ്മമായി പരിശോധിച്ചാൽ, മലയാളി മധ്യവർഗ ജീവിതത്തിന്റെ സൂക്ഷ്മതകളിൽ അദ്ദേഹം അതിവ ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാം.

yatrayude-anthyam-telefilm-kggeorge-murali-still2

യാത്രയുടെ അന്ത്യത്തിൽ, വധുവും അവളുടെ പിതാവും ഉൾപ്പെടെയുള്ള ഒരു വിവാഹ പാർട്ടി ബസ്സിൽ വിവാഹ വേദിയിലേക്ക് പോകുകയാണ്. നഴ്‌സായ വധു ഭർത്താവിനൊപ്പം ഗൾഫ് മേഖലയിലേക്ക് താമസിയാതെ കുടിയേറുന്നതിനാൽ വഴിയിൽ, കുടുംബത്തെ കാത്തിരിക്കുന്ന സാമ്പത്തിക അഭിവൃദ്ധിയെക്കുറിച്ച് അവർ ബസ്സിൽ പാടുന്നു. ഒടുവിൽ വധുവിന്റെ പിതാവ് ബസിൽ വെച്ച് പെട്ടെന്ന് മരിക്കുന്നു. തന്റെ തൊട്ടരികിൽ ഇരുന്ന ആ വയോവൃദ്ധന്റെ മരണം ആദ്യം കാണുന്നതും അറിയുന്നതും വികെവി തന്നെ. ഇടത്തരക്കാരന്റെ സന്തോഷവും ദുഃഖവും കടന്നുപോകുന്ന ആ രംഗങ്ങളൊക്കെ ലളിതമായി പകർത്തിയ ഈ ചിത്രം ഒരു ടെലിഫിലിമിന്റെ പരിമിതികൾ നമ്മെ ഒരിക്കലും ഓർമിപ്പിക്കില്ല.

ഒടുവിൽ എബ്രഹാം സാറിന്റെ വീട്ടിലെത്തുന്ന വികെവി പക്ഷേ, വൈകിപ്പോയി. അവിടെ കാണുന്നത് അദ്ദേഹത്തിന്റെ ജീവനറ്റ ശരീരവും അടുത്തിരുന്ന് വിലപിക്കുന്ന വിധവയായ ഒരേ ഒരു മകളേയുമാണ്. ചിത്രത്തിലെ ഏറ്റവും ഹൃദയത്തെ തൊടുന്ന അവസാന രംഗത്തിൽ എബ്രഹാം സാറിന്റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് മകൾ കണ്ണുനീരോടെ വികെവിയോട് പറയുന്നു.

‘അവസാനം വരെ നല്ല ബോധമുണ്ടായിരുന്നു. വന്നോ വന്നോയെന്ന് പല പ്രാവശ്യം ചോദിച്ചു. ഒടുവിൽ പറഞ്ഞു അയാളിപ്പോൾ വണ്ടിയിൽ ഉണ്ടാകും എന്റെ മരണം കാണുകയായിരിക്കും’

അൽപം മുൻപ് മാത്രം തൊട്ടടുത്ത് ഒരു മരണം കണ്ട വികെവി ഈ വാക്കുകളിൽ സ്‌തബ്ദനായി തരിച്ച് നിൽക്കുന്നു. എബ്രഹാം സാർ ഒരിക്കലും തന്നോടു പറയാത്ത ഒന്ന്. സത്യം ഒന്നേയുള്ളു മരണം. മരണം മാത്രം. എന്നത് വികെവിയുടെ മനസിലേക്കെത്തി നിൽക്കുകയാകാം.,' 'സമയമാം രഥത്തിൽ ' എന്ന ഗീതത്തിന്റെ പശ്ചാത്തലത്തിൽ ‘യാത്രയുടെ അന്ത്യം'. തീരുന്നു.

yatrayude-anthyam-telefilm-kggeorge-last-lap-still

കെ.ജി. ജോർജ് സംവിധാനം ചെയ്ത അര ഡസൻ സിനിമയെക്കാൾ കലാമൂല്യമുള്ളതായിരുന്നു ‘യാത്രയുടെ അന്ത്യം’ എന്ന ഈ ടെലിഫിലിം. ദൂരദർശന് ഒരു പ്രഫഷനൽ വിപണന തന്ത്രമില്ലാത്തതിനാൽ ഈ ചിത്രം അധികം അറിയപ്പെടാതെ പോയി. വി. ആർ. ഗോപിനാഥിന്റെ ' ഉണ്ണിക്കുട്ടന് ഒരു ജോലി കിട്ടി' ശ്യാമ പ്രസാദിന്റെ ' പെരുവഴിയിലെ കരിയിലകൾ' എന്നിവക്കും ഇതേ ദുർഗതി വന്നു. ദൂരദർശൻ കുറെക്കൂടി ഈ ചിത്രങ്ങൾ തിയറ്ററുകളിൽ വിപണനം വഴിയെത്തിയെങ്കിൽ താമസിയാതെ മലയാളി സംവിധായകർ ആ വഴിക്ക് നീങ്ങിയേനെ. ടെലി ഫിലിം മേഖല വളർന്നേനെ. കുറഞ്ഞ ചിലവിൽ നല്ല ചിത്രങ്ങൾ എടുക്കാമെന്ന സംവിധാനം ഉണ്ടായേനെ.

നാൽപ്പത്തൊന്ന് വർഷം മുൻപ് സംവിധാനം ചെയ്ത ‘യവനിക’യെന്ന ക്ലാസിക്ക് ചിത്രത്തിന്റെ ഹാങ്ങോവറിൽ ജീവിച്ച സംവിധായകനാണ് കെ.ജി. ജോർജ്. അതിന് ശേഷം ‘ലേഖയുടെ മരണം ഫ്ലാഷ് ബാക്ക്’ (1983) ‘ഈ കണ്ണി കൂടി’ തുടങ്ങിയ വ്യത്യസ്തമായ സിനിമകളെടുത്തിട്ടും യവനിക പ്രഭാവം മറികടക്കാൻ തന്റെ ജീവിത കാലത്ത് അദ്ദേഹത്തിനായില്ല.

ഈ ടെലി ഫിലിം കെ.ജി. ജോർജ് എന്ന സംവിധായകന്റെ മറ്റൊരു മികച്ച സംഭാവനയാണ്. അധികം വാഴ്ത്തപ്പെടാത്ത ഒരു സാധാരണ, പക്ഷേ മലയാളം ദൂരദർശൻ കാണിച്ച എറ്റവും നല്ല ടെലിഫിലിം സംവിധാനം ചെയ്തത് കെ.ജി. ജോർജ് തന്നെയാണ്.

യാത്രയുടെ അന്ത്യം’ കാണാം...