ADVERTISEMENT

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ തുടരും വൻ വിജയം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിൽ ഏറെ പ്രശംസിക്കപ്പെടുന്ന പ്രകടനങ്ങളിലൊന്ന് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടേതാണ്. സി.ഐ. ജോര്‍ജ് മാത്തനായെത്തിയ പ്രകാശ് വര്‍മയുടെ അഭിനയശൈലി പ്രേക്ഷകർക്ക് പുതുമ പകരുന്നതായി.

ഇപ്പോഴിതാ, തുടരും ഷൂട്ടിങ്ങിനിടെ പകർത്തിയ മോഹന്‍ലാലിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പ്രകാശ് വര്‍മ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ വേഷത്തിലും മേക്കപ്പിലുമുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

‘തുടരും സിനിമയുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങളെ മാന്ത്രികം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഞാന്‍ എന്നെ കണ്ടെത്തി, ഒരു പുതിയ വീട് കണ്ടെത്തി, ഒരു കുടുംബത്തെ കണ്ടെത്തി. കൃതജ്ഞത എന്ന ഒറ്റവികാരം മാത്രമാണ് എനിക്ക് തോന്നുന്നത്. എന്റെ ഏറ്റവും വലിയ പാരിതോഷികം ലഭിച്ചത് ലാലേട്ടനില്‍ നിന്നാണ്. അദ്ദേഹമാണെന്റെ ഹീറോയും പ്രചോദനവും ഉപദേശകനും സഹോദരനും അധ്യാപകനും സുഹൃത്തും’ എന്നാണ് ചിത്രങ്ങൾക്കൊപ്പം പ്രകാശ് കുറിച്ചത്.

ഒരു കാലത്ത് പ്രേക്ഷകരെ അതിശയിപ്പിച്ച ശ്രദ്ധേയ പരസ്യചിത്രങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമ. ബെംഗളൂരു ആസ്ഥാനമായ പരസ്യചിത്രനിർമാണ സ്ഥാപനം ‘നിർവാണ’യുടെ സ്ഥാപകനുമാണ്. വി.കെ പ്രകാശിന്റെ പരസ്യ ചിത്രങ്ങളിൽ സംവിധാനസഹായിയായിരുന്ന പ്രകാശ് വർമ്മ 2001ലാണ് നിർവാണ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പാണ് സ്ഥാപനത്തിന്റെ സഹഉടമ. ഇന്ന് ഇന്ത്യൻ പരസ്യനിർമാണ രംഗത്ത് മുൻനിരയിലാണ് നിർവാണ.

രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ വൊഡോഫോൺ സൂസൂ സിരീസ് പരസ്യങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഒരു കുട്ടിയേയും പഗ്ഗ്‌ എന്ന നായക്കുട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഹച്ചിനു വേണ്ടി ഒരുക്കിയ പരസ്യവും ജനപ്രിയമായി. കാമെറി, ബിസ്‍ലെരി, കിറ്റ്കാറ്റ്, ഐഫോണ്‍, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കി. ദുബായി ടൂറിസത്തിനു വേണ്ടി ഷാറുഖ് ഖാനെ അവതരിപ്പിച്ച പരസ്യവും ശ്രദ്ധ നേടി.

ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ‍ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് വർമ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ‘ഏഴ് സുന്ദര രാത്രികളുടെ’ നിർമാതാവുമാണ്.

ADVERTISEMENT