‘അമ്മ’ സഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നടൻ നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് ഇതിനോടകം വന്‍ ചർച്ചയാണ്. ഇപ്പോഴിതാ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാസർ ലത്തീഫ്.
ഒരു വർഷം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജയൻ ചേർത്തലയ്ക്ക് അയച്ച ഓഡിയോ ആയിരുന്നു ഇതെന്നും സ്വന്തം സഹോദരനായി കരുതുന്ന ജയൻ ചേർത്തല തന്നോട് ഈ വിശ്വാസ വഞ്ചന ചെയ്യുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ലെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ നാസർ പറയുന്നു.
‘എന്തിനാണ് ഇത്, ഇതിന്റെ ആവശ്യം വല്ലതും ഉണ്ടോ? അങ്ങനെ ഇറക്കാനാണെങ്കിൽ എന്റെ കയ്യിൽ എത്രയോ ക്ലിപ്സ് ഇരിപ്പുണ്ട്. ഞാൻ അതൊക്കെ പുറത്തേക്ക് വിട്ടു കഴിഞ്ഞാൽ വലിയ വിവാദങ്ങളാകും ‘അമ്മ’യ്ക്കകത്ത്. ഞാൻ അങ്ങനെയുള്ള ഒരു മനുഷ്യനല്ല. ഇതൊക്കെ വിശ്വാസവഞ്ചനയാണ്. നമ്മൾ ഒരു സുഹൃത്തിനെ വിശ്വസിച്ച് ഒരു കാര്യം അയയ്ക്കുമ്പോൾ അത് ഒരു വർഷം സൂക്ഷിച്ചുവെച്ച് ഇലക്‌ഷൻ തീരുമാനിക്കുന്ന ദിവസം അതെടുത്ത് വൈറൽ ആക്കി എല്ലാ ചാനലുകാർക്കും കൊടുത്ത് നമ്മളെ ഒരുമാതിരി ചീപ്പ് ആക്കുന്ന ഒരു പരിപാടി. എന്തിനാണ് ഇതിന്റെ ആവശ്യം ? എന്ത് നേടാനാണ്, എന്നോട് ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ ഒഴിഞ്ഞു തരാം.
എന്റെ അനുജത്തിയെ പോലെ ഞാൻ കരുതുന്ന ലക്ഷ്മിപ്രിയയും, എന്റെ അനുജനെ പോലെ കരുതുന്ന ജയൻ ചേർത്തലയും വന്നിരുന്നോട്ടെ ആ കസേരയിൽ. അവര്‍ ഭരിച്ചോട്ടെ. എനിക്ക് ഇതിനകത്ത് ഒരു നിർബന്ധവുമില്ല. എന്നാൽ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ദ്രോഹിക്കുന്നത് ?
ഇത്ര കാലഘട്ടത്തിന്റെ ഉള്ളിൽ ഞാൻ ഇങ്ങനെ ഒരിക്കലും ചെയ്യുന്ന ഒരാളല്ല, ആരോടും ഞാൻ ചെയ്തിട്ടില്ല ഒരാളോടും ചെയ്തിട്ടില്ല. ലോകത്ത് എന്താ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ എന്തെങ്കിലും വാചകങ്ങൾ വായിൽ നിന്ന് വന്നു പോവൂല്ലേ, ഇതൊക്കെ ആദ്യമായിട്ടാണോ ? അല്ലാണ്ട് ഞാൻ ഒന്നും കയ്യിട്ട് വാരിയിട്ടില്ല, ഒന്നും ചെയ്തിട്ടില്ല, ഒരു തെറ്റും ചെയ്യും ചെയ്തിട്ടില്ല അതിനുള്ള ഒന്നും ഞാൻ കാണിച്ചിട്ടില്ല, പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത് ? എന്തിനാണ് എന്നെ കുരിശിൽ കയറ്റുന്നത്, എന്തായാലും എല്ലാവരോടും സോറി’. - നാസർ ലത്തീഫ് പറയുന്നു.