അപ്രതീക്ഷിതമായിരുന്നു നടന്‍ കലാഭവൻ നവാസിന്റെ മരണം. പ്രിയപ്പെട്ടവർക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാനാകാത്ത വിയോഗം. നവാസ് ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിൽ വേദനയോടെ നിറയുന്ന ഒരു മുഖം നവാസിനൊപ്പം എപ്പോഴും പുഞ്ചിരിയോടെ ചേർന്നു നിന്നിരുന്ന ഭാര്യ രഹ്നയുടേതാണ്. നടിയും നർത്തകിയുമായ രഹ്ന സിനിമയിൽ സജീവമായിരുന്ന കാലത്താണ് നവാസിന്റെ ജീവിതസഖിയായത്. ഒടുവിൽ 21 വർഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനൊടുവിൽ രഹ്നയെ തനിച്ചാക്കി നവാസ് മടങ്ങി.
ഇപ്പോഴിതാ, നവാസും രഹ്‌നയും ഒരുമിച്ചെത്തിയ ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് നൊമ്പരമാകുന്നത്. ‘എന്നെ ഇവൾ ഉറങ്ങാൻ സമ്മതിക്കാറില്ല’ എന്നു നവാസ് പറയുമ്പോൾ,
‘എനിക്ക് ഇഷ്ടം അല്ല ഇക്ക ഉറങ്ങുന്നത്...ഉറങ്ങുന്നത് കാണുമ്പോൾ ഞാൻ തോണ്ടി വിളിക്കും. മരിക്കുമ്പോൾ ഒരുപാട് ഉറങ്ങാമല്ലോ. ജീവിച്ചിരിക്കുന്ന സമയത്ത് എന്നോടൊപ്പം ഇരിക്കാമല്ലോ എന്നാണ് ചിന്തിക്കാറ്’ എന്നാണ് രഹ്ന പറയുന്നത്.
വെള്ളിയാഴ്ച ചോറ്റാനിക്കരയിലെ ഹോട്ടലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണായിരുന്നു നവാസിന്റെ അന്ത്യം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നവാസിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണം കണ്ടെത്തിയിരുന്നു. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത്. വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലയിലും മുറിവുണ്ടായി.