ADVERTISEMENT

ജനപ്രതിനിധിയായ യുവരാഷ്ട്രീയനേതാവില്‍ നിന്നു മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി നടി റിനി ആൻ ജോർജ് രംഗത്തെത്തിയത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

നേതാവിൽ നിന്നു അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതു പോലെയുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പരിചയപ്പെട്ടതെന്നും എന്നാൽ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് അപ്പോൾ മുതൽ മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു എന്നും അവർ വ്യക്തമാക്കി. മൂന്നര വര്‍ഷം മുൻപാണ് യുവനേതാവിൽനിന്ന് ആദ്യമായി അശ്ലീല സന്ദേശങ്ങൾ ലഭിച്ചത് എന്നും അവർ.

യുവനേതാവിന് സൈക്കോ ക്യാരക്ടർ എന്നാണ് റിനി പറയുന്നത്. പരിചയപ്പെട്ടപ്പോൾ‌ തന്നെ അശ്ലീല സന്ദേശം അയച്ചു. രാഷ്ട്രീയ നേതാവാകാൻ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാർമികത കാണിക്കണം. ഇക്കാര്യം പറഞ്ഞ നേതാക്കളിൽനിന്നു തനിക്ക് നീതി ലഭിച്ചില്ല.

ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉൾപ്പെട്ട പ്രസ്ഥാനത്തോട് താൻ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാൻ കഴിയുന്ന ഉറവിടത്തിൽ നിന്നാണ് താൻ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയിൽ ആയി തീരണം. വേറെ ഒരു സെറ്റിൽമെന്റിനും ഇല്ല. അയാൾ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.

പല സമയത്ത് പല സ്ത്രീകളും പറഞ്ഞിട്ടും അത് മൈൻഡ് ചെയ്യാതെ വന്നപ്പോഴാണ് താൻ മുന്നോട്ടുവന്നത്. സമൂഹത്തോട് അയാൾ പ്രതിബദ്ധത കാണിക്കണം. ഈ സമൂഹത്തോട് പറയാനുള്ളത് പറയണമെന്നത് എന്റെ ഡ്യൂട്ടിയാണ്. നേരിട്ട് അറിഞ്ഞിട്ടും ഇത് മനസിൽ കൊണ്ടു നടക്കാൻ തനിക്ക് സാധിക്കുന്നില്ല. യാതൊരു ഭയവുമില്ല, തീർത്തും ഭയമില്ല. തന്റെ പക്കൽ തെളിവുകളുണ്ട്. കൂടുതൽ പ്രശ്നങ്ങൾ നേരിട്ട സ്ത്രീകൾ മുന്നോട്ടു വരണം. ഇയാളെപറ്റി ഒരുപാട് സ്ത്രീകളുടെ ആരോപണങ്ങൾ ആ പ്രസ്ഥാനത്തിൽ നിന്നുള്ള നേതാക്കൾ കേൾക്കുന്നുണ്ട്. അയാൾക്ക് ഒരു നേതാവിനെയും പേടിയില്ല. അയാൾക്ക് വിചിത്ര സ്വഭാവമാണ്.

തെളിവുകൾ നശിപ്പിക്കാൻ ഈ വ്യക്തി വളരെയധികം മിടുക്കനാണ്. വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്. നമുക്ക് സ്ക്രീൻ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നൽകില്ല. നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നൽകും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്റെ ധാർഷ്ട്യമുണ്ടെന്നും റിനി ആൻ‌ ജോർജ് പറഞ്ഞു.

ADVERTISEMENT