താൻ ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടൻ കൊല്ലം തുളസി. ഓമനിച്ചു വളർത്തിയ സ്വന്തം മകൾ പോലും പിണക്കം കാണിച്ചിരുന്ന കാലത്താണു താൻ ഗാന്ധിഭവനിലേക്കെത്തിയതെന്നും താരം പറഞ്ഞു. ഗാന്ധിഭവനിൽ വച്ചുനടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ ഒരു ആറു മാസം ഇവിടെ വന്നുകിടന്നു. ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവരാൽ തിരസ്കരിക്കപ്പെട്ടപ്പോൾ ഒറ്റപ്പെട്ട സമയത്താണത്. ഞാൻ ഓമനിച്ചു വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനിയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഫോണിൽ വിളിക്കുകപോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്.
എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്. ലൗലി. ഒരുപാടു നാടകങ്ങളിൽ അഭിനയിച്ച ആളാണ്. അധ്വാനിച്ച് അവർ മക്കളെ പഠിപ്പിച്ചു. കുടുംബം നോക്കി. സ്റ്റേറ്റ് അവാർഡ് വാങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്നു പറഞ്ഞ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവർ ഇവിടെ എത്തിയിരിക്കുകയാണ്. ലൗലിക്ക് അവരുടെ അമ്മയെ വിട്ടുപിരിയാൻ വയ്യ. മാതൃസ്നേഹമാണല്ലോ ഏറ്റവും വലുത്’’.– താരം പറയുന്നു.