ADVERTISEMENT

മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും 96 വയസ്സുള്ള അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാൻ നടി ലൗലി ബാബു പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയത് സമീപകാലത്തു വലിയ വാർത്തയായിരുന്നു. അമ്മയെ സ്നേഹപൂർവം പരിചരിക്കുന്ന ലൗലിയുടെ വിഡിയോയും വൈറലായിരുന്നു.

എന്നാൽ, വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവർഷം ചൊരിയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ലൗലി ബാബുവിന്റെ ഒരു പഴയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ADVERTISEMENT

അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക. ആരാണ് വിഡിയോ പകർത്തിയതെന്നും എവിടെ വച്ചു നടന്ന സംഭവമാണെന്നോ വിഡിയോ എപ്പോഴത്തേതാണെന്നോ വ്യക്തമല്ല. ‘ആൽഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിവാദവിഡിയോ പുറത്തുവിട്ടത്. ‘നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാൽ നിങ്ങളെന്തു ചെയ്യും’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ വൈറലായതോടെ പല തരത്തിലുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ‘ലൗലിയെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ ഒരു നിമിഷനേരത്തെ നിയന്ത്രണം വിട്ടുപോയതാവാം. അതിന് പ്രായശ്ചിത്തമായി കുടുംബം ഉപേക്ഷിച്ച് കൂടെ നിൽക്കുന്നുണ്ടല്ലോ,’ എന്നും കമന്റുകളുണ്ട്. പലരിൽ നിന്നുള്ള മാനസികസംഘർഷം മൂലം അറിയാതെ ചെയ്തു പോയതാകും എന്നാണ് ചിലരുടെ പ്രതികരണം. മുൻപ് നൽകിയ അഭിമുഖങ്ങളിൽ മാനസികമായി തകർന്നു പോയ അവസ്ഥയിൽ അമ്മയെ ഉപദ്രവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ലൗലി തന്നെ പറഞ്ഞ വാക്കുകൾ ആവർത്തിച്ചാണ് ചിലർ ലൗലിയെ പിന്തുണച്ചത്.

ADVERTISEMENT

എന്നാൽ, ലൗലിയെ കടുത്ത ഭാഷയിൽ വിമർശിക്കുന്നവരും കുറവല്ല. ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നും പലർക്കും ക്യാമറയ്ക്ക് മുന്നിൽ ഒരു മുഖവും ക്യാമറയ്ക്ക് പിന്നിൽ മറ്റൊരു മുഖവുമാണെന്ന് ഇക്കൂട്ടർ പറയുന്നു.

ADVERTISEMENT
ADVERTISEMENT