താൻ വേദികളില്‍ നൃത്തം ചെയ്യുന്നത് നിർത്തിയെന്ന് നടി ഊർമിള ഉണ്ണി. പ്രായമായതോടെയാണ് നൃത്തം അഭ്യസിക്കുന്നത് അവസാനിപ്പിച്ചതെന്നും താരം.
‘‘പ്രായം വെറും നമ്പറാണെന്ന് ചിലർ പറയും. ഒരു നമ്പറുമല്ല, നല്ല മേലുവേദന വരുമ്പോൾ അറിയാം...’’.– ഊർമിള തമാശരൂപേണ പറഞ്ഞു. ‘‘ചിലർ പറയുന്നതു കേള്‍ക്കാം, മരണം വരെ നൃത്തംചെയ്യും എന്ന്. വീട്ടില്‍ ഇരുന്ന് കളിച്ചാല്‍ മതിയായിരുന്നു. ഭഗവാനേ എന്തൊരു വൃത്തികേടാണ് സ്റ്റേജില്‍ വന്ന് കളിച്ചിട്ട്, ഭയങ്കര തടിയുമൊക്കെയായി ചിലർ നിന്ന് കളിക്കുമ്പോൾ. ഈശ്വരാ വയ്യെങ്കില്‍ ഇവർക്ക് വീട്ടിലിരുന്നൂടേ എന്നു ഞാൻ വിചാരിക്കും. ഓരോരുത്തർക്കും എന്നെ പറ്റി അതുപോലെയല്ലേ തോന്നുക. വലിയ വലിയ കാര്യങ്ങളും പറ്റാത്തതും വേണ്ടാ എന്നു നമ്മള്‍ തീരുമാനം എടുക്കണം. നൃത്തം ഞാൻ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഡാൻസ് കളിക്കാതായിട്ട് പത്തിരുപത് വർഷമായി. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന ആഗ്രഹക്കാരിയാണ്. നടക്കുമ്പോൾ തന്നെ വീഴാൻ തുടങ്ങി. ഡാൻസ് ചെയ്യാൻ പറ്റില്ലെന്ന് തോന്നിയപ്പോള്‍ തന്നെ നിർത്തി. വീട്ടിലെ നൃത്തവിദ്യാലയത്തില്‍ മകള്‍ ഉത്തരാ ഉണ്ണിയാണ് ക്ലാസെടുക്കുന്നത്...’’.– ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഊർമിള ഉണ്ണി പറഞ്ഞു.