കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. വിവാഹാഘോഷങ്ങളുടെ വിഡിയോകൾ ആര്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. അതിന്റെ ആദ്യപടിയായി മെഹന്ദി ചടങ്ങിന്റെ വിഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ ബീച്ച് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. മെഹന്ദിയും സംഗീതും വിവാഹച്ചടങ്ങുകളും ഒരേ സ്ഥലത്തു വച്ചായിരുന്നു. ഒരു ബീച്ച് ഡെസ്റ്റിനേഷൻ തന്റെ വിവാഹത്തിന് വേണമെന്നത് വലിയ ആഗ്രഹം ആയിരുന്നുവെന്നാണ് ആര്യ പറയുന്നത്. കുറേ വർഷങ്ങളായി താൻ ആഗ്രഹിച്ച ഒരു ദിവസമാണ് ഇതെന്നും ആര്യ.
‘‘ഈ നിമിഷം ആഘോഷിക്കണമെന്നും നല്ലൊരു ലൈഫ് പാർട്ണറെ കിട്ടണമെന്നുമൊക്കെ ഞാൻ കുറേ ആഗ്രഹിച്ചിരുന്നു. രണ്ടാം വിവാഹമല്ലേ, ഇത്രയൊക്കെ ഷോ കാണിച്ച് ആഘോഷിക്കണോ എന്നു ചിലരെങ്കിലും കരുതുന്നുണ്ടാകും. പക്ഷേ, ഇതു ഞങ്ങൾ രണ്ടു പേരുടെയും ആഗ്രഹം ആയിരുന്നു. ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ മകളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും എല്ലാം ആഗ്രഹം ഈ നിമിഷം ആഘോഷിക്കണം എന്നാണ്’’.– ആര്യ പറഞ്ഞു.