‘കിങ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്നും ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും ദുൽഖർ സൽമാൻ. സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന ‘ലോക’യുടെ സക്സസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്. അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു’.– ദുൽഖർ പറഞ്ഞു.
‘തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ, മലയാളത്തിൽ ‘കിങ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽപോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല’.– ദുൽഖർ പറയുന്നു.