തെന്നിന്ത്യയുടെ പ്രിയനടി അഭിരാമി വീണ്ടും സിനിമയില്‍ സജീവമായതിന്റെ സന്തോഷത്തിലാണ് ആരാധകർ. നായികയായി തിളങ്ങി നിന്ന കാലത്താണ് ഉപരിപഠനത്തിനായി താരം അമേരിക്കയിലേക്കു പോയത്. വർഷങ്ങൾക്കു ശേഷമായിരുന്നു തിരിച്ചു വരവ്. സമീപകാലത്ത് വലിയ സിനിമകളുടെയും വിജയചിത്രങ്ങളുടെയും ഭാഗമായി തന്റെ പ്രതിഭ അടയാളപ്പെടുത്താനുള്ള അവസരങ്ങള്‍ അഭിരാമിയെ തേടിയെത്തി.
ഇപ്പോഴിതാ, അഭിരാമിയുടെ ഒരു പുത്തൻ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ ദുബായിലെത്തിയതാണ് താരം. കൂടുതൽ മെലിഞ്ഞ്, പ്രായത്തെ തോൽപ്പിക്കുന്ന ലുക്കിലാണ് വിഡിയോയിൽ അഭിരാമി. സ്റ്റൈലിഷ് കോസ്റ്റ്യൂമാണ് ധരിച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുൻപ് സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിനെക്കുറിച്ച് ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ –
‘‘സിനിമയിലേക്ക് ഇതിനകം മൂന്നാലു തവണ തിരിച്ചു വരവു നടത്തിക്കഴിഞ്ഞു. ഇനി സിനിമ വിട്ടു എങ്ങും പോകുന്നില്ല. എത്രകാലം അവസരങ്ങളുണ്ടോ അത്ര കാലം അഭിനയരംഗത്തുണ്ടാകും. അതാണ് തീരുമാനം. ‘ഐ ലവ് ലൈഫ്, വെരി മച്ച്! ധാരാളം പണം സമ്പാദിച്ചില്ലെങ്കിലും വലിയ വീട് വച്ചില്ലെങ്കിലും ആഡംബര വാഹനം വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല. ജീവിതം സന്തോഷിച്ചു ജീവിക്കണം. പത്തെഴുപത്തഞ്ച് വയസ്സാകുമ്പോൾ എനിക്കെന്റെ കൊച്ചുമക്കളോടു പറയാൻ കഥകളുണ്ടാകണം.’’