നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആരും അറച്ച് പോകുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും ഒരു വലിയ വിഭാഗം ആളുകൾ തന്നിലർപ്പിച്ച വിശ്വാസമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണമെന്നു നടന്‍.
‘നിങ്ങളോട് പങ്ക് വയ്ക്കാത്ത ഒരു കാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരു കാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയിൽ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലേയുള്ള മോഹതീക്ഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാർഗ്ഗികതയിലൂടെയും പോകാൻ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.
ഹോ, അവിടെയെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകർ ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരിലും, കൂട്ടുകാരിലും ‘ചിലർ’ ഇരിക്കപ്പൊറുതിയില്ലാതെ കീഴ്മേൽ മറിയുന്നു...ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറേ വീട്ടുകാരും!
കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല!
എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ ‘ദൃശ്യം’, ‘ചാന്തുപൊട്ട്’ ഇത്തരം അസാധ്യമായ വിജയങ്ങളുൾപ്പടെ മുപ്പതോളം സിനിമകളിൽ പങ്കാവാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും, ദ്രോഹിച്ചവരെയും!
ഇതെല്ലാം എഴുതാൻ കാരണം,
ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും, നിങ്ങളിൽ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്!
ഇനി, ഞാനേത് ഷേപ്പിൽ വരുവെന്നറിയത്തില്ല! ഏത് ഷേപ്പിൽ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ...
കൂജ’.– കൂട്ടിക്കൽ ജയചന്ദ്രൻ കുറിച്ചു.