ADVERTISEMENT

സഹോദരൻ എറിക് സക്കറിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി എസ്തർ അനിൽ.

‘ഒരു സഹോദരിയെ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്നേഹിക്കാനും ഉടുപ്പ് ഇട്ടുകൊടുക്കാനും മേക്കപ്പ് ചെയ്തുകൊടുക്കാനും എന്റെ എല്ലാ സ്നേഹവും നൽകാനുള്ള ഒരു ഉറ്റ സുഹൃത്തായും ഒരു സഹോദരിയെ വേണമെന്നുണ്ടായിരുന്നു. അപ്പോഴെനിക്ക് ഒരു സഹോദരനെ ലഭിച്ചു.

ADVERTISEMENT

ആദ്യം, അതൊരു മോശം കാര്യമായാണ് എനിക്ക് തോന്നിയത്. അവൻ ജനിച്ചപ്പോൾ അവന്റെ ചെറിയ മുഖവും അവന്റെ കണ്ണുകളിലെയും വായിലെയും അഴുക്കും കണ്ട് എനിക്ക് ശരിക്കും വെറുപ്പ് തോന്നി. ‘അയ്യേ’ എന്ന് പറഞ്ഞു ഞാൻ. പക്ഷേ, പിന്നീട് അവനെ ഞാൻ വളരെയധികം സ്നേഹിക്കുന്നുണ്ടെന്ന് മനസിലാക്കി. അവനെ വളർത്തി, എനിക്കറിയാവുന്നതെല്ലാം അവനെ പഠിപ്പിച്ചു. എനിക്ക് ആരെയെങ്കിലും ആഴത്തിൽ സ്നേഹിക്കണമെന്ന് തോന്നിയപ്പോൾ എനിക്കെന്റെ കുഞ്ഞ് സഹോദരനെ ലഭിച്ചു.

ഞാൻ അവന് ഭക്ഷണം കൊടുത്തു, അവനോടൊപ്പം കളിച്ചു, അവനെക്കൊണ്ട് ജോലികൾ ചെയ്യിപ്പിച്ചു, നമ്മൾ നല്ല കുട്ടികളാണെങ്കിൽ അമ്പിളി മാമൻ രാത്രിയിൽ നമ്മളെ കാണാൻ വരുമെന്ന് പറഞ്ഞ് അവനെ കബളിപ്പിച്ചു. ഞാൻ അവന്റെ പഠന കാര്യങ്ങളിൽ സഹായിച്ചു, അവനെ ശല്യം ചെയ്യുന്നവരോട് എതിർത്തു നിന്നു. അവൻ എന്റെ എല്ലാമായിരുന്നു. അപ്പയെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ ഞാൻ എറിക് എന്ന് പറയുമായിരുന്നു.

ADVERTISEMENT

അവൻ എപ്പോഴും ഒരു കൊച്ചുകുട്ടിയായിരുന്നു, പക്ഷേ ഞാൻ ചെയ്യുന്ന എല്ലാ കാര്യത്തിലും അവനും ഭാഗമായി. അവൻ എന്റെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുമായിരുന്നു. സ്കൂളിലും ജോലിസ്ഥലത്തും കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മുൻകൈ എടുക്കുന്നതിനും അവൻ മുന്നിട്ടുനിന്നു. എന്റെ ചാച്ചനും ഇതുപോലെയായിരുന്നു. ചാച്ചൻ ഇപ്പോൾ നമ്മളോടൊപ്പമില്ല. ചാച്ചന്റെ പേരാണ് അവനും ഇട്ടിരിക്കുന്നത്, എറിക് സക്കറിയ. ടി.എസ്. സ്കറിയ എന്നാണ് ചാച്ചന്റെ പേര്. അദ്ദേഹത്തെ ഞാൻ വളരെയധികം മിസ് ചെയ്യുന്നുണ്ട്.

പിന്നെ എന്റെ കൊച്ചുകുട്ടി വളർന്നു. അവൻ ഒരു മുതിർന്ന വ്യക്തിയായി മാറുന്നത് കാണുന്നത് അൽപം വേദനാജനകമായിരുന്നു. അത്ര ശല്യമുള്ള ഒരു കൗമാരക്കാരനായിരുന്നില്ല അവൻ. ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തത്ര വിലപ്പെട്ട ഒരാളായിരുന്നു അവൻ. പക്ഷേ എനിക്ക് അത് ചെയ്യേണ്ടിവന്നു, കാരണം ജീവിതം അങ്ങനെയാണ്. അവർ സ്നേഹിക്കാനും എല്ലാം പങ്കുവയ്ക്കാനും ഒരാളെ കണ്ടെത്തുന്നു. നമ്മൾ പതുക്കെ അവരുടെ കഥയിൽ വ്യത്യസ്തമായ ഒരു പങ്കു വഹിക്കാൻ തുടങ്ങുന്നു.

ADVERTISEMENT

അവൻ ഒരു അസാമാന്യ വ്യക്തിത്വമാണ് എന്ന് അവനെ കണ്ടുമുട്ടുന്ന എല്ലാവരും പറയും. ഏറ്റവും സ്നേഹനിധിയായ, പക്വതയുള്ള, അത്ഭുതകരമായ വ്യക്തിയാണ് അവൻ. അവനെ വളർത്തുന്നതിൽ പങ്കാളിയായതിൽ, ഞാൻ ആഗ്രഹിച്ച പുരുഷനായി അവനെ വളർത്തിയെടുത്തതിൽ ഞാൻ അഭിമാനിക്കുന്നു, വളരെയധികം അഭിമാനിക്കുന്നു.

ഇപ്പോൾ അവൻ മെൽബണിലാണ്. അവിടെ കഠിനാധ്വാനം ചെയ്യുന്നു, ഒരു ജീവിതം കെട്ടിപ്പടുക്കുന്നു. എനിക്ക് എപ്പോഴും അഭിമാനമുണ്ട്, ചിലപ്പോൾ വേദനയും... ആ വികാരങ്ങൾ ഓർക്കാൻ ഞാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ അവയെ ആഴത്തിൽ കുഴിച്ചുമൂടുന്നു. പക്ഷേ സത്യം പറഞ്ഞാൽ അവൻ എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രമായിരിക്കും. പൂർണ്ണമായി ഒരാളെ സ്നേഹിക്കണമെന്ന് എന്നെ പഠിപ്പിച്ചയാൾ. എന്റെ ആദ്യത്തെ കുഞ്ഞ്. മാതൃത്വത്തിന്റെ എന്റെ ആദ്യ അനുഭവം. ജന്മദിനാശംസകൾ, എറിക്’.– എസ്തർ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

എറിക് സക്കറിയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങളും എസ്തർ പങ്കുവച്ചിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ ‘ഓൺ ചിൽഡ്രൺ’ എന്ന കവിതയും എസ്തർ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു.

ADVERTISEMENT