ADVERTISEMENT

സ്ട്രോക്കിനെ തുടർന്ന് നടൻ ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് താരം ഇപ്പോൾ നടക്കുന്നത്. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയതോടെയാണ് താരത്തിന്റെ അസുഖവിവരം ആരാധകര്‍ അറിഞ്ഞത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇപ്പോഴിതാ, തന്റെ അസുഖ വിവരങ്ങൾ വിശദമാക്കി ഉല്ലാസ് രംഗത്തെത്തിയിരിക്കുകയാണ്.

ADVERTISEMENT

‘കഴിഞ്ഞ ഏപ്രിൽ ഇരുപതാം തീയതി അതായതു ഈസ്റ്ററിന്റെ അന്നു വൈകുന്നേരം എനിക്കൊരു സ്ട്രോക്കുണ്ടായി. ഇടതു കാലിനും കൈയ്ക്കും സ്വാധീനക്കുറവുണ്ടായി. അതാണ് ഇപ്പോൾ ചാനൽ പരിപാടികളിൽ എന്നെ കാണാത്തതും പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ കഴിയാത്തതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ വഴിയാണ് ആളുകൾ എന്റെ അസുഖ വിവരം അറിഞ്ഞത്. ഇക്കാര്യം ഞാൻ രഹസ്യമാക്കി വച്ചിരുന്നതിന്റെ കാരണം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരും എന്നതുകൊണ്ടാണ്. പിന്നീടാലോചിച്ചപ്പോൾ തോന്നി അതിന്റെ ആവശ്യമില്ലെന്ന്. അടുത്തിടെ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് ലക്ഷ്മി നക്ഷത്ര എന്നെ ക്ഷണിച്ചു. കുറേ നാളുകളായി വീട്ടിൽ ഇരിക്കുകയല്ലേ. ഞാൻ സമ്മതിച്ചു. അങ്ങനെയാണ് ആ ഉദ്ഘാടനത്തിൽ പങ്കെടുത്തതും എന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് രോഗാവസ്ഥയെ കുറിച്ച് ആളുകൾ അറിഞ്ഞതും. വിഡിയോ വൈറലായശേഷം സ്നേഹമുള്ളവരെല്ലാം എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണയുണ്ട്. എന്നാലും ചില നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. പക്ഷേ, അതൊന്നും നോക്കുന്നില്ല. ഞാൻ കലാരംഗത്തുണ്ടായിരുന്നപ്പോൾ എനിക്കു തന്ന സപ്പോർട്ടിന് നന്ദി. എന്റെ രോഗാവസ്ഥയിൽ എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവരോടും ഹൃദയം തുറന്ന നന്ദി. കൂടുതൽ ശക്തിയോടെ ഞാൻ തിരിച്ചു വരും.‍ അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതൽ ആരോഗ്യത്തോടെ തിരിച്ച് വരാൻ നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം’.– ഉല്ലാസ് പന്തളം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT