‘എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ ?’: ഷറഫുദ്ദീന്റെ കുറിപ്പ് വൈറൽ

Mail This Article
നടൻ ഷറഫുദ്ദീൻ ആദ്യമായി നിർമിക്കുന്ന ‘The Pet Detective’ സിനിമ തിയറ്ററിലേക്കെത്തുകയാണ്. ചിത്രത്തിലെ നായകനും ഷറഫുദ്ദീനാണ്. ഇപ്പോഴിതാ, സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘എല്ലാ പ്രിയപ്പെട്ടവർക്കും… ഞാൻ നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ !
കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.
ഇടവേളകളിൽ കയ്യടിച്ചും ഇടയ്ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങൾ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ?
ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്.
The Pet Detective നാളെ റിലീസ് ആകുവാണ്. നിങ്ങൾ എല്ലാവരും തിയേറ്ററിൽ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം.
എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ.
NB: ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!’.– ഷറഫുദ്ദീൻ കുറിച്ചു. ഒപ്പം ‘നേരം’ സിനിമയുടെ റിലീസ് സമയത്ത് പോസ്റ്റർ ഒട്ടിക്കാൻ പോയപ്പോൾ പകർത്തിയ തന്റെ ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷറഫിന്റെ ആദ്യ സിനിമയാണ് ‘നേരം’.