‘ഇത്രയും സുന്ദരിയായ അമ്മക്ക് ഇങ്ങനെയൊരു മോളെങ്ങനെ ജനിച്ചു’: പരിഹാസം എങ്ങനെ സ്വീകരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമെന്നു കുറിപ്പ്

Mail This Article
ലോക സിനിമയിലൂടെ പാൻ ഇന്ത്യൻ താരപദവിയിലേക്കുയർന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയയുവനായിക കല്യാണി പ്രിയദർശൻ. ചിത്രത്തിലെ ചന്ദ്ര എന്ന കഥാപാത്രം കല്യാണിക്ക് വലിയ ആരാധകപിന്തുണയാണ് നേടിക്കൊടുത്തിരിക്കുന്നത്.
ഇപ്പോഴിതാ, കല്യാണിയെന്ന അഭിനേത്രിയുടെ പോരാട്ടത്തെ അഭിനന്ദിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. പരിഹാസങ്ങളില്‍ തളരാതെ, പരിശ്രമങ്ങളിലൂടെ ലേഡി സൂപ്പർസ്റ്റാറായ കല്യാണിയുടെ കഥയാണ് പോസ്റ്റിൽ പറയുന്നത്.
കുറിപ്പ് ഇങ്ങനെ –
ഇത്രയും സുന്ദരിയായ അമ്മക്ക് ഇങ്ങനെയൊരു മോളെങ്ങനെ ജനിച്ചു എന്ന പരിഹാസം, ക്ലാസ്സിലെ തടിച്ചിപ്പെണ്ണ് മുപ്പതാം വയസ്സിൽ പാൻ ഇന്ത്യൻ ക്രഷ് ആയ കഥ.
മറ്റുള്ളവരുടെ പരിഹാസം നമ്മൾ എങ്ങനെ സ്വീകരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കല്യാണി പ്രിയദർശൻ എന്ന മലയാളത്തിലെ പാൻ ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ. ഇരുപതാം വയസ്സിൽ കൂടെ പഠിച്ച ആൺപിള്ളേരുടെ പരിഹാസപാത്രമായിരുന്ന കല്യാണി ഇന്ന് തന്റെ മുപ്പതുകളിൽ യുവാക്കളുടെ ക്രഷ് ആയി മാറിയിരിക്കുകയാണ്. ഒരു പരിധിവരെ ബോഡി ഷൈമിങ്ങ് നല്ലതാണ് എന്ന് തോന്നിയിട്ടുണ്ട്. കാരണം അത് പോസറ്റീവ് ആയി എടുത്ത് മുന്നേറാനായാൽ നമുക്ക് നമ്മുടെ ശക്തി തിരിച്ചറിയാനാകും. കല്യാണി തനിക്ക് നേരിട്ട വിമർശനങ്ങളും ബോഡി ഷെയ്മിംഗും അവളുടെ വളർച്ചക്ക് ഇന്ധനമായി ഉപയോഗിച്ചു. അച്ചടക്കമുള്ള വ്യായാമങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, ദൃഢനിശ്ചയം എന്നിവയിലൂടെ, അവൾ തന്റെ ഏറ്റവും മികച്ച വേർഷൻ തന്നെ പുറത്തെടുത്തു. ഇന്ന് അവൾ ഒരു സുന്ദരിയായ മുഖം മാത്രമല്ല ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ്. മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയമായി മാറിയ ലോക: ചാപ്റ്റർ 1 - ചന്ദ്ര ഒരു ചരിത്രമായി മാറിയിരിക്കുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ തന്നെ കല്യാണി ശ്രദ്ധിക്കപ്പെട്ടു. അന്ന് കൂട്ടുകാർ കളിയാക്കിയപ്പോൾ കല്യാണിക്ക് രണ്ട് ഓപ്‌ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ അവരെ പേടിച്ച് വീട്ടിൽ തന്നെ ഒതുങ്ങി കൂടുക അല്ലെങ്കിൽ തന്നെ കൊണ്ട് എന്ത് സാധിക്കുമെന്ന് പരിഹസിച്ചവർക്ക് കാണിച്ച് കൊടുക്കുക. കല്യാണി രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു. നമുക്കും കല്യാണിയെ കണ്ട് പഠിക്കാം.
പോസ്റ്റ് ഇതിനോടകം ചർച്ചയാണ്. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.