Saturday 04 January 2025 02:27 PM IST : By സ്വന്തം ലേഖകൻ

‘ഇന്ത്യൻ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ കന്യകകളെ കിട്ടാനില്ല’: കടുത്ത ഭാഷയിൽ മറുപടി നൽകി ചിന്മയി

chinmayi

സ്ത്രീകളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന വിധം പ്രസ്താവന നടത്തിയ യുവാവിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി ഗായിക ചിന്മയി ശ്രീപദ. ഇന്ത്യക്കാരായ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ കന്യകകളായ സ്ത്രീകളെ കിട്ടാനില്ലെന്ന യുവാവിന്റെ സമൂഹമാധ്യമ പോസ്റ്റിനെതെരിയാണ് ഗായികയുടെ മറുപടി. ഈ തലമുറയില്‍ വിവാഹംചെയ്യാന്‍ കന്യകയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നത് ഭാഗ്യം എന്നാണ് യുവാവിന്റെ കമന്റ്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പ് ഞൊടിയിടയിൽ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ ചിന്മയി രംഗത്തെത്തി. സ്ത്രീയുടെ ചാരിത്ര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനെ വിമര്‍ശിച്ച ചിന്മയി, പുരുഷന്മാർ വിവാഹത്തിനു മുൻപ് മറ്റു ജീവികളുമായാണോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്നും ചോദിച്ചു. പോസ്റ്റ് ചർച്ചയായതോടെ യുവാവ് കുറിപ്പ് നീക്കം ചെയ്യുകയുമുണ്ടായി.

‘ഇന്നലെ രാത്രി 1.2 ലക്ഷം പാഴ്സല്‍ കോണ്ടം ഡെലിവര്‍ ചെയ്‌തെന്നാണ് ബ്ലിങ്കിറ്റ് സിഇഒ പോസ്റ്റ് ചെയ്തത്. ഒരു രാത്രിയിലെ കണക്ക് മാത്രമാണിത്, ബ്ലിങ്കിറ്റിലെ കണക്കും. മറ്റ് ഇ-കൊമേഴ്സ് സൈറ്റുകളും വിപണി വില്‍പ്പനയുമടക്കം ഒരു കോടിയിലേറെ വരും. ഈ തലമുറയില്‍ വിവാഹംചെയ്യാന്‍ കന്യകയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നത് ഭാഗ്യം’ എന്നായിരുന്നു യുവാവിന്റെ കുറിപ്പ്.. പിന്നാലെ മറുപടിയുമായി നിരവധി പേർ രംഗത്തെത്തി. അതിൽ ചിന്മയിയുടെ പ്രതികരണക്കുറിപ്പ് ഏറെ ചർച്ചയാവുകയും ചെയ്തു. യുവാവ് പങ്കുവച്ച കുറിപ്പിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം.

‘പുരുഷന്മാര്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, പക്ഷേ, അവര്‍ കന്യകമാരെ വേണമെന്ന് പരാതിപ്പെടുകയും ചെയ്യുന്നു, അങ്ങനെയെങ്കില്‍ പുരുഷന്മാര്‍ സ്ത്രീകളുമായി വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. പുരുഷന്മാര്‍ കോണ്ടം വാങ്ങുന്നത് മറ്റ് ജീവികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനാണോ? പുരുഷന്‍മാര്‍ എന്തായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകള്‍ കരുതുന്നുന്നു. നിങ്ങള്‍ സുരക്ഷിതമായിട്ടാണോ അല്ലാതെയാണോ ഏര്‍പ്പെട്ടതെന്ന് ആരും ചോദിക്കുന്നില്ല. ഒരു സ്ത്രീ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവള്‍ എന്നന്നേക്കുമായി മലിനമാക്കപ്പെട്ടുവെന്നാണ് ചിലർ വിചാരിക്കുന്നത്’, ചിന്മയി കുറിച്ചു.