ADVERTISEMENT

പ്രേക്ഷകരിലെ പുതിയ തലമുറ പി.എസ്. നിവാസ് എന്ന ശ്രീനിവാസിനെ അറിയാൻ സാധ്യതയില്ല. പക്ഷേ, ‘16 വയതിനിലെ’, ‘സാഗരസംഗമം’, ‘ലിസ’, ‘കിഴക്കേ പോകും റെയില്‍’, ‘സികപ്പു റോജാക്കള്‍’ തുടങ്ങിയ എണ്ണം പറഞ്ഞ സിനിമകളും അവയുടെ ദൃശ്യഭംഗിയും തലമുറകളെത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാതെ ഇപ്പോഴും കാണികളിൽ അത്ഭുതം സൃഷ്ടിക്കുന്നു. ആ കാഴ്ചകൾ പകർത്തിയ പ്രതിഭാധനനായ സിനിമാറ്റോഗ്രഫറാണ് പി.എസ്. നിവാസ്. കഴിഞ്ഞ ദിവസം അദ്ദേഹം അന്തരിച്ചു.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകന്‍മാരില്‍ ഒരാളായിരുന്നു പി.എസ്. നിവാസ്.

കോഴിക്കോട് കിഴക്കെ നടക്കാവ് പനയം പറമ്പിലായിരുന്നു നവാസിന്റെ ജനനം. ദേവഗിരി കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍ നിന്ന് ഫിലിം ടെക്‌നോളജിയില്‍ ബിരുദം നേടി. പി.എൻ.മേനോന്റെ ‘കുട്ട്യേടത്തി’ എന്ന ചിത്രത്തിൽ ഓപ്പറേറ്റീവ് ക്യാമറാമാനായാണ് സിനിമാ പ്രവേശനം. ‘സത്യത്തിന്റെ നിഴലില്‍’ ആണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. തുടർന്ന് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ പ്രവര്‍ത്തിച്ചു.

ഒരേ സമയം കലാമൂല്യമുള്ള സിനിമകളുടെയും കച്ചവടമൂല്യമുള്ള സിനിമകളുടെയും ഭാഗമായി നിന്ന് മികച്ച ദൃശ്യാനുഭവം നൽകാനായിരുന്നു നിവാസിന്റെ ശ്രമം. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ പതിനാറു വയതിനിലേ, കിഴക്കേ പോകും റെയില്‍, സികപ്പു റോജാക്കള്‍, ഇളമൈ ഊഞ്ചല്‍ ആടുകിറത്, നിറം മാറാത പൂക്കള്‍, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയര്‍ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാര്‍ക്ക്, കല്ലുക്കുള്‍ ഈറം, സെവന്തി എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീര്‍ത്തന, നാനി എന്നീ തെലുഗു ചിത്രങ്ങള്‍ക്കും സോല്‍വ സാവന്‍, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാല്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചു.

1977-ല്‍ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടി. കല്ലുക്കുള്‍ ഈറം, നിഴല്‍ തേടും നെഞ്ചങ്ങള്‍, സെവന്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രാജ രാജാതാന്‍, സെവന്തി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു.

ഏതാനും വർഷമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, തന്റെ മാത്രമായ ലോകത്തേക്കു ചുരുങ്ങി ഈങ്ങാപ്പുഴയിലായിരുന്നു താമസം. അര്‍ബുദരോഗത്തിന്റെ പിടിയിലമർന്ന് മെഡിക്കൽ കോളജ് പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഓർമയായത്. മരിക്കുന്ന സമയത്ത് കുടുംബമോ സുഹൃത്തുക്കളോ ഒപ്പം ഉണ്ടായിരുന്നില്ല. മക്കള്‍ വിദേശത്തും ഭാര്യ ഹൈദരാബാദിലുമായിരുന്നു.



ADVERTISEMENT