Monday 13 May 2024 03:59 PM IST : By രാജേഷ് എസ്. ആനന്ദ്

‘പടം റിലീസ് ആയിക്കഴിഞ്ഞാൽ പിന്നെ ആരും വിശ്വസിക്കില്ല, ‘മഞ്ഞുമേൽ ബോയ്സ്’ കാണാനിരിക്കുമ്പോൾ അസൂയ ആയിരുന്നു ആദ്യം’: കുറിപ്പ്

rajesh-s-anand

ഇത് നടക്കാതെ പോയ ഒരു സ്ക്രിപ്റ്റിന്റെയും അതിനു വേണ്ടി നടത്തിയ വൃഥാ യാത്രകളുടെയും കഥയാണ്. വിജയ ഗാഥകൾക്കിടയിൽ പരാജിതരുടെ കഥകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും അവർക്കും കൂടി ഉള്ളതാണ് ലോകം. ഹിലാരിയും ടെൻസിങ്ങും എവറസ്റ്റിന്റെ നെറുകയിൽ എത്തുന്നതിനു മുൻപ് ആ ഉത്തുങ്കതക്ക് തൊട്ടരികെ ജീവൻ നഷ്ടപ്പെട്ടവരുണ്ടാകാം. ഒരു പക്ഷേ കീഴടക്കി തിരിച്ചിറങ്ങുമ്പോൾ മഞ്ഞിൽ ഉറഞ്ഞു പോയവരും കാണും. റൈറ്റ് സഹോദരൻമാർ വിമാനം കണ്ടു പിടിക്കുന്നതിനു മുൻപ് പല മാർഗ്ഗങ്ങളിൽ ആകാശത്തേക്ക് പോയി പാതി വഴിയിൽ ജീവൻ വെടിഞ്ഞ അനേകായിരങ്ങൾ ഉണ്ട്. വിജയികൾ കുറച്ചേ ഉള്ളൂ. പരാജിതരാണ് കൂടുതലും. മനോരമ സൺ‌ഡേ സപ്ളിമെന്റിൽ 2006 ൽ ആണ് കൊടൈക്കനാലിൽ ഒരു ഗുഹയിൽ വീണ യുവാവിനെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന സുഹൃത്തിന്റെ കഥ ആദ്യമായി വായിക്കുന്നത്. അന്ന് അത് വായിച്ചു തരിച്ചിരുന്നുവെങ്കിലും ആ ഗുഹ അത്ര കണ്ടു visualise ചെയ്തിരുന്നില്ല. പക്ഷേ ഒരു ത്രില്ലർ ഫിലിമിനെക്കാൾ ആ കഥ സംഭ്രമ ജനകമായി തോന്നിയിരുന്നു. അന്ന് അവിടെ പോകണമെന്നും തോന്നിയിരുന്നു. അന്നത് പറ്റിയില്ല. പക്ഷേ സിജു, സുഭാഷ് ആ പേരുകൾ മനസ്സിൽ തറച്ചിരുന്നു. 2014 ൽ ആണ് ആദ്യം കൊടൈക്കനാലിൽ പോകുന്നത്. പളനിയിൽ പോകാൻ എനിക്കൊരു നേർച്ച ഉണ്ടായിരുന്നു. കാവടിയുമായി ഭിക്ഷ എടുത്തു മല ചവിട്ടാൻ. ചന്നം പിന്നം മഴ പെയ്ത ഒരു രാത്രിയിലാണ് ഞങ്ങൾ തിരിക്കുന്നത്. പുനലൂർ ആര്യങ്കാവ് വഴി യാത്ര തുടങ്ങി. ചെങ്കോട്ട എസ് വളവു കഴിഞ്ഞപ്പോൾ മഴ താനെ ശമിച്ചു . പുലർച്ചെയോടെ പഴനിയിൽ എത്തി. മല കയറി. ദർശനം കഴിഞ്ഞ് ഇനി എന്താ പരിപാടി എന്ന് ആലോചിക്കുമ്പോളാണ് കൊടൈക്കനാലിന്റെ കാര്യം ഓർക്കുന്നത്. അങ്ങോട്ട് തന്നെ പോവാമെന്നു തീരുമാനിച്ചു. ചേര പാണ്ട്യ ശില്പവിരുത് സമ്മേളിക്കുന്ന കരിങ്കൽ പ്രതിമകളെ താണ്ടി വേഗം മല ഇറങ്ങി താഴ്‌വരയിലെത്തി. കൊടൈറോഡ് പിടിച്ചു വണ്ടി പതുക്കെ വിട്ടു . പിറകിൽ ഉയരത്തിൽ പഴനിമല. അതിലേക്ക് ചാരി വെച്ച ഏണി പോലെ റോപ്പ് കാറിന്റെ പാളങ്ങൾ. പോയ വഴിയിൽ ഇടക്ക് കുതിര വണ്ടിയുടെ ചക്രങ്ങൾ വച്ചു അലങ്കരിച്ച ഒരു ഹോട്ടലിൽ ഭക്ഷണത്തിനായി നിറുത്തിയത് ഓർമ്മയുണ്ട്. എന്താണ് കഴിച്ചതെന്നു ഇന്ന് ഓർമ്മയില്ല. പക്ഷേ നല്ല രുചി ഉണ്ടായിരുന്നു. അത് മാത്രമറിയാം.

അവിടെ നിന്നിറങ്ങി കുറച്ചു ദൂരം നിരപ്പുള്ള സ്ഥലങ്ങളായിരുന്നു. രണ്ടു വശത്തും ധാരാളം കവുങ്ങുകൾ . കുറെ ദൂരം ചെന്നപ്പോൾ ഒരു പോലീസ്ചെക്ക് പോസ്റ്റിൽ എത്തി. അതും കഴിഞ്ഞു കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കൊടൈകനാലിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു പച്ച ബോർഡ്‌ കണ്ടു. “ വെൽകം ടു പ്രിൻസസ്സ് ഹിൽസ് ഓഫ് കൊടൈക്കനാൽ. തമിഴിൽ പറഞ്ഞാൽ ”മലയിൻ ഇളവരശിയിലേക്ക് സ്വാഗതം “. അതിന്റെ അർത്ഥം നിരപ്പുള്ള സ്ഥലം കഴിഞ്ഞിരിക്കുന്നു എന്നാണ് . ഇവിടെ ഘാട്ട് റോഡുകൾ തുടങ്ങുന്നു. ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഒരു ചെക്ക്പോസ്റ്റ്‌ കൂടി കടന്നു പോയി. രാത്രി ഈ വഴി പോകാൻ അനുവാദമില്ലെന്നു തോന്നുന്നു. പഴനിയിൽ നിന്ന് കൊടൈയിലേക്ക് 65 കിലോ മീറ്റർ ഉണ്ട്. ഘാട്ട് സെക്ഷൻ മുഴുവൻ റോഡിനു വീതി കുറവാണ്. അത് കൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ നല്ല ശ്രദ്ധ വേണം. ഡ്രൈവിംഗ്സീറ്റിൽ ഇരിക്കുന്ന എന്റെ ബ്രദർ രതീഷ് ഈ റൂട്ടിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ആളാണ്‌. അത് കൊണ്ട് തന്നെ അത് പ്രശ്നമില്ല. പതുക്കെ ഹെയർ പിൻ വളവുകൾ താണ്ടി തുടങ്ങി. ഓരോ വളവും കഴിഞ്ഞു പഴയ ഡയറക്ഷനിൽ വരുമ്പോൾ വലതു വശത്തു പഴനി പട്ടണത്തിന്റെ ദൃശ്യം. താഴ്‌വരയിൽ ജലാശയങ്ങളും താടാകങ്ങളും. ഇടയ്ക്കു ഭക്ഷണം കിട്ടുന്ന കടകളുണ്ട്. ലൈറ്റ് ആയിട്ട് കഴിക്കാം. പക്ഷേ പെട്രോൾ പമ്പുകൾ കണ്ടില്ല. വണ്ടിയിൽ ഡീസൽ കുറവായിരുന്നു താനും. അത് പിന്നെ ആദ്യത്തെ സംഭവം അല്ലാത്തതു കൊണ്ട് അതിശയം ഒന്നും തോന്നിയില്ല.

ഒരിക്കൽ ഡെറാഡൂണിൽ നിന്ന് രാത്രി റിസർവിൽ ഒരു കാട് താണ്ടിയതാണ്. അന്ന് ഭാഗ്യത്തിനു വണ്ടിയിൽ പമ്പിന്റെ സിഗ്നൽ തെളിഞ്ഞു 10 കിലോമീറ്റർ കഴിഞ്ഞപ്പോൾ പമ്പ് കണ്ടു. “കൊടൈക്കനാൽ ” എന്നാൽ കാടിന്റെ സമ്മാനം എന്നാണ് തമിഴിൽ അർത്ഥം. 1827 ൽ Y S യാർഡ് എന്ന ബ്രിട്ടീഷ്കാരനാണ് ആദ്യം മല കയറി സർവ്വേ നടത്തുന്നത്. ഡെവിൾസ്കിച്ചൻ തുടങ്ങി കൊടൈയിലെ മിക്ക സ്പോട്ട്കളും ലോകത്തിനു പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. 1860 കളിൽ ഇവിടേക്കുള്ള റോഡിന്റെ പണി തുടങ്ങി. 20 ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആണ് അത് പൂർത്തി ആയതു. എങ്കിലും ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്ന ഈ റോഡ് നിർമ്മിച്ചത് 1975 ൽ ഇന്ത്യാ ഗവണ്മെന്റാണ്. ഉയരത്തിലേക്ക് പോകും തോറും ഭൂപ്രകൃതി മാറി തുടങ്ങി. പൈനും യുക്കലിപ്റ്റിസും കൂടുതലായി കാണാൻ തുടങ്ങി. ഇടക്ക് തേൻ വിൽക്കുന്ന ഒന്ന് രണ്ടു പേരെ കണ്ടു. കൂടും അടയും ഒക്കെ വിശ്വാസ്യതക്കായി വെച്ചിട്ടുണ്ട്. ( ഒരു കുപ്പി വാങ്ങിയെങ്കിലും അത് തേനല്ല എന്ന് പിന്നീട് മനസ്സിലായി ). വീണ്ടും മുകളിലേക്കു പോയപ്പോൾ ഒരു ഉഷ്ണമേഖലാ മഴക്കാടിന്റെ എല്ലാ സൗന്ദര്യവും കാണായി തുടങ്ങി. ചുവന്ന പൂ പിടിച്ച വാകകൾ. മഞ്ഞപ്പൂ വിടർന്ന അരുളികൾ. ഇടക്ക് ഒരു സ്ഥലത്തു നല്ല ചൂട് ആനപിണ്ഡം കിടക്കുന്നു. എല്ലാവരും ജാഗരൂകരായി. അത്രയും ചെങ്കുത്തായ ടെറയിനിൽ ആന വരുമെന്ന് നമ്മൾ പ്രതീക്ഷിക്കുകയേ ഇല്ല . പക്ഷേ അവിടെങ്ങും കണ്ടതേയില്ല. കുറച്ചു കൂടി ചെന്ന് “പളനി ഹിൽ മജെസ്റ്റിക് വ്യൂ ” എന്നെഴുതിയ ഒരു സ്ഥലത്തു ചായ കുടിക്കാൻ ഞങ്ങൾ വണ്ടി നിറുത്തി. താഴെ പഴനിയുടെ വിസ്തൃതമായ വ്യൂ. രണ്ടു കുതിരകൾ അവിടെ മേഞ്ഞു നടപ്പുണ്ട്.

3 മണിയോടെ ഞങ്ങൾ പെരുമാൾ മലയിൽ എത്തി. ബാറ്റ്ലഗുണ്ടു വഴി വരുന്ന റോഡുമായി സന്ധിക്കുന്നത് ഇവിടെയാണ്‌. അവിടെ നിന്നും ട്രാഫിക് കൂടുതലായിരുന്നു. “സിൽവർ കാസ്കേട് ” വാട്ടർ ഫാൾസ് കണ്ടതോടെ കൊടൈക്കനാൽ എത്തിയെന്നു മനസ്സിലായി. അപ്പോൾ ഏകദേശം 4 മണിയായി കാണണം. ഹിൽ ടോപ് ടവർ എന്ന ഹോട്ടലിൽ റൂം എടുത്ത ശേഷം നേരെ കൊടൈ തടാകത്തിലേക്ക് പോയി. 1865 ൽ നിർമ്മിച്ച ഒരു കൃത്രിമ തടാകമാണിത്. തടാകത്തിൽ കുറെ ബോട്ടുകൾ കാണാം. തീരത്ത് ഷോപ്പിംഗിന് നിറയെ സ്റ്റാളുകൾ. നേരം വേഗമിരുട്ടി. ഞങ്ങൾ ഹോട്ടലിലേക്ക് തിരികെ നടന്നു. അപ്പോളേക്കും മൂടൽ മഞ്ഞു വീണു തുടങ്ങിയിരുന്നു. മൂടൽ മഞ്ഞു കൊടൈ യുടെ സ്ഥായീ ഭാവമാണ്. പുലർച്ചെയും അങ്ങനെ തന്നെയായിരുന്നു സ്ഥിതി. മഞ്ഞു കുറച്ചു കുറഞ്ഞപ്പോൾ ഞങ്ങൾ പതുക്കെ തിരിച്ചു. മെല്ലെ വിസിബിലിറ്റി മെച്ചപ്പെട്ടു തുടങ്ങി . അവിടെ നിന്ന് 5.5 കിലോ മീറ്റർ അകലെയാണ് ഗ്രീൻ വാലി വ്യൂ. ഏകദേശം 10 മണി ആയപ്പോൾ അവിടെ എത്തി. ഒരു വശത്തു പച്ചപ്പിൽ പരന്നു കിടക്കുന്ന കൊടൈക്കനാൽ ഗോൾഫ് ക്ലബ്. വെളുപ്പും കറുപ്പും നിറമുള്ള രണ്ടു കുതിരകൾ പുറത്ത് മേഞ്ഞു നടക്കുന്നുണ്ടായിരുന്നു.. അതിനു എതിരെ ഉള്ള ഗലി പോലെ ഉള്ള സ്ഥലത്തു കൂടി അകത്തേക്ക് നടന്നു. ഇരു വശവും കരകൗശലവസ്തുക്കളും വളയും മാലയും വിൽക്കുന്ന കടകൾ. നടന്നു ഞങ്ങൾ എത്തിയത് ഗ്രില്ലിട്ട മറച്ച ഒരു സ്ഥലത്തേക്കാണ് . ഗ്രില്ലിൽ രണ്ടു കുരങ്ങന്മാർ ഇരിപ്പുണ്ട്. അപ്പുറം മഞ്ഞു കൊണ്ട് നിറഞ്ഞിരിക്കുന്നു. മഞ്ഞല്ല മേഘങ്ങൾ . ഇവിടെ മേഘങ്ങൾ നാം കാണുന്നത് താഴെയായിട്ടാണ്. പെട്ടെന്നു ഒരു കാറ്റിൽ കർട്ടൻ മാറുന്നത് പോലെ അത് നീങ്ങി തുടങ്ങി. താഴ്‌വരയുടെ അഭൗമ സൗന്ദര്യം ദൃശ്യമായി. ദൂരെ താഴ്‌വാരത്തിൽ വൈഗാ ഡാമിന്റെ ദൃശ്യം അവ്യക്തമായി കാണാം. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട മനോഹര കാഴ്ച.

പണ്ട് ഈ സ്ഥലം സൂയിസൈഡ് പോയിന്റ് എന്നായിരുന്നു അറിയപ്പെട്ടത്. പ്രണയനൈരാശ്യം ബാധിച്ച കമിതാക്കൾ, പരീക്ഷ തോറ്റ കുട്ടികൾ അങ്ങനെ പലരും ഇവിടെ ജീവനൊടുക്കിയിട്ടുണ്ട്. പ്രണയത്തിലെ കാൽപ്പനികത പക്ഷേ അവർക്ക് മരണത്തിൽ ഉണ്ടാവില്ല. 5000 അടി താഴ്ച്ചയിലേക്കാണ് ചെന്ന് വീഴുന്നത്. ഇവിടെ വീഴുന്ന ബോഡികൾ എടുക്കുന്ന ജോസഫ് എന്നയാളിന്റെ അഭിമുഖം ഒരിക്കൽ കണ്ടിരുന്നു. പാറയിൽ അടിച്ചടിച്ചു ചിതറിയിട്ടുണ്ടാവും താഴെ എത്തുമ്പോൾ. പോലീസ് അനുമതി കൊടുത്താൽ അയാൾ ഇറങ്ങി എടുക്കും. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞായിരിക്കും എടുക്കുക. 5 ദിവസം വരെ ശരീരം അഴുകില്ലത്രെ.എടുത്ത 99 ശരീരങ്ങളിൽ കൂടുതലും പുരുഷൻമാരുടേതായിരുന്നു എന്ന് അയാൾ പറഞ്ഞതും വിചിത്രമായി തോന്നി ഒരിക്കൽ പാറയിലെ വിള്ളലിൽ കുടുങ്ങി ചിതറി പോയ ഒരു ശരീരത്തിൽ നിന്നും ഐഡന്റിഫൈ ചെയ്യാനായി കൈ അറുത്തെടുത്ത സംഭവം വരെ വിവരിച്ചിട്ടുണ്ട് അയാൾ അതിൽ. ആത്മഹത്യകൾ കൂടിയപ്പോൾ അധികൃതർ പേര് മാറ്റി ഗ്രീൻവ വാലി വ്യൂ എന്ന് ആക്കി. ഗ്രിൽ ഇട്ടു മറച്ചു. അതോടെ അത്യാഹിതങ്ങൾ കുറഞ്ഞു. പിന്നെ പോയത് പൈൻ ഫോറെസ്റ്റിലേക്കാണ് . ഈ സ്ഥലം കാണുമ്പോൾ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനുകൾ നമുക്ക് ഓർമ്മ വരും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ജനുവരി ഒരു ഓർമ്മ വരെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കുതിര സവാരി ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇവിടം ഫോട്ടോ എടുക്കാൻ പറ്റിയ ലൊക്കേഷൻ ആണ്. ഞങ്ങൾ തിരിഞ്ഞും മറിഞ്ഞും കുറേ ഫോട്ടോകൾ എടുത്തു.

ഡെവിൾസ് കിച്ചനിൽ എത്തിയപ്പോൾ ഉച്ചയായിരുന്നു. ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യാത്ത സ്ഥലമെന്നു ആദ്യമേ തോന്നി. പുറത്തുള്ള കടകളിൽ ചോളവും ഓംലെറ്റും കിട്ടും . ഞങ്ങൾ ചെന്നപ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു . മഞ്ഞ ബോർഡിൽ തമിഴിൽ എന്തോ എഴുതി വച്ചിരിക്കുന്നു. അത് കഴിഞ്ഞു ഒരു 500 മീറ്റർ നടക്കണം ആ പോയിന്റിലേക്കു. അവിടെ എങ്ങും ഷോലൈ മരങ്ങൾ . അവയുടെ വേരുകൾ നീരാളിയുടെ കൈകൾ പോലെ പിണഞ്ഞു കിടക്കുന്നു. മരണത്തെ ഓർമ്മിപ്പിക്കും പോലെ. ഗ്രിൽ ഇട്ടു മൂടിയ വിള്ളലുകൾക്കിടയിലൂടെ അഗാധത അറിയാൻ ഒരു കൊച്ചു കല്ല് ഇട്ടു നോക്കിയാൽ മതി. 10 സെക്കന്റ്‌ എടുക്കും അത് വീഴുന്ന ശബ്ദം കേൾക്കാൻ . ഗുഹയിലൂടെ മൂടൽ മഞ്ഞു വരുന്നത് കൊണ്ടാണ് ഡെവിൾസ് കിച്ചൻ എന്ന് പേര് വരുന്നത്. പണ്ട് പാണ്ഡവർ ഇവിടെ താമസിച്ചു എന്നൊരു മിത്തും ഉണ്ട്. ഡെവിൾസ് കിച്ചന് ഗുണാ കേവ്സ് എന്ന് പേര് വരുന്നത് 1991ൽ കമലിന്റെ ഗുണാ ഫിലിം ഇവിടെ ഷൂട്ട്‌ചെയ്യുന്നത് മുതലാണ്. ഗുണാ ഞാൻ കാണുന്നത് 1992 വിലാണ്. അന്ന് ഞാൻ പ്രീ ഡിഗ്രിക്ക് എസ്. എൻ. ൽ പഠിക്കുകയാണ്. അഭിരാമിയെ വേൾക്കാൻ പൗർണ്ണമി കാത്തിരിക്കുന്ന കമലിന്റെ പ്ലാടോണിക്ക് ലവർ ക്യാറക്ടർ ഇന്നും ഓർമ്മയിലുണ്ട്. കൊല്ലം എസ്. എം. പി തീയേറ്ററിന്റെ പഴയ സ്‌ക്രീനിൽ ആണ് അന്നത് കണ്ടത്.

“മനിതൻ ഉണർന്നു കൊള്ളാൻ ഇത് മനിത കാതൽ അല്ലൈ അതൈയും താണ്ടി പുനിതമായതു ” എന്ന് കമൽ ഉറക്കെ അട്ടഹസിക്കുമ്പോൾ അതിന്റെ പ്രതീധ്വനികൾ മുഴങ്ങുന്ന ആ ഗുഹ അന്നേ ശ്രദ്ധിച്ചിരുന്നു. പക്ഷേ അന്ന് അതിന്റെ ഭീകരത അറിയില്ല. ഇവിടെ വെറും 20 ഇഞ്ച് വ്യാസമുള്ള ചെറിയ കുഴികൾക്ക് പോലും 1000 അടിയോളം താഴ്ച്ച ഉണ്ടാവും. വീണ് കഴിഞ്ഞാൽ പിന്നെ ബോഡി പോലും കിട്ടില്ല. ഗുഹ മുഴുവൻ ഇരുളാണ്‌. പലയിടത്തും വെളിച്ചെമെത്തില്ല. ഉള്ളിൽ നിറയെ വവ്വാലുകളും മറ്റു ഇഴജന്തുക്കളും ഉണ്ട്. 1955 ൽ വീണു മരിച്ച ഷെൺപക നാടാരുടെ ഒരു സ്മാരകം ഉണ്ട് ഇവിടെ. അന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് നാടാരുടെ ബോഡി കണ്ടെത്തിയത് . നേരത്തേ പറഞ്ഞ ജോസെഫിന്റെ അച്ഛൻ ആയിരുന്നു ആ ശവം എടുത്തത്. ജോസഫ് അന്ന് കുട്ടി ആണ്. ധനികനായിരുന്ന നാടാരുടെ കുടുംബം ഏറെ പൈസ അതിനു ചിലവഴിച്ചിരുന്നു. ഗുണാ കേവിൽ ഒരു ബോഡി എടുക്കാൻ ഇറങ്ങിയ അനുഭവം ജോസഫും വിവരിക്കുന്നുണ്ട്. 300 അടി താഴ്ച്ചയിൽ ഇറങ്ങി. അവിടെ ഒട്ടും വെളിച്ചമില്ല. നീരുറവകളും ഉണ്ട്. ഇനിയും താഴോട്ടു പോകാൻ പറ്റില്ല. സ്വന്തം ജീവന് ഗ്യാരന്റി ഇല്ലാതെ എങ്ങനെ ബോഡി എടുക്കുമെന്ന് അയാൾ ചോദിക്കുന്നു. അത് കൊണ്ടൊക്കെ ആയിരിക്കും 2012 ൽ ഒടുവിൽ ഇവിടെ വീണു മരിച്ച കാർത്തിക്കിന്റെ ശരീരം പോലും കിട്ടിയില്ല . ഒരിക്കൽ ഒരു മന്ത്രിയുടെ ബന്ധു ഇവിടെ വീണു. കപ്പൽ പൊക്കുന്ന ഖലാസികൾ വരെ വന്നിട്ടും ബോഡി എടുക്കാൻ പറ്റിയില്ല. ഇവിടെ നിന്നു രക്ഷപെട്ടതു മഞ്ഞുമേലിൽ നിന്നു വന്ന സുഭാഷ് മാത്രം. 12 കുട്ടികളെ കാണാതായപ്പോളാണ് ഗുഹയിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്ന് പറയപ്പെടുന്നു. അതെന്തായാലും ഇപ്പോൾ ഗുഹയിലേക്കുള്ള പ്രവേശനവഴി ഫെൻസിങ് ഇട്ടു മറച്ചിരിക്കുകയാണ്. അങ്ങോട്ട് ഒരിക്കലും പോകാൻ തുനിയാതിരിക്കുന്നതാണ് നല്ലത്. പില്ലർ റോക്ക് എന്നറിയപ്പെടുന്ന മൂന്നു ശിലാസ്തൂപങ്ങൾക്ക് ഇടയിലാണ് ഈ ഗുഹ. രണ്ടു പാറകൾക്കിടയിലൂടെ മൂന്നാമത്തെ പാറയിൽ അള്ളിപ്പിടിച്ചാണ് ഇറങ്ങേണ്ടത് എന്ന് പോയ ആൾക്കാർ പറയുന്നു. വടക്ക് വശത്തുകൂടിയാണ് ഇറങ്ങേണ്ടത്. കാരണം തെക്ക് വശത്തു പാതാളം എന്ന് വിളിക്കുന്ന ഒരു വലിയ ഗർത്തമുണ്ടെന്നു പറയപ്പെടുന്നു .

നെറ്റിൽ നിറയെ വിവരണങ്ങൾ ആണ് . കൊടൈ ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ, യൂറോപ്യൻ സഞ്ചാരികൾ അങ്ങനെ പലരുടെയും അനുഭവങ്ങൾ. സഞ്ചാരികൾ ഇട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. വിള്ളലുകളുടെ ഭീകരത അറിയാതെ അതിനു മുകളിൽ ചാടി കടന്ന കഥകൾ. ലഹരി ലഭിക്കുന്ന ഒരു തരം മാന്ത്രിക കൂൺ തേടി പ്പോയ ചിലരുടെ ബ്ലോഗുകൾ. ഒരു പക്ഷേ ചുവട് പിഴച്ചവർ ചരിത്രത്തിൽ പോലുമില്ലാതെ താഴത്തെ ഇരുട്ടിലേക്കു ആണ്ടു പോയിരിക്കാം. ഇത് പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന ഒരു ചതിക്കുഴി ആണ്. ഇത് പോലുള്ള ഇടങ്ങൾ ലോകത്തു പലയിടത്തും ഉണ്ട്. ജോർജിയയിലെ veryovkina ഗുഹയാണ് അതിൽ ഏറ്റവും ആഴമുള്ളത്. 2223 മീറ്റർ ആഴമുണ്ടതിന്. ഓരോ ഘട്ട പര്യവേഷണത്തിലും അതിൽ പുതിയ പുതിയ കൈ വഴികൾ കണ്ടെത്തി. 1100 മീറ്ററിൽ പണ്ട് കാണാതായ ഒരു ആളുടെ മൃതദ്ദേഹവും അതിൽ നിന്ന് ലഭിച്ചിരുന്നു. ഗുണാ കേവ്സ് അത് പോലെ വെൽ മാപ്പ്ഡ് അല്ല. അത് കൊണ്ട് കൂടിയാണ് താഴെ എന്താണുള്ളത് എന്ന് ആർക്കും ഒരു തിട്ടവുമില്ലാത്തത്. അത് പഠിക്കാൻ വിദഗ്ധന്മാരെ ചുമതലപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ ക്രൈസിസ് മാനേജ്മെന്റിനുള്ള ആധുനിക ഉപകരണങ്ങളും ഇവിടെ വേണ്ടിയിരിക്കുന്നു. ഗുണാ കേവ് കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഏറെ വൈകിയിരുന്നു. ഇനിയും പോകാൻ ഏറെ സ്ഥലങ്ങൾ ബാക്കിയുണ്ട്. ഡോൾഫിൻ നോസ്, ബെറിജം തടാകം അങ്ങനെ പലതും. പക്ഷേ സമയമില്ല. അതൊക്കെ ഇനിയൊരിക്കൽ കാണാമെന്നു വെച്ചു . ബെറീജം തടാകത്തിനു അരികിൽ കൂടി കൊടൈക്കനാലിൽ നിന്നും മൂന്നാറിലേക്ക് ഒരു മനോഹരമായ പാത ഉണ്ടെന്നു എൻറെ ബ്രദർ രതീഷ് സദാനന്ദൻ പറഞ്ഞു കേട്ടിരുന്നു. പക്ഷേ ഇപ്പോൾ പക്ഷേ അത് അടച്ചിരിക്കുകയാണ്.

ഞങ്ങൾ തിരിച്ചു പോയത് ബാറ്റ്ലഗുണ്ടു റോഡ് വഴിയാണ്. വഴിയിൽ നല്ല ഫ്രഷ് കാരറ്റ് വിൽക്കുന്നവരെ കണ്ടു. മലയിറങ്ങി രാജപാളയം ചെങ്കോട്ട പുനലൂർ വഴി വീട്ടിലെത്തിയപ്പോൾ ഏറെ വൈകിയിരുന്നു. എങ്കിലും എന്നും ഓർമ്മകളിൽ ഉണ്ടാവുന്ന ഒരു യാത്ര ചെയ്തതിന്റെ സംതൃപ്തി ഉണ്ടായിരുന്നു മനസ്സിൽ. Climax ഡെവിൾസ് കിച്ചനിൽ നിന്നും പോന്നതിനു ശേഷവും ആ ചെറുപ്പക്കാരുടെ കഥ എന്നും മനസ്സിൽ ഉണ്ടായിരുന്നു. സിജുവിന്റെയും സുഭാഷിന്റെയും ആ കഥയിൽ നിന്ന് ഇൻസ്‌പൈഡ് ആയി ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതി തുടങ്ങി. ശരിക്കുമുള്ള കഥ എഴുതുന്നത് പ്രശ്നമാവുമെന്ന് ആണ് ഞാൻ കരുതിയത്. അത് കൊണ്ട് ഞാൻ മൂലകഥയിൽ നിന്ന് വ്യതിചലിച്ചു. എന്റെ കഥ പാലക്കാട്‌ കോളേജിൽ നിന്നും കൊടൈകനാലിലേക്ക് വിനോദയാത്രക്ക് വരുന്ന ഒരു വിദ്യാർത്ഥി സംഘത്തിലെ ഒരു കുട്ടി ഗുഹയിൽ വീഴുന്നതും കൂട്ടുകാരൻ രക്ഷിക്കുന്നതും ആയിരുന്നു. എൻറെ കഥയിൽ പകുതി വരെ ഗുഹയെ ക്കുറിച്ച് പരാമർശം പോലുമില്ല. പ്രണയത്തിനു ആണ് ഊന്നൽ. ടൈറ്റാനിക് സിനിമ പോലെ ഒരു ദുരന്തത്തിന്റെ കാത്തിരിപ്പ് പ്രേക്ഷകർക്കുണ്ടാകാതിരിക്കാൻ അങ്ങനെ എന്തെങ്കിലും വേണമെന്നായിരുന്നു എൻറെ ധാരണ. സ്ക്രിപ്റ്റ് പകുതി വഴി എത്തിയപ്പോൾ അത് ഡിസ്‌കസ് ചെയ്യാൻ ഞാൻ ഫ്രണ്ട്‌സിന്റെ കൂടെ ഒരിക്കൽ കൂടി കൊടൈക്കനാലിൽ പോയി. ഞങ്ങൾ മൂന്നു പേരായിരുന്നു സംഘത്തിലുള്ളത്. ഞാനായിരുന്നു വണ്ടി ഓടിച്ചത്. ഞങ്ങൾ മല കയറുമ്പോൾ സമയം രാത്രി ആയി. വഴിയിലെങ്ങും കനത്ത മൂടൽ മഞ്ഞു . അകാരണമായ ഒരു ഭയം എന്നെ പൊതിഞ്ഞു. കഥാകാരന് തന്നെ കഥാപാത്രത്തിന്റെ ഗതി ഉണ്ടാകുന്നത് എവിടെയോ വായിച്ചിരുന്നു. ഇനി ഡെവിൾസ് കിച്ചൻ പോലെ വേറെയും സ്ഥലങ്ങൾ ഇവിടെ ഉണ്ടാകുമോ? ഞാൻ വണ്ടിയുടെ വേഗത പതുക്കെ ആക്കി. ഒടുവിൽ കൊടൈയിൽ എത്തുമ്പോൾ ഒന്നും കാണാൻ വയ്യ. ഒരു ബൈക്കിൽ രണ്ടു പേർ ഹോട്ടലിലേക്കുള്ള വഴി കാണിക്കാമെന്നു പറഞ്ഞു ഗലികളിലൂടെ കൂട്ടി കൊണ്ട് പോയി. ഇടയ്ക്ക് അവരെയും കാണാൻ വയ്യ. അത്രക്ക് കോട. ഒടുവിൽ ഹോട്ടലിൽ എത്തി. റൂം എടുത്ത് സമയം പാഴാക്കാതെ നിറുത്തിയ ഡിസ്കഷൻ വീണ്ടും തുടങ്ങി. എന്റെ സുഹൃത്ത് അനിൽവിൽ‌സൺ ചില സംഭാഷണങ്ങൾ ക്ലിഷേ ആണെന്ന് പറഞ്ഞു. ഈ കാലത്തിന്റെ റഫറൻസ് കൊടുത്തു ഫ്ലാഷ് ബാക്കിൽ കഥ പറഞ്ഞാൽ നന്നാവും എന്നൊരു അഭിപ്രായം ജേക്കബും വച്ചു .

നിർദേശങ്ങൾ ഞാൻ മൊബൈലിൽ കുറിച്ച് വെച്ചു. പിറ്റേന്നും ഫുൾ മഴ ആയിരുന്നു. ഒന്നും കാണാനും വയ്യ. വന്നത് വേസ്റ്റ് ആയി എന്ന് തോന്നി. പക്ഷേ കുറേ കഴിഞ്ഞപ്പോൾ മഴ ശമിച്ചു. ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു. നേരെ ഗുണാ കേവ്സ് ലേക്കാണ് പോയത്. അവിടെ പലരോടും പഴയ കഥകൾ ചോദിച്ചു. പലരും ഒന്നും മിണ്ടിയില്ല. അവിടെ ഒരു അജ്ഞാത ശക്തി ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്ന പോലെ തോന്നി. ഒരു ഡ്രൈവർ ആണ് മന്ത്രിയുടെ ബന്ധുവിന്റെ കഥ പറഞ്ഞത്. ഫയർ ഫോഴ്സ് ഓഫീസിൽ പോയി അവരുടെ രീതികൾ ഒന്ന് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കൾ തളർന്നത് കൊണ്ട് തിരിച്ചു പോകാമെന്നു വിചാരിച്ചു. ഞങ്ങൾ പഴനി പോകുന്ന വഴിയിൽ കൂടി തിരിച്ചിറങ്ങി. നേരെ പൊള്ളാച്ചി വഴി പാലക്കാടിനു വിട്ടു. അവിടെ ക്കൂടെ ആണല്ലോ നമ്മുടെ കഥാപാത്രങ്ങൾ കൊടൈയിലേക്ക് വരുന്നത്. വഴിയിൽ പഴനിയിലേക്ക് തൈപൊങ്കാലിന് കാൽ നടയായി വരുന്ന ഭക്തജനങ്ങളെ കണ്ടു . അത് കുറേ ദൂരെ വരെ കാണാമായിരുന്നു. ഒടുവിൽ ആ വഴി എല്ലാം കണ്ട ശേഷം 7 മണിയോട് കൂടി പാലക്കാട്‌ കോയമ്പത്തൂർ ഹൈവേയിൽ കയറി. പിന്നെ കുതിരാൻ തുരംഗം വഴി തെക്കോട്ടു നീണ്ട യാത്ര . ഒടുവിൽ 2 മണിയോടെ വീട്ടിലെത്തി. Tail End പക്ഷേ ആ സ്ക്രിപ്റ്റ് നടന്നില്ല. 60 സീൻ എഴുതി പൂർത്തിയാക്കിയതായിരുന്നു. ആയിടെക്കാണ് എനിക്ക് മുംബൈക്ക് ട്രാൻസ്ഫർ ആയതു. 2023 ആഗസ്ത് 21. ഞാൻ ഗുജറാത്തിലെ വെരാവൽ നിന്നും മുംബൈയിലേക്കു വരികയായിരുന്നു. ആ യാത്രക്കൊടുവിൽ പവായ് തടാകത്തിനു അടുത്ത് വച്ചു കറുത്ത ഹെൽമെറ്റ്‌ അണിഞ്ഞ രണ്ടു ബൈക്ക് ധാരികൾ എൻറെ മൊബൈൽ തട്ടിപറിച്ചു കൊണ്ട് പോയി. അനേകം വർഷത്തെ എൻറെ ഓർമ്മകൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. കൂടെ എൻറെ പ്രീയപ്പെട്ട സ്ക്രിപ്റ്റും. പിന്നീട് ജിമെയിൽ പരതിയപ്പോൾ 2021 ആഗസ്റ്റിൽ പോസ്റ്റ്‌ ചെയ്ത പഴയ ഒരു 43 സീൻ ഉള്ള ഒരു backup കിട്ടി. അതിൽ നിന്നും എഴുതാനായി ഗൂഗിളിൽ വെറുതെ ഡെവിൾസ് കിച്ചൻ സെർച്ച്‌ ചെയ്തപ്പോൾ ഒരു പുതിയ പടത്തിന്റെ പരസ്യം. “മഞ്ഞുമേൽ ബോയ്സ് ”. ഒരു നടന്ന സംഭവത്തിന്റെ ആവിഷ്കാരം എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. ലോകത്തു ഒരേ പോലെ പലർ ചിന്തിക്കുന്നത് സ്വഭാവികമാണ്. ഞാൻ പിന്നെ അതിൽ തൊട്ടില്ല. രണ്ട് മൂന്ന് സുഹൃത്തുക്കൾക്ക് അത് ഫോർവേഡ് ചെയ്തു. കാരണം പടം റിലീസ് ആയി ക്കഴിഞ്ഞാൽ പിന്നെ ആരും വിശ്വസിക്കില്ല. മുംബൈ ചെമ്പുർ കെ സ്റ്റാർ മാളിൽ ഫൺ സിനിമാസിൽ “ മഞ്ഞുമേൽ ബോയ്സ് ” കാണാനിരിക്കുമ്പോൾ അസൂയ ആയിരുന്നു ആദ്യം. ഈ തീം എൻറെ എത്ര സമയം അപഹരിച്ചു ആരെങ്കിലും അറിയുമോ? പക്ഷേ പടം കണ്ടു തുടങ്ങി ഗുഹയിൽ എത്തുന്നതോടെ ഞാൻ എൻഗേജ്ഡ് ആയി. ഗുഹയുടെ സെറ്റ് കണ്ടപ്പോൾ തോന്നി.

നല്ലത് പോലെ ഡയറക്റ്റ് ചെയ്യുന്ന ഡയറക്ടർക്ക് സ്ക്രിപ്റ്റ് എന്തിനു? പടം തീർന്നപ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ എനിക്ക് തോന്നി അത് ദൈവത്തിന്റെ നിശ്ചയം ആണെന്നു. വീണ കൂട്ടുകാരന് വേണ്ടി ജീവൻ ബലിയർപ്പിച്ച് ആ ഗുഹയിൽ ഇറങ്ങിയ സിജുവിന്റെ കഥയാണ് അനശ്വരമാകേണ്ടത് . അല്ലാതെ എൻറെ നേട്ടത്തിന് വേണ്ടി ഭാവനയിൽ ഞാനെഴുതിയ സ്ക്രിപ്റ്റ് അല്ല. ഞാൻ എൻറെ പേന താഴെ വച്ചു. ഡെവിൾസ് കിച്ചനിൽ ഇനിയും സഞ്ചാരികളെത്തും. അവർ ആ ഗുഹ നോക്കി പതിവ് പോലെ അഭിരാമി അഭിരാമി എന്ന് ആർത്തു വിളിക്കും. ഇനി അവർ സിജുവിനെയും സുഭാഷിനെയും കൂടി ഓർമ്മിക്കും . ചരിത്രത്തിലേ ഇല്ലാത്ത എന്നേപ്പോലുള്ളവരൊക്കെ സിനിമ എന്ന മരീചിക കാത്തിരിക്കും . അഭിരാമി എന്ന പ്രഹേളിക കാത്തിരിക്കുന്ന കമലിന്റെ നായകനെ പ്പോലെ. ദൂരെ ഗുണാ കേവ്സിൽ നിന്നും കമലിന്റെ ശബ്ദം കേൾക്കാം “ കണ്മണി അൻപോട് കാതലൻ നാൻ എഴുതും കടിതം ”.