Friday 07 June 2024 12:20 PM IST : By സ്വന്തം ലേഖകൻ

പാട്ടിയായി സലീമയുടെ വേഷപ്പകർച്ച,‘ആരണ്യകം’ നായിക മടങ്ങിയെത്തുന്നു

saleema

ഒരു കാലത്ത് മലയാള സിനിമയുടെ നായികാ സങ്കൽപ്പമായിരുന്നു സലീമ. ‘നഖക്ഷതങ്ങൾ’, ‘ആരണ്യകം’ തുടങ്ങി മലയാളി ഹൃദയത്തോടു ചേർത്തു പിടിച്ച ഒരുപിടി ചിത്രങ്ങൾ സലീമയുടെതായുണ്ട്. അതിൽ തന്നെ ആരണ്യകത്തിലെ ദേവൻ–സലീമ ജോഡി പ്രേക്ഷകരുടെ പ്രണയസങ്കൽപ്പങ്ങൾക്ക് മറ്റൊരു മുഖം കൊടുത്തു.
വർഷങ്ങൾക്കിപ്പുറം സലീമ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. ടി.എസ്.സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡിഎൻഎയിലൂടെയാണ് സലീമ മലയാളത്തിൽ വീണ്ടുമെത്തുന്നത്. സലീമ ചിത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടി എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.

യുവനടൻ അഷ്‌കർ സൗദാൻ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ഡിഎൻഎ ജൂൺ പതിനാലിന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും. എ.കെ. സന്തോഷിന്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യൻസും അണിനിരക്കുന്നുണ്ട്.