വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ട മിനിസ്ക്രീൻ സഹ ക്യാമറാമാൻ ഷിജുവിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടി സീമ ജി നായർ. ഒപ്പം ഷിജുവിന്റെ വിയോഗ വാർത്ത ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധം റിപ്പോർട്ട് ചെയ്ത ഓൺലൈൻ മാധ്യമത്തിനെതിരെയും സീമ പ്രതികരിച്ചിട്ടുണ്ട്.
‘വയനാട് ദുരന്തത്തില്‍ മംഗല്യം സീരിയൽ താനത്തിന് ദാരുണാന്ത്യം. കണ്ണീരോടെ സീരിയൽ താരങ്ങൾ’ എന്ന തലക്കെട്ടിനു താഴെ സീരിയൽ താരങ്ങളുടെ ചിത്രം ചേർത്ത് ഷിജുവിന്റെ വിയോഗ വാർത്ത പങ്കുവച്ചതിനെതിരെയാണ് സീമയുടെ പോസ്റ്റ്.
‘എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്. ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിങ് കൊടുക്കുമ്പോൾ എത്രയോ പേർക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത്. ഫോക്കസ് പുള്ളർ ഷിജു എന്ന് എഴുതിയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം. വയനാട് ദുരന്തവും, മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത്. ഞാൻ തന്നെ ഇത് കണ്ടു ഞെട്ടി പോയി. അങ്ങനെയാണ് ഇത് വായിച്ചത്. കഷ്ട്ടം സീരിയൽ താരത്തിന് ദാരുണാന്ത്യം എന്ന്. ദയവു ചെയ്ത് കാശുണ്ടാക്കാനായി ഇതുപോലുള്ള വാർത്തകൾ പടച്ചു വിടരുത്’ എന്നാണ് സീമ സോഷ്യൽ മീഡിയയിൽ കുറിച്ചത്.