ADVERTISEMENT

പത്മശ്രീ പുരസ്കാരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ ഇങ്ങനെയാണു പറഞ്ഞത്!

‘ഓർമകളിൽ എപ്പോഴും സംഗീതമാണ്. സംഗീതത്തിൽ എപ്പോഴും ശിഷ്യരാണ്. ശിഷ്യരിൽ എന്നും സ്നേഹമാണ്. സ്േനഹം എന്നും സംഗീതമാണ്. ആ സംഗീതം ദൈവമാണ്. ആ ദൈവത്തിനു സ്തുതി.’’

ADVERTISEMENT

പത്മശ്രീ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു സ്വീകരിച്ചു തിരിച്ചെത്തിയതേയുള്ളു ടീച്ചർ. പ്രഖ്യാപനം വന്നപ്പോൾ തുടങ്ങിയ അഭിനന്ദനപ്രവാഹം ഇതുവരെ നിലച്ചിട്ടില്ല. വിളിക്കുന്നവരിൽ കൂടുതലും ശിഷ്യർ തന്നെ. കഴിഞ്ഞ 60 വർഷമായി സംഗീതമധുരം ശിഷ്യരിലേക്കു പകരുന്ന ടീച്ചർക്കു മുന്നിൽ ഇപ്പോഴുമെത്തുന്നു ശുദ്ധസംഗീതത്തിന്റെ പൊരുൾ തേടി വരുന്ന കുരുന്നുകൾ.

നാലു തലമുറയായി ഈ വീട്ടിൽ നിന്നു ശാസ്ത്രീയസംഗീതം ഉയരുന്നു. ഹരിപ്പാട് മേടയിൽ വീട്ടിൽ മലബാർ ഗോപാലൻ നായർ പ്രശസ്തനായ ഗായകനായിരുന്നു. ഭാര്യ കമലാക്ഷി അമ്മ സംഗീതാധ്യാപികയും. മൂന്നു മക്കൾ മൂത്തമകൻ എം.ജി. രാധാകൃഷ്ണൻ, രണ്ടാമത്തെ മകൾ ഡോ. കെ. ഓമനക്കുട്ടി, മൂന്നാമത്തെ മകൻ എം.ജി. ശ്രീകുമാർ. നാലാം തലമുറയിൽ ഇപ്പോൾ ഗായകൻ കെ. എസ്. ഹരിശങ്കർ. യുവതലമുറയുടെ രോമാഞ്ചം.

ADVERTISEMENT

ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാലക്ഷ്മിയുടെയും പ്രസിദ്ധസംഗീതജ്‌ഞനും അധ്യാപകനുമായിരുന്ന ഡോ. ആലപ്പുഴ ശ്രീകുമാറിന്റെയും മകൻ. ഗായികയും പ്രശസ്തയായ വീണ വിദുഷിയുമാണു കമലാ ല ക്ഷ്മി. മലയാളത്തിന്റെ അർജിത് സിങ് എന്നാണു പലരും ഹരിശങ്കറിനെ വിളിക്കുന്നത്. തിരുവനന്തപുരത്തു മേടയിൽ വീട്ടിൽ ഇപ്പോൾ ടീച്ചറും മകളും കുടുംബവുമാണ് താമസം. ഭർത്താവ് ഗോപിനാഥൻ നായരും സഹോദരൻ എം. ജി. രാധാകൃഷ്ണനും മരുമകൻ ആലപ്പുഴ ശ്രീകുമാറും വിട പറഞ്ഞതിന്റെ ശൂന്യത ഇവിടെയുണ്ട്. എങ്കിലും ഈ വലിയ വീട്ടിൽ നിന്ന് എപ്പോഴും ശ്രുതിശുദ്ധമായ ശാസ്ത്രീയസംഗീതമുയരുന്നു. ഒരു സംഗീതപരിപാടി കഴിഞ്ഞു മടങ്ങിവന്നതേയുള്ളു ഹരിശങ്കർ. മലയാളികളുെട പ്രിയപ്പെട്ട ടീച്ചറും കൊച്ചുമകൻ കെ. എസ്. ഹരിശങ്കറും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു.

‘അച്ഛനും അമ്മൂമ്മയുമാണു സംഗീതത്തിലെ ഗുരുക്കന്മാർ. അവരാണു തുടങ്ങിത്തന്നത്. അതു മോശമായില്ല.

ADVERTISEMENT

എന്നു കരുതുന്നു. അല്ലേ അമ്മാ....’ ഹരിശങ്കർ സംസാരിച്ചു തുടങ്ങി. അമ്മ കമലാലക്ഷ്മിയും ഭാര്യ ഗാഥയും ഒപ്പമുണ്ട്. അതിനു മറുപടി പറഞ്ഞതു ടീച്ചറാണ്;

‘സംഗീതപാരമ്പര്യമുള്ള വീട്ടിലാണു ജനിച്ചതെങ്കിലും ശങ്കുവിന്റെ (അങ്ങനെയാണു ഹരിശങ്കറിന്റെ വിളിപ്പേര്) വിജയത്തിനു പിന്നിൽ അവന്റെ കഠിനാധ്വാനമുണ്ട്. അവൻ നന്നായി സാധകം ചെയ്യും. ഒരു പാട്ടു കിട്ടിയാൽ അതു മനോഹരമാക്കാൻ എത്ര വേണമെങ്കിലും കഷ്ടപ്പെടും. അതൊക്കെയാണു സംഗീതത്തിൽ വിജയത്തിന് വേണ്ടതെന്ന് എനിക്കു തോന്നിയിട്ടുണ്ട്.’’

കലാപാരമ്പര്യവും കഴിവും

ഹരിശങ്കർ – കലാപാരമ്പര്യം ഉണ്ടെങ്കിൽ നമുക്ക് ഈ രംഗത്തേക്കു കടന്നുവരാൻ കഴിയും. പക്ഷേ പിടിച്ചു നിൽക്കണമെങ്കിൽ അതു മാത്രം പോര.

ഓമനക്കുട്ടി ടീച്ചർ– ഞാൻ പറയാറുണ്ടു ദാസേട്ടൻ ഒരു അദ്ഭുതമാണെന്ന്. ഈ എൺപത്തിനാലാം വയസ്സിലും ആ മനസ്സിൽ സംഗീതം മാത്രമേയുള്ളു. കഴിഞ്ഞ ആഴ്ചയും ഞങ്ങൾ ഒരു മണിക്കൂറിലേറെ സംസാരിച്ചു. മാധവ മനോഹരി എന്നൊരു അപൂർവരാഗമുണ്ട്. അതേക്കുറിച്ചായിരുന്നു സംസാരം. കുട്ടികളെപ്പോലെ അദ്ദേഹം ഇപ്പോഴും സംഗീതം പഠിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ദാസേട്ടനോടു പറയാറുണ്ട്. അദ്ദേഹം പാടിയതുകൊണ്ടാണ് ഇക്കാലത്തും നാട്ടിൽ ക്ലാസിക്കൽ മ്യൂസിക്കിന് ഇത്രയെങ്കിലും പ്രചാരം കിട്ടിയതെന്ന്.

ഹരിശങ്കർ– ദാസ് സാറിനെ പല സ്ഥലത്തു വച്ചും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ചോദിക്കും. കച്ചേരി നന്നായി പോകുന്നുണ്ടല്ലോ അല്ലേ? ശാസ്ത്രീയ സംഗീതം നന്നായി പഠിക്കുന്നുണ്ടല്ലോ അല്ലേ? എന്നൊക്കെ?’ ശാസ്ത്രീയസംഗീതത്തിന് അദ്ദേഹം കൊടുക്കുന്ന പ്രാധാന്യം അത്ര വലുതാണ്. ഓമനക്കുട്ടി ടീച്ചർ – ദാസേട്ടനെ കുറച്ചെങ്കിലും ജീവിതത്തി ൽ അനുകരിക്കുകയാണെങ്കിൽ നല്ല നിലയിൽ എത്തിപ്പെടും എന്ന് എനിക്കു തോന്നിയിട്ടുണ്ട്.

ഹരിശങ്കർ – തീർച്ചയായും. സംഗീതം മാറ്റിനിർത്തി ഒരു ജീവിതം അവർക്കില്ല. അമ്മൂമ്മയുടെ സംഗീതയാത്രയുടെ തുടക്കം ഓർമയുണ്ടോ?

ഓമനക്കുട്ടി ടീച്ചർ– എനിക്കു പത്തു വയസ്സുള്ളപ്പോഴാണ് ആദ്യമായി പൊതുവേദിയിൽ പാടിയത്. നങ്ങ്യാർകുളങ്ങര ബഥനി കോൺവെന്റിൽ മാർ ഗ്രിഗോറിയസ് തിരുമേനി പങ്കെടുത്ത ചടങ്ങ്. ‘കനിവാലും കമനീയ ഹൃദയം യേശു’ എന്ന ഗാനമാണ് ആദ്യമായി പാടിയത്. പാട്ടു നന്നായിരുന്നു എന്നു തിരുമേനി പറഞ്ഞു.

ഹരിശങ്കർ– മുത്തശ്ശിയുടെ സംഗീത വാസന എങ്ങനെയാണ് തിരിച്ചറിഞ്ഞത്?

ഓമനക്കുട്ടി ടീച്ചർ – ഹരിപ്പാട് ഞങ്ങളുടെ വീടിന്റെ പേരും മേടയിൽ എന്നായിരുന്നു. എം. എസ്. സുബ്ബലക്ഷ്മി, ശെമ്മാൻകുടി ശ്രീനിവാസ അയ്യർ. രാജലക്ഷ്മി, എം. എൽ. വസന്തകുമാരി അങ്ങനെയുള്ളവരുടെ കച്ചേരി കണ്ടാണു ഞാൻ വളർന്നത്. എങ്കിലും എന്നെ പാട്ടുകാരിയാക്കാൻ വീട്ടിൽ ആർക്കും താത്പര്യം ഉണ്ടായിരുന്നില്ല. ഡോക്ടറാക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അതുകൊണ്ടാണ് അവർ എന്നെ സുവോളജി പഠിക്കാൻ അയച്ചത്. ആലപ്പുഴ നിന്നു തിരുവനന്തപുരത്തേക്കു താമസം മാറിയതോടെ സംഗീതലോകവും വലുതായി.

harisankar10
അമ്മ കമലാലക്ഷ്മി,ഹരിശങ്കർ

കേട്ടുവളർന്ന പാട്ടുകളിൽ നിന്നു സംഗീതം മനസ്സിൽ കയറി. തിരുവനന്തപുരം വിമൻസ് കോളജിലെ ലാബിൽ തവളയേയും പാറ്റയേയും കീറിമുറിച്ചു പഠിക്കാൻ തുടങ്ങിയപ്പോഴേ എനിക്കു മനസ്സിലായി. ഇതല്ല എന്റെ വഴിയെന്ന്. ഇഷ്ടത്തോടെയല്ലെങ്കിലും നന്നായി പഠിച്ചു. ജോലി നേടണമെന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. അക്കാലത്തു തിരുവനന്തപുരത്തു നടക്കുന്ന എല്ലാ പ്രധാനപ്പെട്ട പരിപാടികളിലും ഈശ്വരപ്രാർഥന ഞാനായിരുന്നു പാടിയിരുന്നത്. ഇന്ത്യൻ പ്രസി‍ഡന്റും പ്രധാനമന്ത്രിയും പങ്കെടുത്ത ചടങ്ങുകൾ വരെ അതിലുണ്ട്.

ഒരിക്കൽ പുത്തരിക്കണ്ടം മൈതാനത്തു കലാനിലയം നാടകവേദിയുടെ ഒരു പരിപാടി നടക്കുന്നു. അവിടെയും എന്റെ പ്രാർഥനയുണ്ടായിരുന്നു. അന്നു സംഗീത കോളജ് പ്രിൻസിപ്പലായിരുന്ന ശെമ്മാൻകുടി സ്വാമിയും അവിടെ ഉണ്ടായിരുന്നു. എന്റെ പാട്ടുകേട്ട സ്വാമി അച്ഛനോടു ചോദിച്ചു; ഈ മകളെ എന്തു പഠിപ്പിക്കാൻ പോകുന്നു. അച്ഛൻ പറഞ്ഞു; ‘ഒന്നുകിൽ ഡോക്ടറാക്കണം. അല്ലെങ്കിൽ അധ്യാപികയാക്കണം.’

സ്വാമി പറഞ്ഞു; രണ്ടുമല്ല സംഗീതമാണ് ഇവളുടെ വഴി. ആ വാക്കിന് അച്ഛൻ വഴങ്ങി. അങ്ങനെ നാലു വർഷത്തെ ഗാനഭൂഷണത്തിനു ചേർക്കാതെ എനിക്കു ഗാനപ്രവീണയ്ക്ക് അഡ്മിഷൻ കിട്ടി. ആ ഈശ്വരപ്രാർഥനയാണ് എന്നെ സംഗീതത്തിലേക്കു വഴിതിരിച്ചു വിട്ടത്. അച്ഛനും അമ്മയും ആഗ്രഹിച്ചതുപോലെ ഞാൻ അധ്യാപികയുമായി എന്നതു മറ്റൊരു സന്തോഷം.

24ാം വയസ്സിലാണു സംഗീതകോളജിൽ അധ്യാപികയാവുന്നത്. അതിനു മുൻപ് സംഗീതപഠനത്തോടൊപ്പം പഠിപ്പിക്കലും ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ ആറു പതിറ്റാണ്ടിലേറെയായി അധ്യാപനം തുടങ്ങിയിട്ട്.

ചിത്ര, അരുന്ധതി, രജനീവർമ തുടങ്ങി ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ. ഒരു മനുഷ്യായുസ്സിൽ ഇത്രയൊക്കെ നടന്നു. ഭാഗ്യം. മാത്രമല്ല സംഗീതത്തിനുവേണ്ടി തിരുവനന്തപുരത്ത് സംഗീതഭാരതി എന്ന പേരിൽ ഒരു ഗവേഷണകേന്ദ്രവുണ്ട്. സംഗീതത്തിൽ കഴിവും താത്പര്യവും ഉള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ശങ്കുവിന് അറിയാമല്ലോ?

ഹരിശങ്കർ– ഇത്രയും ശിഷ്യഗണങ്ങൾ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം?

ഓമനക്കുട്ടി ടീച്ചർ– ഞാൻ പഠിപ്പിച്ച എല്ലാ കുട്ടികളെയും എനിക്ക് ഇഷ്ടമാണ്. അവർ എന്റെ മക്കളാണ്. എങ്കിലും ചില കുട്ടികളെ പഠിപ്പിക്കുമ്പോൾ നമ്മുടെ ഹൃദയം നിറയാറുണ്ട്. അങ്ങനെയുള്ള കുട്ടിയായിരുന്നു ചിത്ര. ൈദവം ചിത്രയെ ഭൂമിയിേലക്ക് അയച്ചതു സംഗീതത്തിനു വേണ്ടിയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

ഹരിശങ്കർ– അമ്മൂമ്മ എന്തുകൊണ്ടാണു സിനിമാരംഗത്തേക്കു വരാത്തത്?

ഓമനക്കുട്ടി ടീച്ചർ– ഞാൻ സിനിമയിൽ വരുന്നതിൽ അ ച്ഛനു വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അതെന്തുകൊ ണ്ടെന്ന് അച്ഛനോടു ചോദിച്ചിട്ടില്ല. അച്ഛൻ എന്നോടു പറഞ്ഞിട്ടുമില്ല. എങ്കിലും ഒന്നുരണ്ടു സിനിമകളിൽ പാടിയിട്ടുണ്ട്. മാത്രമല്ല ചേട്ടൻ എം. ജി. രാധാകൃഷ്ണൻ പാട്ടു ചെയ്യുമ്പോൾ എന്നെക്കുടി അടുത്ത് ഇരുത്തുമായിരുന്നു. പല പാട്ടുകളും പിറക്കുന്നതിനു ഞാനും കൂടി സാക്ഷിയാണ്.

ഹരിശങ്കർ– ഞാൻ ആദ്യമായി പാടിയത് അമ്മൂമ്മയ്ക്ക് ഓർമയുണ്ടോ?

ഓമനക്കുട്ടി ടീച്ചർ– അതൊക്കെ മറക്കുന്നതെങ്ങനെ? ഒരു വയസ്സുള്ളപ്പോഴേ നീ പാടും. കയ്യിൽ വല്ല പേനയോ പെൻസിലോ ചീപ്പോ കിട്ടിയാൽ അതു മൈക്കു പോലെ പിടി ച്ചിട്ടു പാടാൻ ശ്രമിക്കും. ചിലപ്പോൾ കയ്യിൽ ഒരു പേപ്പർ ക ഷ്ണവും കാണും. അക്ഷരമൊന്നും അറിയില്ല. എങ്കിലും പാട്ടു പുസ്തകത്തിൽ നോക്കി പാടുന്ന ഫീൽ കിട്ടാനാണ് കയ്യിൽ പേപ്പർ പിടിക്കുന്നത്. അന്നേ എനിക്കു ബോധ്യമായി നീ ഒരു ഗായകൻ തന്നെയാണെന്ന്.

നാലു വയസ്സുള്ളപ്പോൾ ഞങ്ങൾ നിന്നെ പുട്ടപർത്തിയിൽ കൊണ്ടുപോയി. ഭജനയൊക്കെ പാടി. ബാബയ്ക്ക് നിന്നെ ഇഷ്ടമായി. അദ്ദേഹം അന്തരീക്ഷത്തിൽ നിന്ന് ഒരു സ്വർണമാലയെടുത്തു നിനക്കു സമ്മാനമായി തന്നു. പിന്നെ കുറേ തുണികളും തന്നു. സിനിമയിൽ ദാസേട്ടനൊപ്പമാണ് ശങ്കു ആദ്യമായി പാടുന്നത്. സുരേഷ് ഗോപി നായകനായ സാഫല്യം എന്ന സിനിമയിൽ അമ്പിളിത്തുമ്പീ..... ആകാശത്തുമ്പീ..... എന്നു തുടങ്ങുന്ന ഗാനം. രാധാകൃഷ്ണൻ ചേട്ടനായിരുന്നു അതിന്റെ സംഗീതം. അതിനു മുൻപ് ശ്രീക്കുട്ടനോടൊപ്പം ഒരു ഭക്തിഗാനം പാടി. കന്നി അയ്യപ്പൻ എന്ന കസറ്റിൽ. അന്നു നിനക്കു മൂന്നര വയസ്സ്. അതാണ് ആദ്യം റിക്കോർഡ് ചെയ്ത ഗാനം

ഹരിശങ്കർ– അതൊക്കെ നേരിയ ഓർമ മാത്രമാണ്. എങ്കിലും കുട്ടിക്കാലത്തേ സിനിമയിലും ആൽബത്തിലും പാടാ ൻ അവസരം കിട്ടിയതു ഭാഗ്യം.

harisankar-6
ഗാഥ, ഹരിശങ്കർ

മുതിർന്നപ്പോൾ സിനിമയിൽ ആദ്യമായി പാടാൻ അവസരം തന്നത് ഔസേപ്പച്ചൻ സാറാണ്. പിന്നെ, വിദ്യാസാഗർ സാർ, എം.ജയചന്ദ്രൻ സാർ, ജേക്സ് ബിജോയ്, ഷാ ൻ റഹ്മാൻ, ഗോപിസുന്ദർ, ബിജിബാൽ, കൈലാസ് മേനോൻ തുടങ്ങി പ്രമുഖരുടെ ഒരുനിര. ഇവരിൽ നിന്നൊക്കെ പാട്ടു പഠിക്കുമ്പോൾ നമ്മൾ സംഗീതസംബന്ധമായി ഓരോ പുതിയ പാഠങ്ങൾ കൂടി പഠിക്കുകയാണു ചെയ്യുന്നത്. ഒരു വർഷം ഞാൻ ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യനായി കൂടെ കൂടി. അതൊരു ബലമാണ് ഇപ്പോഴും. ഓമനക്കുട്ടി ടീച്ചർ– ഇവരെല്ലാം ഓരോരോ രീതിയിൽ കഴിവു തെളിയിച്ചവരാണല്ലോ. മാത്രമല്ല ശങ്കു പാടിയ ഒട്ടുമിക്ക ഗാനങ്ങളും ഹിറ്റ്ലിസ്റ്റിൽ ഇടം പിടിക്കുകയും െചയ്തു.

ഹരിശങ്കർ– അതുഭാഗ്യം. മലയാളത്തിനു പുറമേ ഒറിയ, മറാത്തി തെലുങ്ക്, തമിഴ്, സംസ്കൃതം ഹിന്ദി എന്നീ ഭാഷകളിൽ പാടി. പ്രഗതി സ്വന്തം മ്യൂസിക് ബ്രാൻഡ് ആണ്. ഞാനും കുറച്ചു സുഹൃത്തുക്കളും ചേർന്നു തുടങ്ങിയതാണ്. നന്നായി പോകുന്നു.

ഓമനക്കുട്ടി ടീച്ചർ – ശങ്കുവിന് പാടാൻ ഇഷ്ടം ഏതു രീതിയിലുള്ള പാട്ടുകളാണ്? മെ‍ലഡികളാണോ?

ഹരിശങ്കർ– പാടാൻ ഇഷ്ടം മെല‍ഡിയാണോ എന്നു ചോദിച്ചാൽ ട്യൂൺ ഉള്ള പാട്ടുകൾ പാടാനാണ് ഇഷ്ടം. ജീവാംശമായ്.... കിളിയേ.... പോലെയുള്ള പാട്ടുകൾ.

ഓമനക്കുട്ടി ടീച്ചർ – ഏതു പാട്ടു പാടിയാലും ശാസ്ത്രീയസംഗീതമാണ് അടിത്തറ.

ഹരിശങ്കർ– അമ്മൂമ്മ ജന്തുശാസ്ത്രം പഠിച്ച് സംഗീതജ്ഞയായി. ബിഡിഎസ് ആണു ഞാൻ പഠിച്ചത്. ആ സമയത്തുപഠനത്തിലും സംഗീതത്തിലും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് എനിക്കു നല്ല നിലയിൽ െമഡിസിൻ പരീക്ഷ പാസാവാൻ കഴിഞ്ഞു.

പക്ഷേ, പഠനം കഴിഞ്ഞ ശേഷം ഒരു ദിവസം പോലും ഞാൻ പ്രാക്റ്റീസ് ചെയ്തിട്ടില്ല. സിനിമയിലും മറ്റു സംഗീത പരിപാടികളിലും സജീവമായി. എങ്കിലും വീട്ടിൽ രണ്ടു മൂന്നു മുറികൾ പുറത്തു പണിതിട്ടിട്ടുണ്ട്. നാളെയൊരു സമയത്തു പ്രാക്റ്റീസ് ചെയ്യേണ്ടി വന്നാലോ എന്നോർത്ത്.’ മേടയിൽ വീട്ടിൽ നിന്നു വീണ്ടും ചിരിയുയർന്നു.

‘ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു എന്റെയും ഗാഥയുടെയും വിവാഹം. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഞങ്ങൾ നാലു വർഷം ഒരേ ക്ലാസിലാണു പഠിച്ചത്. അവസാന സെമസ്റ്റർ കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിച്ചു. ഗാഥ പാടാറില്ല. പക്ഷേ ഗാഥയ്ക്ക് പാട്ട് ഒരുപാട് ഇഷ്ടമാണ്.

എനിക്ക് ഒരു സഹോദരനും കൂടിയുണ്ട് രവിശങ്കർ. വയലിനിസ്റ്റാണ് രവി.’ ഹരിശങ്കർ പറഞ്ഞുനിർത്തി. ഹരിശങ്കറിന് ഇന്നും സംഗീതപരിപാടിയുണ്ട്. യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ ഹരിശങ്കർ െമല്ലെ മൂളി...

‘നീ ഹിമമഴയായ് വരൂ.....

ഹൃദയം അണിവിരലാൽ തൊടു....’

വി. ആർ. ജ്യോതിഷ്

ADVERTISEMENT