ADVERTISEMENT

യുവ സംഗീതസംവിധായകനും ഗായകനുമാണ് ഇഷാൻ ദേവ്. കേരളത്തിലെ ആദ്യ ബോയ് ബാൻഡ് ആയ ‘കൺഫ്യൂഷൻ’ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും ഇഷാൻദേവുമൊക്കെ ചേർന്നാണ് ആരംഭിച്ചത്. ജയരാജ് സംവിധാനം ചെയ്ത ‘ഫോർ ദ് പീപ്പിൾ’ എന്ന സിനിമയിലെ ‘ലജ്ജാവതിയെ’ എന്ന ഗാനത്തിന്റെ പിന്നണി ഗായകനായാണ് ഇഷാൻ ദേവ് ചലച്ചിത്ര സംഗീത രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദ് ടൈഗര്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ചിന്താമണി കൊലക്കേസ്, സൗണ്ട് ഓഫ് ബൂട്ട്, ഡോണ്‍, ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഇഷാൻ ദേവ് ഈണമൊരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഇപ്പോഴിതാ, തന്റെ മകൾ നൈനികയ്ക്ക് ബാലഭാസ്കർ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഓർമ്മച്ചിത്രം പങ്കുവച്ച് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് അക്ഷരാശംസകൾ നേർന്നിരിക്കുകയാണ് ഇഷാൻ.

അടുത്ത സുഹൃത്തുക്കളായിരുന്നു ഇഷാനും ബാലുവും. ബാലുവിനെക്കുറിച്ച് ഇഷാൻ പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്.

ADVERTISEMENT

‘ഹാപ്പി ബെർത്ത്ഡേ ബാലു അണ്ണാ! യൂണിവേഴ്സിറ്റി കോളേജിൽ സീനിയർ ആയ ബാലു അണ്ണൻ. ജീവിതവും സംഗീതവും രണ്ടല്ല എന്ന് കാണിച്ചുതന്നിട്ട്, ഒരുപാട് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചിട്ട്, നെഞ്ച് പിടയുന്ന നോവ് ഒരായുസ്സ് മുഴുവൻ ചുമക്കാൻ ചുമലിൽ തന്ന് എങ്ങോ മറഞ്ഞു പോയി. ഓർമകളിൽ ചിരികൾ മാത്രമേ ഉള്ളൂ എന്നെ സ്വാധീനിച്ച എന്നെ ഞാനാക്കിയ വഴികളിൽ അണ്ണന്റെ കയ്യൊപ്പ് മറക്കാനും മാറ്റാനും കഴിയില്ല. നഷ്ടങ്ങളോട് പൊരുത്തപ്പെടാൻ പാകപ്പെടലാണ് ജീവിതം എന്നും തോന്നാറുണ്ട് പലപ്പോഴും. ജീവിതത്തിൽ രണ്ടു ഭാഗങ്ങൾ ആയപോലെ ഉണ്ട് ഇപ്പോൾ. ഒന്ന് ബാലു അണ്ണനൊപ്പവും ഒന്ന് അതിനു ശേഷവും. അണ്ണാ ലവ് യൂ’ എന്നാണ് ബാലഭാസ്കറിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിൽ ഇഷാൻ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT