Monday 03 October 2022 04:38 PM IST

‘ഏഴാം മാസത്തിൽ ഡോക്ടർ പറഞ്ഞത്, അതുവരെ പറയാത്തത്... ഒടുവിൽ ഞാനതു കണ്ടു’: സലിം പറയുന്നു

Binsha Muhammed

Senior Content Editor, Vanitha Online

saleem-kodathoor-vanitha-m

ഉപ്പാന്റെ ഭാഗ്യക്കുട്ടി എവിടേ.... ഈ ദുനിയാവിലെ ഉപ്പാന്റെ സ്വത്ത്...’

മലപ്പുറം കോടത്തൂരെ നമ്പിശേരിയിൽ വീടിന്റെ പൂമുഖപ്പടിയിൽ നിന്നു സലിം ഉള്ളിലേക്ക് നോക്കി വിളിച്ചു. ആ വിളിക്കുത്തരം പോലെ വീടിന്റെ കിലുക്കാം പെട്ടി ഓടിയെത്തി. പിന്നെ തെരുതെരാ ഉമ്മകൾ... ഇത്തിരി നേരം മാറിനിന്നതിന്റെ പരിഭവം പറച്ചിൽ. സലിം ചോദ്യം വീണ്ടും ആവർത്തിച്ചു.

‘ദുനിയാവിലെ ഉപ്പാന്റെ ചിങ്കിടി മാലാഖ ആരാ...?’

‘ഞാൻ...’

ഹന്ന കൊഞ്ചിച്ചിരിച്ചു.

ഇമ്പവും ഇശലും പിരിശവും ഇഴചേർന്ന് മാപ്പിളപ്പാട്ടുകൾക്ക് മധുരസ്വരം നൽകിയ കലാകാരൻ സലിം കോടത്തൂരിന് ഹന്നയെന്ന നിധിയെ കിട്ടിയിട്ടു വർഷം പത്താകുന്നു. ‘‘ഈ കുട്ടി ജനിക്കില്ലെന്നായിരുന്നു ആദ്യത്തെ വിധിയെഴുത്ത്. പിന്നെ, ജനിച്ചാലും ജീവിക്കില്ലെന്നായി.ഇനി ജീവിച്ചാലും നരകിച്ച് കഴിയേണ്ടി വരുമെന്നും ഒരു ഘട്ടത്തിൽ പറഞ്ഞു.’’ സലിം ഒാർമിക്കുന്നു.

പത്തു വയസുകാരി ഹന്നയെ കുറവുകൾ ഉള്ളവളെന്ന് ലോകം വിളിച്ചപ്പോൾ, കുട്ടി മികവുകൾ ഉള്ളവളാണെന്ന് ലോകത്തെ കൊണ്ട് തിരുത്തി പറയിച്ച ഒരുപ്പയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണിത്.

അറിഞ്ഞു നൽകിയ നിധി

‘‘എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോ ൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി. മൂത്തയാൾ സിനാൻ പ്ലസ്ടു കഴിഞ്ഞു . രണ്ടാമത്തവൾ സന പത്താം ക്ലാസിലും. സുമീറ മൂന്നാമതും ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വല്യ സന്തോഷം. ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി.

മരുന്നും ഭക്ഷണവും സ്കാനിങ്ങും പരിശോധനകളും കൃത്യസമയത്തു തന്നെ നടന്നു. വിദേശത്തും സ്വദേശത്തുമുള്ള പ്രോഗ്രാമിന്റെ തിരക്കുകൾക്കിടയിലും ഓരോ വട്ടവും ഞാൻ സുമീറയുടെ അടുക്കൽ ഓടിയെത്തുമായിരുന്നു. ‘‘ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ തരണേ’’എന്നു മാത്രമേ പ്രാർഥിച്ചിട്ടുള്ളു.

ഏഴാം മാസത്തിലാണ് അതുവരെ പറയാത്ത കാര്യം ഡോക്ടർ അറിയിച്ചത്. കുഞ്ഞിന് മതിയായ ഭാരം ഇല്ല. അൽപം ടെൻഷനായെങ്കിലും ഡോക്ടറോടു തന്നെ പരിഹാരം ചോദിച്ചു. ‘നന്നായി ഭക്ഷണം കഴിക്കു’ എന്നു പറഞ്ഞു. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തെക്കുറിച്ചുള്ള നിർദേശങ്ങളും മരുന്നും തന്നു.

ഗർഭിണികൾക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ നടത്തുന്ന ഇഎസ്ആർ പരിശോധനയും ആ സമയത്ത് നടത്തി. അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. വിധിയുടെ കണക്കു പുസ്തകത്തിൽ പടച്ചോൻ എഴുതി ചേർത്തത് മറ്റൊന്നായി. ‘നിങ്ങളുടെ കുഞ്ഞിനു ‘രണ്ട് വിരൽ ഇല്ല....’ എന്ന് മാത്രമാണ് ആദ്യം ഡോക്ടറും ആശുപത്രി അധികൃതരും പറഞ്ഞത്. വിരലുകൾ ഇല്ലെങ്കിലും കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒ ന്നും ഇല്ലല്ലോ എന്നോർത്തു സ്വയം സമാധാനിച്ചു.

ഒടുവിൽ ഞാനാ കാഴ്ച കണ്ടു. വെന്റിലേറ്ററിനുള്ളിൽ ഞങ്ങളുടെ കുഞ്ഞ്. കഷ്ടിച്ച് 950 ഗ്രാം തൂക്കം മാത്രം. കുഞ്ഞിന് സാധാരണ ഉണ്ടാകേണ്ട ശാരീരിക വളർച്ചയൊന്നും ത ന്നെയില്ല.

ശ്വാസമെടുക്കാൻ വെമ്പുന്ന ആ കുഞ്ഞു ജീവനെ വാതിൽ വട്ടത്തിലൂടെ ഞാൻ കണ്ടു. അവളെയോ ർത്ത് അന്ന് മാത്രമാണ് ഞാൻ കരഞ്ഞത്. പിന്നീടൊരിക്കലും എനിക്ക് കരയേണ്ടി വന്നിട്ടില്ല.

തകർന്നു പോയ നിമിഷം

ജനിച്ച് ദിവസങ്ങൾ മാത്രമുള്ള കുഞ്ഞിനെ കയ്യിലേക്ക് വച്ചു തരുമ്പോൾ അതുവരെയുള്ള ഭയവും സങ്കടവുമൊക്കെ ഇരട്ടിയായി. ഉള്ളം കൈകളുടെ വട്ടത്തിനുള്ളിൽ ഒതുങ്ങുന്ന കുഞ്ഞു ദേഹം. ശ്വാസം ഉയർന്നു പൊങ്ങുന്നു എന്നതാണ് ജീവനുണ്ട് എന്നതിന്റെ ഏക തെളിവ്. കരച്ചിലിന്റെ സ്ഥാനത്ത് ചെറിയൊരു ഞരക്കം മാത്രം. കുഞ്ഞിനെ മുലയൂട്ടാൻ തന്നെ സുമീറ ആ നാളുകളിൽ നന്നേ ബുദ്ധിമുട്ടി.

അവളുടെ ക്ഷമയും സ്നേഹവുമാണ് ഹന്നയുടെ പുഞ്ചിരിയായി വളർന്നു വലുതായത്.

കുഞ്ഞിന്റെ ആരോഗ്യത്തിനായി, വളർച്ചയ്ക്കായി കൂടുതലായി എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. പരിശോധനകൾക്കൊടുവിൽ അവർ വേദനയോടെ ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തു.

‘ഈ കുഞ്ഞ് നടക്കുകയോ ഇരിക്കുകയോ സംസാരിക്കുകയോ ഇല്ല. പ്രായത്തിന് അനുസരിച്ച് ശാരീരികമായി വളർച്ചയുണ്ടാകില്ല. മുടി വളരുകയില്ല. നട്ടെല്ലിൽ നീർക്കെട്ടുണ്ട്. അതു മാറ്റാൻ സർജറി ആവശ്യമാണ്. സർജറി ചെയ് താലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ.’ ആശങ്കയേറ്റുന്ന മറ്റൊന്നു കൂടി ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ‘എല്ലാവർക്കും ഹൃദയം നെഞ്ചിന്റെ ഇടതു ഭാഗത്താണെങ്കിൽ, നിങ്ങളുടെ കുഞ്ഞിന് വലതു ഭാഗത്താണ്. അതുകൊണ്ട് തന്നെ ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും.’

ടെസ്റ്റ് റിപ്പോർട്ടുകൾ മുന്നിലേക്കു വച്ച് ഡോക്ടർ ഇ തു പറയുമ്പോഴും എല്ലാം സഹിക്കാനുള്ള ശക്തി തരണേ പടച്ചോനെ എന്നായിരുന്നു എന്റെ പ്രാർഥന. അവിടെ വച്ച് മറ്റൊരു തീരുമാനം കൂടി എടുത്തു. എങ്ങനെയാണോ കുഞ്ഞിനെ പടച്ചോൻ എനിക്കു തന്നത് അങ്ങനെ തന്നെ വളർത്തും. ഏതു രൂപത്തിലായാലും ഏത് അവസ്ഥയിലായാലും അവളെന്റെ രാജകുമാരിയായിരിക്കും. ഞാൻ എന്നോട് തന്നെ പലവുരു അത് പറഞ്ഞുറപ്പിച്ചു.

saleem-kodathoor-family-s

വളർച്ചയുടെ ഒാരോ ഘട്ടത്തിലും ഹന്നക്കുട്ടി ഞങ്ങളെ അദ്ഭുതപ്പെടുത്തി. ശാരീരിക വളർച്ചയുടെ പരിമിതികൾ മാറ്റി നിർത്തിയാൽ ബുദ്ധിയും ഓർമശക്തിയും ആവോളമുണ്ട്. സംസാരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഞാനെപ്പോഴും അവൾക്ക് പാട്ടു പാടിക്കൊടുക്കും.

അവൾക്ക് മൂന്നു വയസുള്ളപ്പോഴാണ് എന്റെ ഉപ്പ മരണപ്പെടുന്നത്. അതിനു ശേഷമുള്ള ആദ്യത്തെ റമസാൻ മാസം. സങ്കടം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ ഞങ്ങളുടെ നിശബ്ദതയെ മുറിച്ച് ഹന്ന ചോദിച്ചു. ‘പുത്രുപ്പാ... ഉണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നല്ലേ....’ അവൾ അതോർത്തു വച്ച് പറഞ്ഞത് എല്ലാ കുട്ടികൾക്കുമുള്ള ഓർമയും ബുദ്ധിശക്തിയും എന്റെ കുട്ടിക്കും ഉണ്ടല്ലോ എന്ന തിരിച്ചറിവു കൂടി തന്നു.

ഐക്യൂ ടെസ്റ്റ് നടത്തിയവർ സാക്ഷ്യപ്പെടുത്തുന്നത്, അവളെ ഭിന്നശേഷി വിഭാഗത്തിൽ പോലും ഉൾപ്പെടുത്തേണ്ടതില്ലെന്നാണ്. രൂപത്തിൽ മാത്രമേ കുട്ടി ചെറുതായുള്ളൂ. എല്ലാ അനുഗ്രഹങ്ങളും എന്റെ കുട്ടിക്ക് പടച്ചോൻ കൊ ടുത്തു. ഇനിയുംകൊടുക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ‌

പുറം ലോകത്തേക്ക്

തുറിച്ചു നോട്ടക്കാരുടെയും കുത്തുവാക്കുകളുടേയും ലോകത്ത് അവളെ ഒളിച്ചു വയ്ക്കേണ്ടതില്ല എന്നാണ് ഞാൻ പഠിച്ച മറ്റൊരു പാഠം. അവളെ സമൂഹത്തിന് പരിചയപ്പെടുത്തിയ ആദ്യ നാളുകൾ സുഖകരമായിരുന്നില്ല. ലോകത്ത് പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് സഹതാപമാണ് എന്നു തിരുത്തേണ്ടി വരും.

എന്റെ സന്തോഷങ്ങളിലും യാത്രകളിലും ഞാനെന്റെ കുട്ടിയെ ഒപ്പം കൂട്ടി. പുതിയ കുപ്പായം എടുക്കാൻ കടകളിൽ പോകാനും കല്യാണം കൂടാനുമൊക്കെ അവൾക്ക് വല്യ ഇഷ്ടമാണ്. ഒരിക്കൽ ചാവക്കാട് കടയിൽ തുണിയെടുത്തു കൊണ്ടിരിക്കുമ്പോ, ആരോ ചോദിച്ചത്രേ. ‘ഈ കുട്ടി എന്താ ഇങ്ങനെ ആയേ’ അതുകേട്ട് അവൾ വല്ലാതെ അസ്വസ്ഥയായി. തൊട്ടടുത്ത കടയിൽ ഉണ്ടായിരുന്ന എന്നെ വിളിച്ച് ‘ഉപ്പാ... എന്നെ കൂട്ടിക്കൊണ്ട് പോ’ എന്നു പറഞ്ഞു. നോട്ടക്കാരുടെ ഇടയിൽ മനം മടുത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്.

saleem-kodathoor-hanna

ചിലരൊക്കെ അവളുടെ മൂന്ന് വിരലുകളുള്ള ഇടംകൈ നോക്കി ഓരോന്ന് പറയുമ്പോ അവൾ പറയും. ‘ഉപ്പാ നമുക്ക് ഡോക്ടറെ അടുത്ത് പോകുമ്പോ എന്റെ കൈ ഒന്ന് റെഡ്യാക്കണം’ ഞാൻ അവളോടു പറയും, ‘കളിയാക്കുന്നോർക്കൊക്കെ അസൂയയാ... ഉപ്പാന്റെ ചിങ്കിടി സുന്ദരിയല്ലേ... ’

അവളുടെ പത്താം പിറന്നാളിന് സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവച്ചൊരു പോസ്റ്റാണ് അവളെ ഒരുപാടുപേരിലേക്ക് എത്തിച്ചത്. പിന്നെ, വിദേശത്തും സ്വദേശത്തുമുള്ള പ്രോഗ്രാമിലേക്ക് പോകുമ്പോൾ ഒപ്പം ഹന്നയും വന്നേ തീരുവെന്നായി. അവളുടെ പാട്ടുകളും കൊഞ്ചിപ്പറച്ചിലുകളും ചിരിയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി. അവളെ എടുക്കാനും അവളോടൊപ്പം സെൽഫി എടുക്കാനും ആളുകൾ തിരക്കുകൂട്ടാറുണ്ട്.

അവളെ എല്ലാ മികവുകളോടെയും പരിചയപ്പെടുത്തിയപ്പോൾ കുറ്റം പറഞ്ഞവരും മാറിചിന്തിച്ചു തുടങ്ങി എന്നതാണ് ഉപ്പയെന്ന നിലയിൽ എന്റെ ഏറ്റവും വലിയ വിജയം.

ബിൻഷ മുഹമ്മദ് ഫോട്ടോ: അരുൺ പയ്യടിമീത്തൽ