Monday 17 August 2020 12:30 PM IST

അവനൊരു സ്കൂൾ വിദ്യാർത്ഥിയല്ലേ ഇത്രയും പൈസ കൊടുക്കണോ?

V R Jyothish

Chief Sub Editor

Ar


‘നിർ‍മ്മാതാവ് തരംഗിണി ശശി എന്നോടു ചോദിച്ചു. അവനൊരു പയ്യനല്ലേ അവന് ഇത്രയും പൈസ കൊടുക്കണോ?

ഞാൻ പറഞ്ഞു, ‘അവനൊരു പയ്യനാണെങ്കിലും അവന്റെ സംഗീതത്തിനു നല്ല വില കൊടുക്കണം.’

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ ഔസേപ്പച്ചനാണ് മുപ്പതു വർഷം മുമ്പു നടന്ന ആ സംഭവം ഓർക്കുന്നത്.

അന്ന് ഔസേപ്പച്ചൻ പറഞ്ഞതിന്റെ പൊരുൾ ശശിക്ക് മനസിലായത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്. ശശിക്കു മാത്രമല്ല അന്ന് കൂട്ടത്തിലുണ്ടായിരുന്ന പലർക്കും.

പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണുപോയ്.... എന്ന പാട്ട് ഇന്നും പുതുമയോടെ ആൾക്കാർ കേൾക്കുന്നു. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ – മമ്മൂട്ടി ചിത്രം നമ്പർ 20 മദ്രാസ് മെയിലിലെ പാട്ടാണിത്. ഈ പാട്ടിന്റെ കംപോസിങ് വേളയിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.

കംപ്യൂട്ടർ ചിപ്പ് ഘടിപ്പിച്ച കീബോർഡുകൾ വരുന്നതിനു മുമ്പുള്ള കാലം. ഈ പാട്ടിന്റെ സംഗീതസംവിധായകനായ ഔസേപ്പച്ചന് കീബോർഡ് വായിക്കാൻ ഒരു പയ്യൻ വരുന്നു. േപര് ദിലീപ്.

ചെന്നൈയിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിങ്. സംവിധായകൻ ജോഷി, എഴുത്തുകാരൻ ഡെന്നീസ് ജോസഫ്, നിർമ്മാതാവ് തരംഗിണി ശശി എല്ലാവരുമുണ്ടായിരുന്നു അവിടെ. സ്കൂൾ യൂണിഫോമിലാണ് പയ്യന്റെ വരവ്. ഒരു ട്രൗസറായിരുന്നു ഇട്ടിരുന്നത്. സ്വന്തം കീബോർഡുമായാണ് വന്നത്. അവിടെ താരങ്ങൾ ഉൾപ്പെടെ വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നെങ്കിലും അതിലൊന്നും ശ്രദ്ധിക്കുന്നില്ല. നേരെ വന്ന് ഓർഗസ്ട്രേഷൻ മുറിയിലേക്കു കയറി. ശ്രദ്ധ മ്യൂസിക്കിൽ മാത്രം. വന്ന ഉടനെ ജോലി തുടങ്ങി. അയാളുടെ കൈയിലുണ്ടായിരുന്നത് ഒന്നിലധികം ഉപകരണങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ കഴിയുന്ന കീബോർഡാണ്. അന്നത്തെ സാങ്കേതിക വിദ്യയിൽ ഏറ്റവും പുതിയത്. അതുകൊണ്ട് വയലിനിസ്റ്റുകളെ മാത്രമാണ് ആ പാട്ടിന്റെ സംഗീതസംവിധായകനായ ഔസേപ്പച്ചന് പുറത്തു നിന്നു വിളിക്കേണ്ടി വന്നത്.

അന്ന് സ്കൂൾ യൂണിഫോമിൽ വന്ന പയ്യനാണ് പിന്നീട് എ. ആർ. റഹ്മാനായത് എന്ന് പറയേണ്ടതില്ലല്ലോ?

‘സംഗീത രംഗത്ത് ഉണ്ടാകുന്ന പുതിയ സാങ്കേതികകാര്യങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണു ഞാൻ. അങ്ങനെയാണ് ദിലീപിനെക്കുറിച്ചും അയാളുടെ കൈയിൽ ഇതുപോലെ ഒരു കീബോർഡുണ്ട് എന്നുമൊക്കെ അറിയുന്നത്. എന്നോടൊപ്പം മൂന്നാലു സിനിമകളിൽ റഹ്മാൻ ജോലി ചെയ്തിട്ടുണ്ട്. ആദ്യ ദിവസം തന്നെ വളരെ ക്രിയേറ്റീവായ ഒരു കലാകാരനാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു റഹ്മാന്റെ പ്രകൃതം. ആത്മാർത്ഥതയായിരുന്നു കൈമുതൽ. പ്രായത്തിനെക്കാൾ കൂടുതൽ പക്വതയോടെയായിരുന്നു പെരുമാറ്റം. നന്നായി എന്നു സ്വയം തോന്നുന്നതു വരെ ജോലി ചെയ്തിരുന്നു. അതിനൊരു മടിയും കാണിച്ചില്ല. ആ പാട്ടു കേൾക്കുന്നവർക്ക് അത് മനസിലാവും.’ ഔസേപ്പച്ചൻ പറയുന്നു.

അന്നത്തെക്കാലത്ത് ഏറെ പുതുമയുള്ള പാട്ടായിരുന്നു പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം.....’ അതിൽ യുവത്വത്തിന്റെ ആഘോഷവും ഉത്സാഹവുമൊക്കെയുണ്ടായിരുന്നു. ഒരു സസ്പെൻസ് ക്രൈം ത്രില്ലറാണ് സിനിമയുടെ കഥ. മാത്രമല്ല മലയാള സിനിമയ്ക്ക് അന്നോളം പരിചയമില്ലാത്ത ഒരു ട്രാവൽ േസ്റ്റാറിയും. ഒരു തീവണ്ടിയാത്രയും അതിലെ യാത്രക്കാരുമൊക്കെയാണ് കഥാസന്ദർഭങ്ങൾ.

അതുകൊണ്ടുതന്നെ പരമ്പരാഗത ശൈലിയിൽ നിന്നു വ്യത്യസ്തമായി വെേസ്റ്റൺ ശൈലിയാണ് സംഗീതത്തിൽ പിന്തുടർന്നത്. അതുകൊണ്ടായിരിക്കണം ഇന്നും ആ പാട്ട് യുവാക്കളുടെ പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ പാട്ട് ഇറങ്ങി ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം മറ്റൊരു സിനിമയിലും ഉപയോഗിച്ചു ഉപയോഗിച്ചും മറ്റൊരു പ്രത്യേകത. യുവാക്കളുടെ ആഘോഷത്തിന്റെ കഥ പറഞ്ഞ ഹസ്ബന്റ്സ് ഇൻ ഗോവ എന്ന സിനിമയ്ക്കുവേണ്ടിയാണ് എം.ജി. ശ്രീകുമാർ ഈ പാട്ട് വീണ്ടും പാടിയത്. ആ സംഭവത്തെക്കുറിച്ച് ഔസേപ്പച്ചൻ പറഞ്ഞു; ‘ചില പാട്ടുകൾ റീമിക്സ് ചെയ്ത വീണ്ടും വരാറുണ്ടല്ലോ? പല പാട്ടിന്റെയും ആത്മാവിനെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് റീമിക്സ് നടത്തുന്നത്. ചുരുക്കം ചില പാട്ടുകൾ നന്നാവാറുണ്ട്. ഒരിക്കൽ എം. ജി. ശ്രീകുമാർ എന്നെ വിളിച്ചിട്ടു പറഞ്ഞു. ‘ഹസ്ബൻസ് ഇൻ ഗോവ ’ എന്ന പേരിൽ ഒരു സിനിമ വരുന്നു. ശ്രീകുമാറാണ് അതിന്റെ മ്യൂസിക്. ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...’ റീമിക്സ് ചെയ്ത് ഉപയോഗിക്കാൻ അവർക്ക് താത്പര്യമുണ്ട്. പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ ആ പാട്ടു ചെയ്യാം എന്നാണ് ശ്രീകുമാർ പറഞ്ഞത്. ആ പാട്ടു പാടിയത് ശ്രീകുമാർ ആയതുകൊണ്ടും ശ്രീകുമാറിൽ എനിക്ക് വിശ്വാസം ഉള്ളതുകൊണ്ടും ഞാൻ സമ്മതിച്ചു. പാട്ടിന്റെ റിക്കോർഡിങ് സമയത്ത് ശ്രീകുമാർ എന്നെ വിളിച്ചിട്ടു പറഞ്ഞു; ഞാൻ റീമിക്സ് ചെയ്ത പാട്ടും പഴയ പാട്ടും പലരെയും കേൾപ്പിച്ചു. അവർ പറയുന്നത് എന്റെ റീമിക്സാണ് പഴയ പാട്ടെന്നാണ്...അതുകൊണ്ട് ഞാൻ ആ പാട്ട് അതുപോലെ ഇങ്ങ് എടുക്കുവാ..’ ശ്രീകുമാർ പറഞ്ഞത് ആ പാട്ടിനുള്ള അംഗീകാരമായി ഞാൻ കാണുന്നു. പിന്നീട് ട്രാക്കിൽ മാത്രം ചെറിയ മാറ്റം വരുത്തി ശ്രീകുമാർ ആ പാട്ട് ഉപയോഗിച്ചു ’

മറ്റൊരു പ്രതിഭയുടെ ജനനത്തിനും പിച്ചകപ്പൂങ്കാവുകൾ സാക്ഷ്യം വഹിച്ചു. ആ പാട്ടിൽ വിദ്യാസാഗറായിരുന്നു ഔസേപ്പച്ചന്റെ അസിസ്റ്റന്റ്്. കംപോസിങ് നടന്നത് വിദ്യാസാഗറിന്റെ മേൽനോട്ടത്തിലാണ്. ‘സാഗറിൽ ഉള്ള സംഗീതപ്രതിഭയെ അന്നേ തിരിച്ചറിയാൻ എനിക്കു കഴിഞ്ഞിരുന്നു. റഹ്മാന്റെ കാര്യം പറഞ്ഞതുപോലെ ആത്മാർത്ഥത സാഗറിനും വേണ്ടുവോളം ഉണ്ടായിരുന്നു. കാണുമ്പോഴൊക്കെ ഈ പാട്ടിന്റെ റിക്കോർഡിങ് അനുഭവങ്ങൾ സാഗർ പറയാറുണ്ട്.’ ഔസേപ്പച്ചൻ പറയുന്നു.

പുതിയ സംഗീതാനുഭവമായിരുന്നെങ്കിലും ആ പാട്ടിലെ വരികൾ തികച്ചും ഗ്രാമ്യമായിരുന്നു. അതിനെക്കുറിച്ച് ഓസേപ്പച്ചൻ ഇങ്ങനെ പറഞ്ഞു;

‘ഈ പാട്ടിന്റെ ഹൈലൈറ്റ് അതിന്റെ വരികളാണ് എന്നാണ് എനിക്കു തോന്നുന്നത്. അത്രയ്ക്കും ഇമേജറി ആ വരികളിൽ വന്നിട്ടുണ്ട്. മാത്രമല്ല ഗ്രാമ്യമല്ലാത്ത ഒരു വാക്കു പോലും ഉപയോഗിച്ചിട്ടുമില്ല. ഷിബു ചക്രവർത്തിയാണ് എഴുതിയത്. ആ സിനിമയുടെ സ്ക്രിപ്റ്റുമായി ഷിബുവിന് ബന്ധമുണ്ടായിരുന്നു. ഡെന്നീസ് ജോസഫുമായി ഷിബു സഹകരിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. അതുകൊണ്ട് തന്നെ കഥയും കഥാസന്ദർഭവുമൊക്കെ ഷിബുവിന് നന്നായി അറിയാമായിരുന്നു.ഈ പാട്ടുമായി ബന്ധപ്പെട്ട മറ്റൊരു ഓർമ്മ ഓ. എൻ.വി സാറാണ്. മദ്രാസിൽ ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തായിരുന്നു ഓ. എൻ.വി സാർ താമസിച്ചിരുന്നത്. വേറൊരു സിനിമയ്ക്ക് പാട്ടെഴുതാനാണ് അദ്ദേഹം വന്നത്. സാറിനോടുള്ള ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടും ആരും അദ്ദേഹത്തെ ശല്യപ്പെടുത്താനൊന്നും പോവില്ല. ഒരു ദിവസം ഷിബുവിെന അദ്ദേഹം മുറിക്കു പുറത്തു വച്ച് കണ്ടു. നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയ്ക്ക് പാട്ടെഴുതാനാണ് വന്നതെന്ന് ഷിബു പറഞ്ഞു. അപ്പോഴേക്കും പാട്ടിന്റെ മ്യൂസിക് റെഡിയായിരുന്നു. ഷിബു സാറിനെ മ്യൂസിക് കേൾപ്പിച്ചു. ഈ മ്യൂസിക്കിന് പാട്ടെഴുതുന്ന തന്നെ സമ്മതിക്കണം എന്നാണ് അദ്ദേഹം ഷിബുവിനോടു പറഞ്ഞത്. ഷിബു അതൊരു പ്രചോദനമായി ഉൾക്കൊണ്ടു. അങ്ങനെയാണ് ആ വരികൾ പിറന്നത്.’

പാട്ടിലെ വരികളെ മനോഹരമായി തന്നെ ജോഷി ചിത്രീകരിക്കുകയും ചെയ്തു. അതും ഒരു തീവണ്ടിമുറിയുടെ പരിമിതികളിൽ നിന്നുകൊണ്ട്. മോഹൻലാലും ജഗദീഷും മണിയൻ പിള്ള രാജുവും ആ സീനിൽ ആടിപ്പാടിയപ്പോൾ മമ്മൂട്ടിയും എം.ജി. സോമനും സുചിത്രയുമൊക്കെ ആ സീനിൽ സാന്നിധ്യങ്ങളായി.

ചില പാട്ടുകൾ കാലത്തെ തോൽപ്പിച്ചു കൊണ്ടിരിക്കും. എന്നാൽ ചില പാട്ടിന്റെ അണിയറയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കും. അങ്ങനെ ചരിത്രം സൃഷ്ടിച്ച ഒരു പാട്ടാണ് പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം..



പാട്ടു കേൾക്കാൻ ഇവിടെ



‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം

പവൻ അത്രയും ഉരുകി വീണുപോയ്

പിച്ചള കുണുക്കുമിട്ടു വിൺരഥം

കടന്നിത്ര വേഗം എങ്ങു മാഞ്ഞുപോയ്


നീലനഭസ്സിൻ മേഘപടത്തിൽ

മേലെ നിന്നിന്നുടഞ്ഞു

വീണു താഴികക്കുടം


വീണുടഞ്ഞ താഴികക്കുടം

ആരുരുക്കി മാല തീർത്തുവോ (2)


തീരങ്ങളിൽ തീർത്ത മൺകൂരയിൽ

തീയൂതിയൂതിയൂതി പൂന്തെന്നലോ

ആഴി തൻ കൈകളോ ആവണി

പൈതലോ ആരു പൊൻആലയിൽ

തീർത്തു മിന്നും പതക്കങ്ങൾ (പിച്ചക)


കോടമഞ്ഞിൻ കോടി അഴിഞ്ഞു.

താഴ്‍വരകൾ രാവിൽ ഉണർന്നു. (2)


താരങ്ങളാം ദീപനാളങ്ങളിൽ

ആറാടും മേലേ വാനിൻ പൂവാടിയിൽ

വാരൊളി തിങ്കളിൽ തോണിയിൽ വന്നവൾ

ആരു പൊൻ താരക റാണിയോ..ജം. ജം. ജം...

(‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം)



Tags:
  • Movie Review
  • Movies