ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. ജീവിത സാഹചര്യങ്ങൾ മാറുന്നുണ്ടാകാം, എല്ലാം മറന്ന് ചിരിക്കാനും നമ്മൾ ശ്രമിക്കുന്നുണ്ടാകാം പക്ഷേ ഒരായുഷ്ക്കാലത്തിന്റെ മുഴുവൻ വേദന സമ്മാനിച്ചാകും നമ്മുടെ പ്രിയപ്പെട്ടവരെ വിധി തട്ടിയെടുക്കുന്നത്.
സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന്‍ ബിജിപാലിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ നല്ല പാതിയെ വിധി തട്ടിയെടുത്തു. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിപാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്.
കാലഭേദങ്ങൾ കടന്നു പോകുമ്പോഴും ബിജിപാല്‍ ജീവിക്കുന്നത് ഭാര്യ ശാന്തിയുടെ ഓർമ്മകളുടെ വേലിയേറ്റങ്ങൾക്കൊപ്പമാണ്. ബിജിപാലിന്റെ ഹൃദയത്തിൽ നിന്നുതിരുന്ന സംഗീതത്തിൽപ്പോലും ആ ഓർമ്മകൾ നിഴലു പോലെ നിൽക്കുന്നത് ആസ്വാദകർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ 22 ആം വിവാഹവാർഷികത്തിൽ ഹൃദ്യമായ ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് ബിജിബാൽ. ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ലയകോടിഗുണം ഗാനം 22 വർഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന കുറിപ്പോടെ ബിജിബാൽ പങ്കിട്ട ചിത്രം ആരാധകർക്കു നൊമ്പരക്കാഴ്ചയായി.
ബിജിബാലിന്റെ ഭാര്യ ശാന്തി മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്നാണ് അന്തരിച്ചത്.