Wednesday 19 August 2020 04:09 PM IST

ക്ലാരയുടെയും സോഫിയയുടെയും സംഗീതം; എവർഗ്രീൻ ജോൺസൺ ടച്ച്... പശ്ചാത്തല സംഗീതത്തിലും...

V N Rakhi

Sub Editor

jpgubjbvjbt

പാട്ടുകൾ പോലെത്തന്നെ നമുക്കു പ്രിയപ്പെട്ടവയാണ് ജോൺസൺ മാസ്റ്റർ ഒരുക്കിയ പശ്ചാത്തലസംഗീതങ്ങളും...

സത്യസന്ധമാകണം സംഗീതം അത് നിർബന്ധമായിരുന്നു ജോൺസൺ മാസ്റ്റർക്ക്. പാട്ടുകൾ പോലെ, ഒരുപക്ഷേ അതിലുമേറെ അദ്ദേഹം ചെയ്ത ബാക്ഗ്രൗണ്ട് സ്കോറുകൾ ഇന്നും നമ്മളെ അതിശയിപ്പിക്കുന്നതും അതുകൊണ്ടു തന്നെ. ഒരു മുഴുനീള ഗാനത്തിന് ഈണമുണ്ടാക്കാൻ എടുക്കുന്നത്രയും തന്നെ ആത്മാർപ്പണത്തോടെയാണ് മാസ്റ്റർ ഓരോ ബാക്ഗ്രൗണ്ട് സ്കോറും ഒരുക്കിയത്. 

സംഗീതസംവിധാനം മറ്റു സംഗീതസംവിധായകരായാൽ പോലും പശ്ചാത്തലസംഗീതം ഒരുക്കാനായി മാത്രം ഭരതനും പത്മരാജനും സിബിമലയിലും പ്രിയദർശനുമൊക്കെ ജോൺസൺ മാസ്റ്ററെ വിളിച്ചിരുന്നു. യാതൊരു ഈഗോയുമില്ലാതെ അദ്ദേഹം ആ ക്ഷണങ്ങൾ സ്വീകരിച്ചു. ചിത്രങ്ങളിലെ പാട്ടുകൾക്കൊപ്പം മനസ്സിൽ തങ്ങുന്ന ഈണങ്ങളാക്കി ഓരോ മ്യൂസിക്കല്‍ പീസും. വന്ദനത്തിലെ പ്രശസ്തമായ ലാലാ ലല... എന്നു തുടങ്ങുന്ന പശ്ചാത്തലസംഗീതം ഇന്നും എവർഗ്രീൻ റൊമാന്റിക് ബിജിഎം ആണ്. വന്ദനത്തിനായി ഔസേപ്പച്ചൻ ഒരുക്കിയ പാട്ടുകൾക്കൊപ്പം നിൽക്കുന്നതാണ് ജോൺസൺ മാസ്റ്ററുടെ ഈ ബിജിഎം. ആ ഹമ്മിങ് പാടി അനശ്വരമാക്കിയ ഗായിക ലതിക ഓർക്കുന്നു: 

‘ജോൺസൺ മാസ്റ്റർ പശ്ചാത്തല സംഗീതമൊരുക്കുന്നത് ശരിക്കും കണ്ടറിയേണ്ടതു തന്നെയാണ്. അന്നൊക്കെ റീലുകളായിട്ടാണല്ലോ സിനിമ. റീലിട്ട് ഓരോ സീനും ശ്രദ്ധയോടെ കാണും. എവിടെയെല്ലാം പശ്ചാത്തലസംഗീതം ആവശ്യമുണ്ട് എന്നു മനസ്സിലാക്കും. റീലിൽ അവിടെയെല്ലാം അടയാളമിട്ടു വയ്ക്കും. ഉടനെ നൊട്ടേഷൻ തയാറാക്കി നൽകും. ഏതൊക്കെ സംഗീതോപകരണങ്ങൾ വേണം എന്നു തീരുമാനിക്കും. വളരെ പെട്ടെന്നാണ് ഓരോ ഹമ്മിങ്ങും ഉണ്ടാക്കുന്നത്. പത്ത് മിനിറ്റ് പോലും വേണ്ട. അപ്പോൾത്തന്നെ റെക്കോർഡിങ്ങും ചെയ്യും. ഓരോ ദിവസവും നാല് റീലൊക്കെ വച്ച് തീർക്കും.’

johnvf7788

ക്ലാരയുടെ, സോഫിയയുടെ സംഗീതം

ജോൺസൺ മാസ്റ്ററുടെ പശ്ചാത്തലസംഗീതത്തെ പുതുതലമുറ സ്നേഹിക്കുന്നത് തൂവാനത്തുമ്പികളിലൂടെയും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലൂടെയുമൊക്കെയാണ്. മഴ പോലെ പെയ്യുന്ന ക്ലാരയുടെ പ്രണയത്തിനും രാധയുടെ നിഷ്ക്കളങ്കമായ അനുരാഗത്തിനും അദ്ദേഹം നൽകിയത് തികച്ചും വ്യത്യസ്തമായ സംഗീതഭാവങ്ങൾ. രണ്ടും ഒരുപോലെ മനസ്സിൽത്തൊടുന്നവ. പിയാനോ, വയലിൻ, ഫ്ലൂട്ട് തുടങ്ങി  വ്യത്യസ്തമായ ഉപകരണങ്ങളുടെ വെർഷനുകളിൽ  നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ആ മ്യൂസിക്കൽ ബിറ്റ്സ് അദ്ദേഹം അനശ്വരമാക്കി. 

ജോൺമാസ്റ്ററുടെ പാട്ടുകളും പശ്ചാത്തല സംഗീതവും മാറ്റിനിർത്തിയാൽ സത്യൻ അന്തിക്കാട് സിനിമകളിലെ നാടൻ അന്തരീക്ഷത്തിനും കോമഡിക്കും ഇത്രയും ഒറിജിനാലിറ്റി  ഉണ്ടാവില്ല എന്ന കാര്യത്തിൽ സംശയമില്ല. നമ്മളെ കുടുകുടെ ചിരിപ്പിച്ചതിൽ മേലേപ്പറമ്പിൽ ആൺവീടിലെ പശ്ചാത്തലസംഗീതത്തിനും വലിയൊരു പങ്കുണ്ട്. ഓരോ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിനായി എത്ര രസകരമായിട്ടാണ് അദ്ദേഹം ഓരോ സംഗീതോപകരണവും ഉപയോഗിച്ചിരിക്കുന്നത്! തമാശ സീനുകൾ ഒരുപാടുള്ള സിനിമയിൽ കോമഡിക്ക് വ്യത്യസ്തമായ ഈണങ്ങളാണ് നൽകിയിരിക്കുന്നത്. 

വീണയിൽ തെളിഞ്ഞ ബ്രില്യൻസ് 

പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ അദ്ദേഹത്തിന്റെ ബ്രില്യൻസിനു തെളിവായി ഒരൊറ്റ പടം മാത്രം മതി. പ്രസന്നനാദമുതിർക്കുന്ന വീണയുപയോഗിച്ച് ഭീകരത സൃഷ്ടിക്കുന്ന ആ ബ്രില്യൻസാണ് മണിച്ചിത്രത്താഴിൽ നമ്മൾ അനുഭവിച്ചറിഞ്ഞത്. തബലയും വീണയും വയലിനും മൃദംഗവും കൊണ്ട് ശുദ്ധസംഗീതത്തിലൂടെ മനസ്സിൽ ഭയം ജനിപ്പിക്കുന്നതെങ്ങനെ എന്നു കാണിച്ചു തരികയായിരുന്നു മാസ്റ്റർ. സുകൃതത്തിനു വേണ്ടി മാസ്റ്റർ ഒരുക്കിയ പശ്ചാത്തല സംഗീതം അദ്ദേഹത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്തപ്പോൾ മലയാളത്തിന് അങ്ങനെയൊരു അവാർഡ് ആദ്യമായിട്ടായിരുന്നു. 

തൂവാനത്തുമ്പികൾ, അമരം, കേളി, താഴ്‌വാരം, വെങ്കലം, തനിയാവർത്തനം, അരയന്നങ്ങളുടെ വീട്, ഭരതം, കമലദളം, ചിത്രം, ധനം, കാരുണ്യം, കാണാക്കിനാവ്, മായാമയൂരം, താളവട്ടം, ആര്യൻ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഴിരണ്ടിലും, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഒറ്റയാൾ പട്ടാളം എന്നിവ അദ്ദേഹം പശ്ചാത്തലസംഗീതം മാത്രമൊരുക്കിയ ചിത്രങ്ങളിൽ ചിലവ മാത്രം. പാട്ടിലെ ലാളിത്യം പോലെത്തന്നെ ആവശ്യമില്ലാത്ത ബഹളങ്ങൾ മാസ്റ്ററുടെ പശ്ചാത്തല സംഗീതങ്ങളിലും കടന്നു കൂടിയില്ല. നിശബ്ദത കൊണ്ടു പോലും സീനുകൾക്ക് ആവശ്യമായ വൈകാരികത നൽകാനുള്ള മാജിക് അദ്ദേഹത്തിന് അറിയാമായിരുന്നു.  

Tags:
  • Movies